Image

സാക്ഷി കൂറുമാറി; അഭയ പീഡനത്തിനിരയായിട്ടില്ലെന്ന് മൊഴി

Published on 19 January, 2012
സാക്ഷി കൂറുമാറി; അഭയ പീഡനത്തിനിരയായിട്ടില്ലെന്ന് മൊഴി
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങളടങ്ങിയ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന കേസിലെ വാദിഭാഗം സാക്ഷി ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ കെ.ജി.ശിവദാസന്‍ ബുധനാഴ്ച കൂറുമാറി. സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നതിന് മുന്‍പ് പീഡനത്തിനിരയായിട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കി.

സിസ്റ്റര്‍ അഭയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കന്യാചര്‍മ്മം നഷ്ടപ്പെട്ടിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി ഇത്തരത്തില്‍ അദ്ദേഹം രാവിലെ മൊഴി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഉച്ചയ്ക്കുശേഷം വാദിഭാഗം അദ്ദേഹത്തെ പുനര്‍വിസ്തരിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ തനിക്കാവില്ലെന്ന് തിരുത്തുകയും ചെയ്തു. ഇതിന് പുറമെ രാസപരിശോധനകളുടെ അന്തിമഫലം മാത്രമാണ് വര്‍ക്ക് ബുക്കില്‍ രേഖപ്പെടുത്തുന്നതെന്നും പരിശോധനാ സമയം റഫ്ബുക്കിലാണ് ഫലങ്ങള്‍ രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം മൊഴി നല്‍കി. വര്‍ക്ക് ബുക്ക് ഔദ്യോഗിക രേഖയല്ലെന്ന പ്രതിഭാഗം വാദം അദ്ദേഹം തള്ളി.രാസപരിശോധനാഫലങ്ങളടങ്ങിയ രജിസ്റ്ററിന് പുറമെ വിഷാംശങ്ങളുടെ പരിശോധനാ ഫലങ്ങളടങ്ങിയ രജിസ്റ്റര്‍ ഉള്ളതായും അദ്ദേഹം വെളിപ്പെടുത്തി .രാസപരിശോധനാ ഫലങ്ങളടങ്ങിയ രജിസ്റ്ററിലെ ചില രേഖപ്പെടുത്തലുകള്‍ ശാസ്ത്രീയമായി ശരിയല്ലെന്നും ടി.എല്‍.സി പരിശോധന ഒന്നിലധികം തവണ ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടില്ലെന്ന് രാവിലെ മൊഴി നല്‍കിയപ്പോഴാണ് അദ്ദേഹത്തെ കൂറുമാറിയാതായി പ്രഖ്യാപിക്കാന്‍ വാദിഭാഗം അഭിഭാഷകന്‍ പുഞ്ചക്കരി രവീന്ദ്രന്‍ നായര്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി.കലാം പാഷ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ കെ.ജി.ശിവദാസന്‍ കൂറുമാറിയതായി പ്രഖ്യാപിച്ചു. വര്‍ക്ക് ബുക്ക് രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമ്മര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീത, കെമിക്കല്‍ അനലിസ്റ്റ് എം.ചിത്ര എന്നിവര്‍ക്കെതിരെ ഔദ്യോഗിക രേഖ വ്യാജമായി ചമയ്ക്കല്‍, വ്യാജരേഖ അസലായി ഉപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് കോടതി നേരിട്ട് കേസെടുത്തത്. സി.ബി.ഐ ഡിവൈ.എസ്.പി ആര്‍.കെ.അഗര്‍വാളിനെ വ്യാഴാഴ്ച വിസ്തരിക്കും.
(Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക