Image

ഇ മെയില്‍ വിവാദം: മാധ്യമം വാരികയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

Published on 18 January, 2012
ഇ മെയില്‍ വിവാദം: മാധ്യമം വാരികയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഇ മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമം വാരികയ്‌ക്കെതിരെ കേസെടുക്കാന്‍ മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി. മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരിക്കും നടപടിയെടുക്കുക. ഇതുസംബന്ധിച്ച് നിയമവശം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് യോഗം ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ മാത്രം ഇമെയിലുകള്‍ പോലീസ് പരിശോധിച്ചതായി വന്ന വാര്‍ത്ത നിര്‍ഭാഗ്യകരമായി പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുപോലുള്ള വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

വാര്‍ത്തയും പട്ടികയും നല്‍കിയ മാധ്യമം വാരിക അത് പൂര്‍ണ്ണമായല്ല നല്‍കിയത്. അതിലെ മറ്റ് മതസ്ഥരുടെ പേരുകള്‍ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 268 പേരുള്ള പട്ടികയില്‍ വാരിക നല്‍കിയത് 257 പേരായിരുന്നു. അതില്‍ തന്നെ ഇമെയിലുകള്‍ പേരുമാറിയും നിരതെറ്റിച്ചുമാണ് പ്രസിദ്ധീകരിച്ചത്. ബാക്കിയുള്ളവരുടെ പേരുകളില്‍ ഒഴിവാക്കിയത് എന്തിനെന്ന് വാരിക വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 

കേരളാ പോലീസിന്റെ നിരീക്ഷണത്തിലുള്ള ഒരാളില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചില അന്വേഷണങ്ങള്‍ പോലീസ് നടത്തിയത്. ഇത് പതിവ് രീതിയിലുള്ള പരിശോധനയായിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കത്തയച്ച് മറുപടി തേടുകയായിരുന്നു ഉദ്ദേശം. എന്നാല്‍ കത്തെഴുതിയ പോലീസുകാരന് ചില പിശകുകള്‍ പറ്റിയെന്നും ഇത് സംബന്ധിച്ച വിവാദം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. എക്‌സൈസ് മന്ത്രിയുടെ മണ്ഡലത്തില്‍ നിയമവിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ചുവെന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോള്‍ അക്കാര്യം പരിശോധിക്കുമെന്നായിരുന്നു മറുപടി. 


മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍;

പാലക്കാട് കോച്ച് ഫാക്ടറി: സര്‍ക്കാര്‍ 239 ഏക്കര്‍ റെയില്‍വേയ്ക്ക് കൈമാറും.

വയനാട് കാര്‍ഷിക പാക്കേജ്: പ്രത്യേക വില സഹായ പദ്ധതി നടപ്പാക്കും. 

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ദേശസാല്‍കൃത ബാങ്കുകളോട് ആവശ്യപ്പെടും. 

അഹാര്‍ഡ്‌സ് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പുതിയ പദ്ധതി. നാല് വര്‍ഷത്തേക്ക് 16 കോടി രൂപ നല്‍കും.

അഹാര്‍ഡ്‌സ് മാതൃകയില്‍ വയനാട്ടില്‍ പുതിയ സ്ഥാപനം. പ്രവര്‍ത്തനം അടുത്ത വര്‍ഷം ആരംഭിക്കും.

തലസ്ഥാനത്തെ വെള്ളക്കെട്ട്: ആദ്യഘട്ടപദ്ധതിക്ക് 27 കോടി. 

പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ജോലിയ്ക്ക് പോയ 764 പോലീസുകാര്‍ക്ക് 2,000 രൂപ വീതം പ്രത്യേകം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക