Image

ഒരു നാടന്‍ പാട്ടും ചില സമകാലീന സത്യങ്ങളും (ജെയിംസ്‌ ചാക്കോ മുട്ടുങ്കല്‍)

Published on 26 November, 2015
ഒരു നാടന്‍ പാട്ടും ചില സമകാലീന സത്യങ്ങളും (ജെയിംസ്‌ ചാക്കോ മുട്ടുങ്കല്‍)
സംസ്‌കാരം ഏകശിലാ നിര്‍മ്മിതമല്ല എന്ന തിരിച്ചറിവ്‌ നാടന്‍പാട്ട്‌ വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്കുണ്ടാകുന്നു. മുഖ്യധാരാ സംസ്‌കാരത്തിന്റെ പ്രഭാവത്തില്‍ നിശബ്ദമായിപ്പോയതോ, ഓരങ്ങളിലേക്ക്‌ മാറ്റപ്പെട്ടതോ ആയ സംസ്‌കാരിക സങ്കല്‍പ്പങ്ങളുടെ സമൃദ്ധിയെ ഇവിടെ എന്നും വിസ്‌മയത്തോടെ തിരിച്ചറിയുന്നു. പ്രണയവും പ്രതികാരവും നാടന്‍ പാട്ടുകളില്‍ എന്തെന്ത്‌ വൈവിധ്യങ്ങളോടെയാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌!

ഇവിടെ ഹൂസ്റ്റണിലെ റോഡില്‍കൂടി സഞ്ചരിക്കുന്നതിനേക്കാള്‍ മനസിന്‌ എന്തു ശാന്തതയാണ്‌ ചിലപ്പോള്‍ കുട്ടനാട്ടിലെ ബോട്ടിലൂടെയുള്ള യാത്ര. ചങ്ങനാശേരി എസ്‌.ബി കോളജില്‍ തൂപ്പുകാരിയായിരുന്ന മറിയാമ്മ ചേട്ടത്തി, നാട്ടറിവുകളുടെ ഒരു കലവറ ആയിരുന്നുവെന്ന്‌ അവരുടെ ജീവിതസായാഹ്നത്തിലാണ്‌ കോളജും, കേരള സമൂഹവും തിരിച്ചറിഞ്ഞത്‌. പാട്ടുകളും, കഥകളും, മാത്രമല്ല നാടോടി ജീവിത പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട എന്തെന്ത്‌ അറിവുകളാണ്‌ അവരുടെ ഓര്‍മ്മയില്‍ സജീവമായി നിലനിന്നത്‌.

എന്നാല്‍ അറിവിന്റെ ആ സമൃദ്ധിയെ നമുക്ക്‌ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ്‌ സത്യം. പകര്‍ത്തി തീരാത്ത ഒട്ടേറെ അറിവുകള്‍ ഉള്ളില്‍ സംഭരിച്ചുകൊണ്ടാണ്‌ മറിയാമ്മ ചേട്ടത്തി മറുലോകത്തേക്ക്‌ യാത്രയായത്‌.

പ്രപഞ്ചത്തിലെ ചരാചരങ്ങളെയെല്ലാം തോറ്റിയുണര്‍ത്തിക്കൊണ്ടാണ്‌ മറിയാമ്മ ചേട്ടത്തിയുടെ പാട്ടു പ്രകടനം ആരംഭിക്കുന്നതെന്ന്‌ മറിയാമ്മ ചേട്ടത്തി പാടിക്കൊടുത്ത 'മാണിക്കംപെണ്ണ്‌' എന്ന പാട്ട്‌ നാടന്‍പാട്ടുകളുടെ ഗതിയെ തന്നെ മാറ്റിമറിച്ചു. (പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം എഡിറ്റ്‌ ചെയ്‌ത മാണിക്യം പെണ്ണ്‌ ബുക്ക്‌ സ്റ്റാളുകളില്‍ ലഭ്യമാണ്‌). പ്രണയവും വീരസാഹസങ്ങളും പ്രമേയമായി വരുന്ന നാടന്‍ കഥാഗാനങ്ങളുടെ (ഫോക്‌) പൊതു സ്വഭാവത്തില്‍ വാര്‍ന്നു വീണിട്ടുള്ളതാണ്‌ മാണിക്യം പെണ്ണ്‌. വടക്കന്‍പാട്ടില്‍ ഒതേനന്‍ നായകനായി വരുന്ന ചില പാട്ടുകളെ ഇത്‌ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌.

എന്നാല്‍ ഒതേനന്റെ പാട്ടുകളില്‍ കടുത്ത ആണത്ത പ്രകടനമായി ഈ പാട്ടു മാറുന്നില്ല. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, സ്വാധീനവും രാഷ്ട്രീയ ബന്ധങ്ങളും ഉള്ളവര്‍ക്ക്‌ മാത്രമേ സാഹിത്യത്തിലാണെങ്കിലും മുന്നോട്ടുവരാന്‍ പറ്റൂ എന്ന ഒരു ദൗര്‍ഭാഗ്യം മറിയാമ്മ ചേട്ടത്തിയിലൂടെ നമുക്ക്‌ വെളിവാകുന്നു.


ഡോ. അയ്യപ്പപണിക്കര്‍ പാടിയതുപോലെ

''കുഞ്ഞുനാളിലെനിക്കൊരു ദുഖം
കുന്നില്ലാത്തൊരു നാടെന്‍ നാടെ
ന്നിന്നാ ദു:ഖം തീര്‍ന്നു, ചുറ്റും
കുന്നായ്‌മകളുടെ കുന്നുകള്‍ കാണ്‍കെ
വ്യക്തികളല്ല സമൂഹ മനുഷ്യന്‍
ശക്തിപ്പൊരുളാണെന്നു ധരിക്ക
പഞ്ചായത്തുകള്‍ പണിചെയ്യിച്ചൊരു
പാപം കുറുകും പാലം കാണ്‍കെ
വേദന തീര്‍ന്നു മര്‍ത്യമഹത്വം
പാവനമല്ലോ ദൈവീകമല്ലോ.''
(കുടുംബപുരാണം)


ഓരോ കവിയും കവിതയും തിരസ്‌കരിക്കപ്പെടുകയും തിരിച്ചുവരികയും ഒക്കെ ചെയ്യുന്നത്‌ അതതു കാലത്തിന്റെ സംവേദന ശീലങ്ങളുമായി പൊരുത്തപ്പെടുന്നതനുസരിച്ചാണല്ലോ? 'മനുഷ്യന്‍ മാറാതെ ഇവിടെ ചട്ടങ്ങള്‍ മാറുകയില്ല. ചട്ടങ്ങള്‍ മാറാതെ മനുഷ്യനും മാറുകയില്ല'.

നമുക്ക്‌ വര്‍ത്തമാനകാല സാഹിത്യവും, രാഷ്ട്രീയവുമൊക്കെ ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ കഴിവിനല്ല സ്വാധീനത്തിനാണ്‌ ഏറെ പ്രമുഖ്യം എന്ന്‌ വ്യക്തമാകും.

ഇന്ന്‌ അമേരിക്കയിലെ മലയാളി സംഘടനകളെ നോക്കിയാല്‍ ഈ പരിപാതപകരമായ അവസ്ഥ നമുക്ക്‌ മനസിലാക്കാം. മിക്ക സംഘടനകളും ഓരോരുത്തരുടെ പോക്കറ്റ്‌ സംഘടനകളാണ്‌. പത്ത്‌ മലയാളികള്‍ ഒന്നിച്ചുചേര്‍ന്നാല്‍ ഒരു സംഘടനയായി.

രാഷ്ട്രീയ, മത പ്രസ്ഥാനങ്ങളുടേയും മൂല്യച്യുതി അതിന്റെ പരമകാഷ്‌ഠയില്‍ എത്തിനില്‍ക്കുന്ന അവസ്ഥയാണിന്ന്‌. രാഷ്ട്രീയം നോക്കിയാല്‍ അഴിമതി എന്നത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു ദുര്‍ഭൂതം തന്നെ. ഇതില്‍ പണവും സ്വാധീനവുമുള്ളവനെ ഒന്നു തൊടാന്‍ പോലും നമ്മുടെ ഭരണകൂടങ്ങള്‍ക്ക്‌ കഴിയില്ല. നേരേമറിച്ച്‌ നമ്മള്‍ ജീവിക്കുന്ന അമേരിക്കയിലോ യൂറോപ്പിലോ ആണെങ്കില്‍ അത്‌ ഏത്‌ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളാണെങ്കില്‍ കൂടി കുറ്റം ചെയ്‌താല്‍ അകത്തുപോകും എന്ന്‌ തീര്‍ച്ചയാണ്‌. അമേരിക്കയിലോ യൂറോപ്പിലോ ആണെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകും. ഇത്‌ ഭാരതത്തിലെയും കേരളത്തിലെയും ഭരണാധികാരികള്‍ കാണേണ്ട ഒരു വസ്‌തുത തന്നെയാണ്‌.

ഇന്ന്‌ നമ്മുടെ ആത്മീയ പ്രസ്ഥാനങ്ങളെ നോക്കിയാലും എത്രയോ മൂല്യച്യുതി ഇവര്‍ക്ക്‌ സംഭവിച്ചു എന്നറിയാന്‍ സാധിക്കും. യഥാര്‍ത്ഥ ആത്മീയ നേതാക്കന്മാരെ വേര്‍തിരിച്ചറിയുക വളരെ ദുഷ്‌കരമായ ഒരു കാര്യമായി മാറിയിരിക്കുന്നു.

ഇന്ന്‌ 'ഫെയ്‌ത്ത്‌ ഇന്‍ഡസ്‌ട്രി' എന്നൊരു വ്യവസായം തന്നെ ഉണ്ടോ എന്നു തോന്നുന്ന രീതിയിലാണ്‌ ഇവിടുത്തെ പല കാര്യങ്ങളും. നല്ല ആത്മീയ നേതാക്കളുടെ പേരിന്‌ കളങ്കമേല്‍പിക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇന്ന്‌ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. ഇതില്‍ ദുഖിക്കുന്ന ഒരു വിശ്വാസി സമൂഹത്തെ നമുക്ക്‌ ഇവിടെ കാണാന്‍ സാധിക്കും. വ്യക്തികള്‍ നടത്തുന്ന പള്ളികള്‍ ഇന്ന്‌ പലയിടത്തും കാണാം. ഇതില്‍ പകുതിയും പണം ലക്ഷ്യമാക്കിയുള്ളതുതന്നെ. ഇതുമൂലം യഥാര്‍ത്ഥ ആത്മീയ പ്രവര്‍ത്തനങ്ങളുടെ മൂല്യം നഷ്ടപ്പെടുകയും വിശ്വാസികള്‍ സംശയാലുക്കള്‍ ആവുകയും ചെയ്യുന്ന പ്രത്യേക ഒരു സ്ഥിതിവിശേഷമാണിന്ന്‌. ഇക്കണക്കിനു പോയാല്‍ ഭാവിയില്‍ സര്‍വ്വകലാശാലകളില്‍ ഗവേഷണം നടത്തേണ്ട ഒരു ശാസ്‌ത്രശാഖയായി ഇതു മാറിക്കൂടില്ല എന്നും വരാം. അതിനു മുമ്പായി ദൈവം തമ്പുരാന്‍ ഈ സമൂഹത്തെ നശിപ്പിക്കാതിരിക്കാനായി നമുക്ക്‌ പ്രാര്‍ത്ഥിക്കുകയല്ലാതെ വേറെ പോംവഴിയൊന്നുമില്ല.

സ്വന്തം പേരിനുവേണ്ടി സംഘടനകള്‍ ഉണ്ടാക്കുക, അത്‌ വളര്‍ന്നുവരുമ്പോള്‍ അതിനെ പിളര്‍ത്തുക. ഇത്‌ മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെല്ലാം ഇവിടെയും നമുക്ക്‌ കാണാം. ഇവിടുത്തെ മലയാളി സമൂഹം ചേരിതിരിഞ്ഞുനില്‍ക്കാതെ പൊതു നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന്‌ ഈ ലേഖകന്‍ ആശിച്ചുപോകുന്നു.

ജെയിംസ്‌ ചാക്കോ മുട്ടുങ്കല്‍, chackomuttumkal@gmail.com
Join WhatsApp News
വായനക്കാരൻ 2015-11-26 21:42:12
‘ഇവിടുത്തെ മലയാളി സമൂഹം ചേരിതിരിഞ്ഞു നിൽക്കാതെ പൊതു നന്മക്കുവേണ്ടി പ്രവർത്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നുഎന്ന് ഈ ലേഖകൻ ആശിച്ചുപോകുന്നു.
’ സ്വപ്നം കാണുക സഖാവേ സ്വപ്നം കാണുക'
വിദ്യാധരൻ 2015-11-27 21:13:09
ചിന്തിക്കുന്ന ഒരു എഴുത്ത്‌കാരൻ സമൂഹത്തിലെ അനീതിക്കെതിരെ പോരാടിക്കൊണ്ടിരിക്കും അവന്റെ രചനയിൽ അതിന്റെ മാറ്റൊലികൾ മുഴങ്ങിക്കൊണ്ടെയിരിക്കും .  ഇതിനോട് യോചിക്കുന്ന ഒരു 'വായനക്കാരൻ' 'സ്വപ്നം കാണുക സഖാവെ സ്വപ്നം കാണുക'   എന്ന് വിളിച്ചുപറയുമ്പോൾ എഴുത്തുകാരന്റെ ദുഖവും നിരാശയും ആ വാക്കുകളിൽ പ്രതിഫലിക്കുന്നു.   ചങ്ങമ്പുഴ 1938 ൽ എഴുതിയ ഒരു കവിതയിലും ആ കാലഘട്ടത്തിലെ അനീതിയുടെയും, മൂല്യച്ചുതിയുടെയും ശബ്ദം അലയടിക്കുന്നത് കേൾക്കാൻ കഴിയും. എന്നാൽ ഇത് ലോകത്തിലെ അനീതിയെ തുടച്ചു നീക്കി എഴുത്തുകാരൻ  സ്വപ്നം കാണുന്ന ഒരു സമത്വസുന്ദര ലോകം സാക്ഷാത്ക്കരിക്കപ്പെടുമോ? അറിയില്ല.  പക്ഷെ ഒരു നല്ല എഴുത്തുകാരൻ അവന്റെ ഹൃദയത്തിലെ സ്വപ്നങ്ങളെ നിരാശയില്ലാതെ വായനക്കാർക്കായി അനാവരണം ചെയ്തുക്കൊണ്ടിരിക്കുക.  ചങ്ങമ്പുഴയുടെ സങ്കൽപ്പക്കാന്തിയിലെ ഒരു ഭാഗം വായനക്കാരുടെ ചിന്തയ്ക്കായി ഇവിടെ ചേർക്കുന്നു 

"നീതിതൻ പേരിൽ നടത്തപ്പെടുന്നോരീ 
വേതാളനൃത്തം നിലയ്ക്കില്ലൊരിക്കലും 
രാഷ്ട്രങ്ങൾതമ്മിൽ നടത്തപ്പെടുന്നോരീ 
കൂട്ടക്കൊലകളൊടുങ്ങില്ലിരിക്കലും 
"മുന്നോട്ടു നോക്കിയാം ശാസ്ത്രം ചൊരിയുമീ-
ച്ചെന്നിണച്ചോലകൾ വറ്റില്ലൊരിക്കലും,
ലോകത്തെയൊന്നാകെ മാറോടു ചേർത്തണ 
ച്ചേകയോഗത്തിലിണക്കാൻ കൊതിപ്പു നീ 
ആ വേളയിൽത്തന്നെ രാഷ്ട്രങ്ങളോരോന്നു 
മാവോളമാർജ്ജിപ്പു യുദ്ധസാമഗ്രികൾ 
മർത്ത്യൻ, സമാധാനദേവതേ നിന്റെ പേർ 
യുദ്ധപ്പിശാക്കി മാറ്റിഎന്നേക്കുമായ് 
ഇങ്ങെഴും ഘോരവിഷവായു ഏല്ക്കാതെ 
മംങ്ങളദർശനെ വേഗം മടങ്ങു നീ 

ഏകാധിപത്യം ചിറകെട്ടി നിർത്തിലും 
ലോകമഹാ വിപ്ലവാബ്ദിയടങ്ങുമോ? 
ക്ഷുദ്രനിയമച്ചിലന്തി നൂൽക്കെട്ടിനാൽ 
മർത്ത്യഹൃദയം കുതിക്കാതിരിക്കുമോ?
നിഷ്ഫല വിഭ്രമം, നിഷ്ഫല വ്യാമോഹ-
മിപ്രയത്നം! - ഹാ, നടക്കട്ടെ വിപ്ലവം !
എന്നാൽ മനുഷ്യൻ മനുഷ്യനെ തിന്നുമീ -
ദ്ദുർന്നയം -യുദ്ദം -മൃഹത്വം പുലരിലോ!

ഇല്ല ഫലമില്ല മർത്ത്യരെന്നാകിലും -
തല്ലാതിരിക്കില്ല തങ്ങളിൽ തങ്ങളിൽ 
വെന്നിക്കൊടികൾക്ക് വർണ്ണം പിടിക്കുവാൻ 
ചെന്നിണമെന്നും കുറിക്കൂട്ടുകൂട്ടണം 
ശക്തികൾ മേന്മേൽ മുളയ്ക്കുവാൻ, മണ്ണിലീ 
രക്തച്ചൊരിച്ചിൽ വളം കുറെച്ചേർക്കണം;-
മേലോട്ട് പൊങ്ങാനൊരുത്തനപരന്റെ 
തോളിലൊന്നൂന്നിച്ചവിട്ടിക്കുതിക്കണം " (സങ്കല്പകാന്തി -ചങ്ങമ്പുഴ )


"ഇന്നത്തെ ലോക ഗതിയിതാണ് 'ജയിംസ് ചാക്കോ 
എഴുതിയിട്ടു ഫലമില്ലിവിടെ നീ!
സ്വപ്നലോകത്തിന്റെ പർണ്ണാശ്രമത്തിലേ -
ക്കേതും മടിക്കാതെ പോകു തിരിച്ചിനി"  (.ശബ്ദാന്തരരചന)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക