Image

സരിതയെ മഹാറാണിയായി വാഴിക്കുന്ന ദൃശ്യമാധ്യമങ്ങളുടെ പൊറാട്ടു നാടകങ്ങള്‍

അനില്‍ പെണ്ണുക്കര Published on 03 December, 2015
സരിതയെ മഹാറാണിയായി വാഴിക്കുന്ന ദൃശ്യമാധ്യമങ്ങളുടെ പൊറാട്ടു നാടകങ്ങള്‍
പാവം ഉമ്മന്‍ചാണ്ടി. എന്തെല്ലാം കേള്‍ക്കണം. സരിതയുമായി അടച്ചിട്ട മുറിയില്‍ എന്തായിരുന്നു സംഭാഷണം. അവിടെ മറ്റു വല്ലതും സംഭവിച്ചിരിക്കുമോ.. എന്നൊക്കെ ഉള്ള സംശയങ്ങളാണ് നമ്മുടെ എല്ലാ ചാനലുകള്‍ക്കും. ഇന്ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നു, ആരോപണം തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന്.

അതൊക്കെ അദ്ദേഹത്തിന്റെ മനസ . ഇതിനു മുന്‍പ് ഈ കോരന്‍ കുമ്പിളില്‍ കഞ്ഞി കുടിച്ചിട്ടില്ല പിന്നെയാ നാളത്തെ കാര്യം. പറഞ്ഞു വരുന്നത് നമ്മുടെ ചാനലുകളുടെ കാര്യമാണ്. ചാനലുകള്‍ ധാര്‍മികതയുടെ സകല സീമകളും ലംഘിച്ചാണ് സരിതയെയും ബിജു രാധാക്രിഷ്‌നനെയുമൊക്കെ സെലിബ്രിറ്റി പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത്.

നെഗറ്റീവ് വാര്‍ത്തകളെ സെന്‍സേഷനലാക്കി മലയാളിയുടെ മനോവൈകൃതങ്ങളെ ചൂഷണം ചെയ്യുകയും ആഴത്തില്‍ പരിക്കേല്‍പ്പിക്കുകയുമാണ് പലപ്പോഴും ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നത്. ഇന്നും നാളെയും അത് തുടരുന്നു.

നമ്മുടെ തനിമയെയും സംസ്‌കാരത്തെയും എത്രത്തോളം ഭീകരമായാണ് ചാനലുകള്‍ ദയാവധം നടത്തിക്കൊണ്ടിരിക്കുന്നതെന്നത് പഠന വിധേയമാക്കേണ്ടതാണ്. പരിപക്വമായ സമൂഹിക പരിസരത്ത് പ്രസരിപ്പിക്കാവുന്ന തരത്തിലുള്ള കുടുംബ റിയാലിറ്റി ഷോകളല്ല ഇപ്പോള്‍ ചാനലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബ സീരിയലുകളെന്ന പേരില്‍ തള്ളുന്ന മാലിന്യം മലയാളി കുടുംബങ്ങളിലുണ്ടാക്കുന്ന അന്തഃഛിദ്രങ്ങള്‍ നിരവധിയാണ്. ഒരു നാടിനോട് നേരിട്ട് സംവദിക്കുന്നവര്‍ തന്നെ ഇത്തരം ചെളികള്‍ തെറിപ്പിക്കുമ്പോള്‍ അത് മലിനമാക്കുന്ന സാസ്‌കാരിക പരിധികള്‍ അളന്നു തിട്ടപ്പെടുത്താനാവില്ല.

ജനകീയ പ്രശ്‌നങ്ങള്‍ അവിടെ നില്‍ക്കട്ടെ, നേരം വെളുക്കുവോളം ചര്‍ച്ച ചെയ്ത് തീര്‍ക്കാന്‍ ഭൂമി മലയാളത്തില്‍ ആവോളം സമസ്യകള്‍ നിലനില്‍ക്കുമ്പോള്‍ സരിതയുടെ ശബ്ദമായി അടിമപ്പെടുന്നത് ഒരു സമൂഹത്തിന്റെ പ്രബുദ്ധതയെ തന്നെ കരിവാരിത്തേക്കുകയല്ലേ

കേരളത്തിലെ ഒരു പ്രധാന തട്ടിപ്പു കേസിലെ പ്രതി എന്നതിലുപരി സരിതക്ക് എന്തു യോഗ്യതയാണ് ചാനല്‍ ഡെസ്‌കുകളിലെ പ്രമുഖര്‍ പതിച്ചു നല്‍കുന്നത്.

ചാനല്‍ വെളിച്ചങ്ങളില്‍ സരിതമാര്‍ വാഴിക്കപ്പെടുമ്പോള്‍ മനഃശാസ്ത്രപരമായി എത്ര സരിതമാര്‍ അണിയറകളില്‍ ഒരുങ്ങുന്നുണ്ടാവണം. സരിതയെപ്പോലെ ആവാന്‍ കൊതിച്ചുപാകുന്ന, ഓട്ടോഗ്രാഫ് പോലും വാങ്ങാവുന്ന താരപരിവേഷം പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടാകും. മലയാളി മങ്കമാരുടെ പ്രതീകമായി സരിതയെ അവതരിപ്പിക്കുമ്പോള്‍ സദാചാര നിഷ്ഠമായ സമൂഹത്തെയാണ് വെല്ലുവിളിക്കുന്നത്. തിന്‍മകളെ എപ്രകാരമാണ് വളര്‍ത്തിക്കൊണ്ടു വരികയെന്ന് മനസ്സിലാക്കാന്‍ ദൃശ്യമാധ്യമങ്ങളുടെ ഇത്തരം പൊറാട്ടുനാടകങ്ങള്‍ വീക്ഷിച്ചാല്‍ മതിയാകും. ഈ സാമൂഹിക പരിസരത്താണ് സദാചാരം'എന്നത് അശ്ലീല പദമായി അനുഭവപ്പെടുക.

ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി നടക്കുന്ന ഒരാള്‍ തന്റൈ നഗ്‌നത പരസ്യമായി അപ്ലോഡ് ചെയ്യുന്നു. അത് ഏറ്റെടുക്കാന്‍ മീഡിയകള്‍ ആസൂത്രിതമായി മത്സരിക്കുന്നു. ചാനലുകളും സരിതമാരും വിജയിക്കുമ്പോള്‍ പരാജയപ്പെടുന്നത് ആരാണ്
സംശയമെന്ത്, പ്രബുദ്ധ പൊതു സദാചാര സമൂഹം തന്നെ. സദാചാരത്തിന്റെ തീക്ഷ്ണ പരിച്ഛേദങ്ങള്‍ കണ്ടു വളര്‍ന്ന തലമുറയാണ് കേരളത്തേേിന്റത്. വൃത്തിയിലും വെടിപ്പിലും വസ്ത്രത്തിലും സംസ്‌കാരത്തിലും സംസാരത്തിലുമെല്ലാം തനിമകള്‍ നിലനിര്‍ത്തിയിടത്ത് നിന്ന് ഇലകള്‍ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു.

തലമുറകള്‍ തമ്മിലുള്ള അന്തഃസംഘര്‍ഷങ്ങളില്‍ ചില മൂല്യങ്ങളൊക്കെ നഷ്ടപ്പെടുന്നത് സ്വാഭാവികമായ ജനറേഷന്‍ ഗ്യാപ്പെന്ന് പൊതുവെ പറഞ്ഞു കൈകഴുകാറുണ്ട്. എന്നാല്‍ സാംസ്‌കാരികമായും സാമൂഹികമായും രാഷ്ട്രീയമായും ഒരു നാട് നേടിയെടുത്ത പ്രബുദ്ധ വസന്തങ്ങള്‍ മുച്ചൂടും ചുരുങ്ങി ഉണങ്ങിപ്പോകുന്നത് ഭീതിദമാണ്. അത്തരം സുഖകരമല്ലാത്ത കാഴ്ചകളാണ് നവ കേരളത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നത്.

ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തമാകുന്ന മൂല്യശോഷണം കണ്ടില്ലെന്നു നടിക്കാനാവില്ല. കഴിഞ്ഞ ദിവസം കേരളത്തില്‍ കുട്ടികള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചു ഒരു വാര്‍ത്ത വന്നു. ഒരു ചാനലും അത് ചര്‍ച്ചയാക്കാന്‍ തയാറായില്ല. എന്നാല്‍ കൗതുകകരമെന്ന് പറയട്ടെ, പരിപാലിക്കേണ്ട വേലികള്‍ തന്നെ ഇവിടെ വിളവ് തിന്നുകയാണ്.

വന്ദ്യവയോധികനായ ഒരു കലാകാരന്‍ ജീന്‍സ് പെണ്‍കുട്ടികളുടെ ശാലീനതക്കിണങ്ങുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഉറഞ്ഞു തുള്ളി അദ്ദേഹത്തെ സീറോ ആക്കിയവരാണ് നഗ്‌ന ദൃശ്യങ്ങളുടെ പേരിലും ഇല്ലാത്ത വീഡിയോയുടെ പേരിലും സരിതയെ മഹാറാണിയായി വാഴിക്കുന്നത് .. 
സരിതയെ മഹാറാണിയായി വാഴിക്കുന്ന ദൃശ്യമാധ്യമങ്ങളുടെ പൊറാട്ടു നാടകങ്ങള്‍
Join WhatsApp News
Mohan Parakovil 2015-12-04 14:36:29
സരിത നായർ ഒരു സീരിയൽ നടിയായി
പ്രത്യക്ഷപ്പെട്ടേക്കാം .  മാദകത്വം
തുളുമ്പി നില്ക്കുന്ന  ആ രൂപം മണ്ടൻ
മലയാളിയെ മയക്കാൻ പോന്നതാണെന്ന്
ഒരു സീരിയൽ നിര്മ്മതാവും സംവിധായകനും ചിന്തിച്ചാൽ ശേഷം മിനി തിരയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക