Image

`ഞങ്ങള്‍ക്കിതു പുനര്‍ജ്ജന്മം' ഉല്ലാസയാത്ര ദുരന്തത്തില്‍ കലാശിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ല

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 19 January, 2012
`ഞങ്ങള്‍ക്കിതു പുനര്‍ജ്ജന്മം' ഉല്ലാസയാത്ര ദുരന്തത്തില്‍ കലാശിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ല
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ഇറ്റലിയിലെ ജിഗ്ലിയോ ദ്വീപിനടുത്തു കഴിഞ്ഞ വെള്ളിയാഴ്‌ച പാറയിലിടിച്ചു മധ്യധരണ്യാഴിയില്‍ മുങ്ങിയ ഉല്ലാസക്കപ്പലായ കോസ്റ്റ കോണ്‍കോര്‍ഡിയയില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ട്‌ ആല്‍ബനിയിലെ സ്വഭവനത്തില്‍ തിരിച്ചെത്തിയ ജോആന്‍ ഫ്‌ളസര്‍-ബ്രയാന്‍ അഹോ ദമ്പതികളുടെ കണ്ണുകളില്‍ ഇപ്പോഴും ഭീതിയുടെ നിഴലാട്ടം.

ഡ്വയ്‌ന്‍സ്‌ബര്‍ഗില്‍ താമസക്കാരായ ബ്രയാന്‍ അഹോയും ഭാര്യ ജോആന്‍ ഫ്‌ളസറും മകള്‍ എലേനയും ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ്‌ ഈ ഇറ്റാലിയന്‍ ഉല്ലാസയാത്രക്ക്‌ പുറപ്പെട്ടത്‌. പക്ഷേ, ആ ഉല്ലാസയാത്ര ഇങ്ങനെയൊരു ദുരന്തത്തില്‍ കലാശിക്കുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന്‌ ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ചൊവ്വാഴ്‌ച ആല്‍ബനി വിമാനത്താവളത്തിലെത്തിയ ഈ കുടുംബം പറഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയതില്‍ ദൈവത്തോട്‌ നന്ദി പറയുകയാണെന്ന്‌ ദുരന്തത്തിന്റെ ആഘാതം നിഴലിക്കുന്ന മുഖത്തോടെ ബ്രയാന്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു 4200 യാത്രക്കാരും ജോലിക്കാരുമടക്കം ഈ ആഢംബര കപ്പല്‍ ഇറ്റലിയില്‍ നിന്ന്‌ യാത്രതിരിച്ചത്‌. രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു വലിയ ശബ്ദം കേട്ടതായും പ്ലേറ്റുകളെല്ലാം ഒരു വശത്തേക്ക്‌ തെറിച്ചുപോകുകയും ചെയ്‌തു. തുടര്‍ന്ന്‌ ലൈറ്റുകള്‍ അണഞ്ഞതോടെ എല്ലാവരും ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. `മറ്റൊരു ടൈറ്റാനിക്‌' ദുരന്തമാണോ സംഭവിക്കുന്നതെന്ന്‌ ഓര്‍ത്തുകൊണ്ടിരിക്കുമ്പോഴേക്കും എല്ലാവരും തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. ഒടുവില്‍ കപ്പലിന്റെ മുകളിലെ ഡക്കില്‍ എത്തിയപ്പോള്‍ ജനറേറ്റര്‍ പ്രോബ്ലം ആണെന്നുള്ള?അനൗണ്‍സ്‌മെന്റ്‌ കേട്ടു. പക്ഷെ, കപ്പല്‍ ഒരു വശത്തേക്ക്‌ ചെരിയുന്നു എന്ന്‌ മനസ്സിലാക്കിയ യാത്രക്കാര്‍ വീണ്ടും ബഹളമുണ്ടാക്കുകയും രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എങ്ങനേയും ലൈഫ്‌ ജാക്കറ്റ്‌ കൈക്കലാക്കാനുള്ള ശ്രമത്തിലായി. തനിക്കും ഭാര്യയ്‌ക്കും മകള്‍ക്കുമുള്ള ലൈഫ്‌ ജാക്കറ്റ്‌ കൈവശപ്പെടുത്തിയ ഉടനെ മറ്റൊരാള്‍ അത്‌ കൈക്കലാക്കാന്‍ പിടിവലി നടത്തിയെന്ന്‌ ബ്രയാന്‍ പറഞ്ഞു.

മകളുടെ ലൈഫ്‌ ജാക്കറ്റ്‌ ഒരാള്‍ ബലമായി പിടിച്ചുവാങ്ങിയതൊടെ മകളെയും കൊണ്ട്‌ ബ്രയാനും ഭാര്യയും കടലിലേക്ക്‌ ചാടുകയായിരുന്നു. താഴെ ഒരു ലൈഫ്‌ ബോട്ടില്‍ എത്തുന്നതുവരെ ജീവന്‍ തിരിച്ചുകിട്ടുമോ എന്ന ഉറപ്പുപോലുമില്ലായിരുന്നു. ലൈഫ്‌ ബോട്ടില്‍ കയറാന്‍ തുടങ്ങിയതോടെ കപ്പല്‍ ചെരിഞ്ഞ്‌ അവരുടെ നേരെ വരുന്നതുകണ്ടതോടെ എല്ലാം അവസാനിച്ചു എന്നു കരുതിയെന്നും, ദൈവത്തിന്റെ കടാക്ഷം കൊണ്ടുമാത്രമാണ്‌ ഞങ്ങള്‍ രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

രക്ഷപ്പെട്ടവരെ അവരവരുടെ രാജ്യങ്ങളിലേക്ക്‌ സുരക്ഷിതമായി എത്തിക്കാന്‍ ഷിപ്പിംഗ്‌ കമ്പനി അധികൃതര്‍ അലംഭാവം കാട്ടിയതായി ബ്രയാനും കുടുംബവും പറഞ്ഞു. ഇറ്റലിയിലെ അമേരിക്കന്‍ എംബസ്സിയില്‍ നിന്ന്‌ സഹായം ലഭ്യമാകാനും ബുദ്ധിമുട്ടി. അവസാനം ഷിപ്പിംഗ്‌ കമ്പനി ആല്‍ബനിയിലേക്കുള്ള വിമാന ടിക്കറ്റ്‌ മൂന്നുപേര്‍ക്കും നല്‍കി. പക്ഷേ, ജോര്‍ജ്ജിയയിലുള്ള ആല്‍ബനിയിലേക്കാണ്‌ ടിക്കറ്റ്‌ നല്‍കിയതെന്ന്‌ അവര്‍ പിന്നീടാണ്‌ അറിഞ്ഞത്‌. ഡെല്‍റ്റാ എയര്‍ലൈന്‍സ്‌?ജോര്‍ജ്ജിയയില്‍ നിന്ന്‌ ന്യൂയോര്‍ക്കിലെ ആല്‍ബനിയിലേക്കുള്ള വിമാനത്തില്‍ സൗകര്യം ചെയ്‌തുകൊടുത്തതുകൊണ്ട്‌ ചൊവ്വഴ്‌ച സുരക്ഷിതമായി അവര്‍ ആല്‍ബനിയിലെത്തി. ധരിച്ചിരുന്ന വസ്‌ത്രമല്ലാതെ എല്ലാം നഷ്ടപ്പെട്ട്‌ വെറും കൈയ്യോടെ.
`ഞങ്ങള്‍ക്കിതു പുനര്‍ജ്ജന്മം' ഉല്ലാസയാത്ര ദുരന്തത്തില്‍ കലാശിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക