Image

അമീര്‍ഖാന്റെ പേടി അഥവാ വരേണ്യ വര്‍ഗത്തിന്റെ ഭീതി (ജയമോഹനന്‍ എം)

Published on 24 November, 2015
അമീര്‍ഖാന്റെ പേടി അഥവാ വരേണ്യ വര്‍ഗത്തിന്റെ ഭീതി (ജയമോഹനന്‍ എം)
രാജ്യത്തെ അസഹിഷ്‌ണുതയ്‌ക്കെതിരെ അമീര്‍ഖാന്റെ പ്രതികരണങ്ങളാണ്‌ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. രാജ്യത്തെ വര്‍ദ്ധിക്കുന്ന അസഹിഷ്‌ണുതയ്‌ക്കെതിരെ അമീര്‍ഖാന്‍ പ്രതികരിക്കുമ്പോള്‍ അതിന്‌ സമീപകാലത്തെ തീവ്രഹിന്ദുത്വ ശക്തികള്‍ ഇന്ത്യയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധമുണ്ട്‌. ദാദ്രിയില്‍ ഗോമാസം കഴിച്ചതിന്റെ പേരില്‍ ആളെ അടിച്ചു കൊല്ലുന്നതും മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക്‌ പോകണമെന്ന്‌ ഹിന്ദുത്വ നേതാക്കള്‍ പ്രസ്‌താവനകള്‍ നടത്തുന്നതും ഏതൊരാളെയും അസ്വസ്ഥനാക്കും.

എന്നാല്‍ ഇവിടെ അമീര്‍ഖാന്‍ നടത്തിയിരിക്കുന്ന പ്രസ്‌താവനയിലേക്ക്‌ വിശദമായി ഒന്ന്‌ കടന്നു ചെല്ലുന്നത്‌ നന്നായിരിക്കും. രാജ്യത്തെ അസഹിഷ്‌ണുതയില്‍ ടെന്‍ഷനടിച്ച്‌ അമീര്‍ഖാന്റെ ഭാര്യ രാജ്യം വിടേണ്ടി വരുമോ എന്ന്‌ തന്നോട്‌ ചോദിച്ചുവെന്നും കുഞ്ഞുങ്ങളെ ആലോചിച്ച്‌ ഭയമാകുന്നു എന്ന്‌ ഭാര്യ പറഞ്ഞുവെന്നുമാണ്‌ അമീര്‍ഖാന്‍ പങ്കുവെയ്‌ക്കുന്ന പ്രശ്‌നം. അമീറിന്റെ പ്രതികരണത്തോടെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും പ്രതികരിച്ചുവെങ്കിലും മലയാളി സംവിധായകനും നടനുമായ പ്രതാപ്‌ പോത്തന്റെ പ്രതികരണമാണ്‌ ഏറ്റവും രസകരവും യാഥാര്‍ഥ്യത്തോട്‌ അടുത്തു നില്‍ക്കുന്നതും.

അമീറിനും കുടുംബത്തിനും ഉത്തരധ്രുവത്തിലേക്ക്‌ പോകാമെന്നാണ്‌ പ്രതാപ്‌ പോത്തന്റെ പരിഹാസം. അമീറിനും ഭാര്യയ്‌ക്കും അവരുടെ മക്കളെ ഓര്‍ത്താണ്‌ ഭീതി. അതുകൊണ്ടാണ്‌ അവര്‍ ഇന്ത്യ വിടണമെന്ന്‌ ആഗ്രഹിക്കുന്നത്‌. അങ്ങനെയെങ്കില്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്‌ ഉത്തര ധ്രൂവമാണ്‌. അവിടെ കുട്ടികളെ സന്തോഷിപ്പിക്കാന്‍ സാന്താക്ലോസ്‌ എത്തുമായിരിക്കും.

ഇനി നിങ്ങളുടെ ഭാര്യ ശരിക്കും പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക്‌ ഇവിടെ അവകാശമില്ല. നിങ്ങള്‍ക്ക്‌ മാത്രമേ കുട്ടികളുള്ളോ, നല്ലതെല്ലാം നിങ്ങള്‍ക്ക്‌ മതിയോ, അങ്ങനെയെങ്കില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത ഒരു രാജ്യത്തിന്റെ പേരു പറയു. ?.. ഇങ്ങനെ കടന്നു പോകുന്നു പ്രതാപ്‌ പോത്തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.

അമീര്‍ഖാനുള്ള മികച്ച മറുപടിയാണിത്‌. സ്വന്തം വീട്ടിലേക്ക്‌ അപകടം എത്തുമ്പോള്‍ പ്രതികരിക്കുന്ന വരേണ്യവര്‍ഗത്തിന്റെ സ്ഥിരം സ്വഭാവം തന്നെയാണ്‌ ഇവിടെ അമീര്‍ഖാന്‍ പ്രകടിപ്പിക്കുന്നത്‌. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഒരുപാട്‌ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ വെളിച്ചത്തുകൊണ്ടു വന്ന വ്യക്തിയാണ്‌ അമീര്‍ഖാന്‍ എന്നത്‌ ഇവിടെ മറക്കുന്നില്ല.

എന്നാല്‍ അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ചപ്പോള്‍ അമീര്‍ഖാന്റെ പ്രതികരണം തീര്‍ത്തും വ്യക്തിപരമായി മാറി. എന്നും വരേണ്യവര്‍ഗത്തിന്റെ രീതി ഇതു തന്നെയാണ്‌. തങ്ങളിലേക്ക്‌ ഒരു പ്രശ്‌നമെത്തുന്നു എന്നു വരുമ്പോഴാണ്‌ അവര്‍ ഉത്‌കണ്‌ഠയിലാകുന്നത്‌.

രാജ്യത്ത്‌ എത്രയോ വര്‍ഗീയ കലാപങ്ങള്‍ നടന്നു. അപ്പോഴൊന്നും ഒരു അമീര്‍ഖാനും പരസ്യമായി പ്രതികരിച്ചില്ല. രാജ്യത്ത്‌ എത്രയോ തവണ ദളിതര്‍ പീഡിപ്പിക്കപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദളിത്‌ സ്‌ത്രീകള്‍ ഇന്ത്യന്‍ സൈന്യത്താല്‍ റേപ്പ്‌ ചെയ്യപ്പെട്ടു. എന്തിന്‌ ദില്ലിയിലെ തെരുവില്‍ ഒരുപെണ്‍കുട്ടി ബസില്‍ ക്രൂര ബലാല്‍കാരത്തിന്‌ ഇരയായി കൊല്ലപ്പെട്ടു. അന്നൊന്നും പ്രതികരണങ്ങളില്ല. എന്നാല്‍ ഇവിടെ സംഘപരിവാര്‍ ഫാസിസം മുസ്ലിം സെലിബ്രിറ്റികളുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ അമീറും, ഷാരൂഖും പ്രതികരിക്കുന്നു.

നല്ലത്‌ തന്നെ. സ്വന്തം അസ്ഥിത്വത്തെ ചോദ്യം ചെയ്യുമ്പോഴെങ്കിലും പ്രതികരിക്കാന്‍ തയാറാകുന്നുണ്ടല്ലോ? എന്നാല്‍ തന്റെ പ്രശ്‌നങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ ഇവിടേയ്‌ക്ക്‌ ക്ഷണിക്കുകയും ചെയ്യുന്ന വരേണ്യ വര്‍ഗം സമൂഹത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ എങ്ങനെയാണ്‌ പ്രതികരിക്കുന്നത്‌ എന്നത്‌ സ്വയം ഒന്നാലോചിച്ചു നോക്കേണ്ടതാണ്‌.

കഴിഞ്ഞ ദിവസം ആദിവാസികളെക്കുറിച്ച്‌ ബ്ലോഗ്‌ എഴുതിയ മോഹന്‍ലാലിന്റെ കാര്യം തന്നെയെടുക്കാം. ആദിവാസികള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച്‌ ലാല്‍ സമൂഹത്തിന്റെ ശ്രദ്ധക്ഷണിച്ചത്‌ ശ്രദ്ധേയമാണ്‌. എന്നാല്‍ മോഹന്‍ലാല്‍ മറന്നു പോകുന്ന ഒരു കാര്യമുണ്ട്‌. വയനാട്ടില്‍ ആദിവാസികളുടെ കഥ പ്രമേയമാക്കി ഫോട്ടോഗ്രാഫര്‍ എന്ന സിനിമ മോഹന്‍ലാല്‍ ചെയ്‌തിട്ടുണ്ട്‌. അന്ന്‌ മോഹന്‍ലാലിനൊപ്പം മണി എന്ന ആദിവാസി ബാലന്‍ കളിച്ചും ചിരിച്ചും അഭിനയിച്ചിരുന്നു. പക്ഷെ ആ ബാലന്‍ പിന്നെയെവിടെ എന്ന്‌ മോഹന്‍ലാലോ, ഫോട്ടോഗ്രാഫര്‌ ടീമോ അന്വേഷിച്ചിട്ടുണ്ടോ. താന്‍ അഭിനയിച്ച സിനിമ കാണുവാനുള്ള അവസരമെങ്കിലും പാവം മണിക്ക്‌ ലാല്‍ ചെയ്‌തുകൊടുത്തുവോ. ഇല്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.

ഇവിടെയാണ്‌ സെലിബ്രിറ്റികളുടെ മറവിയും തങ്ങളിലേക്ക്‌ പ്രശ്‌നങ്ങള്‍ എത്തുമ്പോഴുള്ള ഭീതിയും വ്യക്തമാകുന്നത്‌.

ഇവിടെ സെലിബ്രിറ്റികള്‍ മനസിലാക്കേണ്ട പ്രധാന പ്രശ്‌നം. സമത്വസുന്ദരമായ ഇന്ത്യയിലെ പൊടുന്നനെ ഉയര്‍ന്നുവന്ന ഏക പ്രശ്‌നമാകുന്നില്ല അസഹിഷ്‌ണുത. ഈ അസഹിഷ്‌ണുത ഇവിടെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പു തന്നെ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതേ അസിഹിഷ്‌ണുതയാണ്‌ ബാബറി മസ്‌ജിദിനെ നിലംപൊത്തിച്ചത്‌. ഭാരത്തെ നെടുകെ വെട്ടിമുറിച്ചത്‌. ആസാമില്‍ 5000 പേരെ കൂട്ടക്കൊല നടത്തിയ നെല്ലികൂട്ടക്കൊല നടത്തിയത്‌. അപ്പോള്‍ അസഹിഷ്‌ണുത ഇവിടെ നേരത്തെ ഉണ്ടായിരുന്നു. അന്നൊന്നും നിങ്ങള്‍ പ്രതികരിക്കാതിരുന്നത്‌ അത്‌ നിങ്ങളുടെ നേരെ എത്തിയിട്ടില്ലായിരുന്നു എന്നതുകൊണ്ടാണ്‌. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെയും ഉപരിവര്‍ഗത്തിന്റെയും ശീലം ഇങ്ങനെയാണ്‌. പ്രശ്‌നം തന്റെ നേരെ നീളുമ്പോള്‍ മാത്രമാണ്‌ പ്രതികരിക്കുക.

എന്തായാലും ഉപരിവര്‍ഗത്തിന്‌ ഭയം കൊണ്ടാണെങ്കിലും വൈകി വന്ന വിവേകം നല്ലതാണ്‌. അസഹിഷ്‌ണുതയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഏത്‌ നിലയിലാണെങ്കിലും സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്‌. ഒപ്പം അഡ്രസ്‌ ചെയ്യപ്പെടാതെ പോകുന്ന നിരവധി അസഹിഷ്‌ണുതകളും പ്രശ്‌നങ്ങളും നമ്മുടെ രാജ്യത്തുണ്ട്‌. അവയോടും പ്രതികരിക്കേണ്ടത്‌ കലാകാരന്റെ കടമ തന്നെയാണ്‌. അതിന്‌ കഴിയാത്തവര്‍ പ്രാതാപ്‌ പോത്തന്‍ പറഞ്ഞതുപോലെ ഉത്തരധ്രൂവത്തിലേക്ക്‌ പോകുക.
Join WhatsApp News
Sudhir Panikkaveetil 2015-11-25 04:49:28
മതവും ദൈവവും മനുഷ്യന്റെ ജീവിതം
ദുസ്സഹമാക്കുമ്പോൾ എന്തിനാണ് മനുഷ്യൻ
അതിന്റെ പിറകെ പോകുന്നത്. ദൈവ വചനങ്ങൾക്കൊന്നിനും ഒരു ശക്തിയുമില്ലെന്ന്
മനസ്സിലാക്കിയിട്ടും പാവം മനുഷ്യൻ പിന്നെയും
പിന്നെയും അതിന്റെ അടിമത്വത്തിൽ കഴിയുന്നു.
പ്രിയപ്പെട്ട അമീർ ഖാൻ 2015-11-25 11:33:15

പ്രിയപ്പെട്ട അമീർ ഖാൻ,

രാജ്യത്ത് ഭീതിദമായ സാഹചര്യമാണെന്നും രാജ്യം വിടാൻ ഭാര്യ നിർദേശിച്ചെന്നുമുള്ള താങ്കളുടെ പ്രസ്താവന ചില കാര്യങ്ങൾ ഓർമിച്ചെടുക്കാൻ നിർബന്ധിതനാക്കുന്നു...

ആദ്യമേ പറഞ്ഞു കൊള്ളട്ടേ, ഞാൻ താങ്കളുടെ ഒരു ആരാധകനാണ്. മാധുരി ദീക്ഷിതുമായി താങ്കൾ അഭിനയിച്ച "ദിൽ " ദൂരദർശനിൽ കണ്ട തൊണ്ണൂറുകളുടെ പാതിയിൽ ഇഷ്ടപ്പെട്ട് തുടങ്ങിയതാണ് താങ്കളെ. രാജാ ഹിന്ദുസ്ഥാനിയും ,സർഫരോഷും, ലഗാനും, ത്രീ ഇഡിയറ്റ്സും, താരേ സമീൻ പറും, ധൂം 3 യുമൊക്കെ ആ ഇഷ്ടം ആരാധനയിലേക്കും ബഹുമാനത്തിലേക്കും വളർത്തി.

2014 ഡിസംബർ 19 ന് പുറത്തിറങ്ങിയ "pk " ഞാനുൾപ്പെടെ ഹിന്ദു സമൂഹം അംഗീകരിച്ചത് അത് താങ്കളുടെ സിനിമ ആയതു കൊണ്ടു കൂടിയാണ്.  ഹിന്ദുക്കളെയും അവരുടെ ആചാരങ്ങളെയും പുഛിക്കുകയും, വിഗ്രഹാരാധനയും ബഹുദൈവാരാധനയും പാപമാണെന്നും, ഹിന്ദു സന്യാസിമാരൊക്കെ ആൾ ദൈവങ്ങളാണെന്നും സന്ദേശം നൽകുന്ന ഒരു pro- islamic ചിത്രമായിരുന്നു PK എന്നതിൽ അന്നുമിന്നും സംശയമുണ്ടായിരുന്നില്ല. " മുസൽമാൻ കഭീ ഛൂഠ് നഹീ ബോൽതാ " - മുസ്ളിം ഒരിക്കലും കളവ് പറയില്ല...( ഒരു പാകിസ്ഥാനിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ) എന്ന് കഥാന്ത്യത്തിൽ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ അന്യഗ്രഹ നായകൻ വിളിച്ചു പറയുമ്പോൾ സിനിമ അതിന്റെ ഹിന്ദു വിരുദ്ധ ഉദ്യമം പൂർത്തിയാക്കുന്നത് കണ്ടിട്ടും തീയേറ്ററിൽ ഒരു ഹിന്ദുവിന്റെയും ശാപവചനം  താങ്കൾക്കെതിരെ ഉയർന്നില്ല.

       താങ്കൾ സിനിമയിൽ ആൾദൈവത്തെ പ്രഹരിച്ചൊതുക്കിയപ്പോൾ അതിന് കൈയടിക്കുകയാണ് ജനങ്ങൾ ചെയ്തത്. അല്ലാതെ അതിന് മത വ്യാഖ്യാനം ചമക്കാനല്ല അന്ന് "അസഹിഷ്ണുവായ" ഹിന്ദു മെനക്കെട്ടത്.  സിനിമയിൽ മാത്രമല്ല പുറത്തും ആശാറാം ബാപ്പു, ഹരിയാനയിലെ രാംപാൽ എന്നിവരെ പോലെ കപട ആത്മീയ നാണയങ്ങളെ ഹിന്ദു സമൂഹം തള്ളിപ്പറഞ്ഞിട്ടുണ്ട്.   ഹിന്ദു സന്യാസിമാർ മുഴുവനും ആൾദൈവങ്ങളും കപടരും ആണെന്നല്ല താങ്കൾ സിനിമയിൽ ചിത്രീകരിച്ചതെന്നും ധരിച്ചോട്ടെ. 

ഹിന്ദു മതം ലോകത്തെ ഏറ്റവും ശാസ്ത്രീയ  മതമാണെന് ആരും അവകാശപ്പെടുന്നില്ല. എന്നാൽ ഹിന്ദു മതത്തിലേതിനെക്കാൾവലിയ " wrong number"കൾ അമീർഖാൻ, താങ്കൾ സ്വയം വിശ്വസിക്കുന്ന Abrahamic മതങ്ങളിൽ ( Islam ,Xian ) ഉണ്ടെന്ന വസ്തുത അറിയാതെ പോയതോ അതോ മറച്ചു വെക്കുന്നതോ? അവയെ ഒന്നും ഒരു നോട്ടം കൊണ്ടു പോലും വേദനിപ്പിക്കാതെ ഹിന്ദുവെന്ന Safe Zone ൽ വേഷമാടിത്തീർത്ത് മാറി നിന്ന് പൊട്ടിച്ചിരിക്കുകയല്ലേ താങ്കൾ ചെയ്തത്? എത്ര "അസഹിഷ്ണുക്കൾ " താങ്കളുടെ വീടിന് കല്ലെറിഞ്ഞു.? എത്ര പേർ അസഭ്യം വിളിച്ചു?

       എന്തായാലും അമീർ പിന്തുടരുന്ന മതധാരയുടെ ആഗോള ഭൂരിപക്ഷ കേന്ദ്രങ്ങളിൽ, അതേ നാട്ടിലെ മത- ന്യൂനപക്ഷ വിഭാഗത്തിലെ ഒരംഗം, ഭൂരിപക്ഷ വിശ്വാസങ്ങളെ താറടിച്ച് ഒരു സിനിമ ചെയ്താൽ എന്താവും അവസ്ഥ എന്നൊന്ന് ചിന്തിച്ചാൽ നന്ന്. മതവികാരം വ്രണപ്പെടുത്തിയ സിനിമ നിർമിച്ചു എന്നാരോപിച്ച്   പട്ടാളം തന്റെ മകൾക്ക് ബലാൽസംഘ ഭീഷണി നൽകിയിരിക്കുന്നെന്ന് ഗോവ ച ലച്ചിത്ര മേളക്കിടെ വിലപിച്ച ഇറാനിയൻ സംവിധായികനെ അമീർ മറന്നോ? എന്തിന് , മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന് ഫ്രാൻസിലെ "ചാർലി ഹെബ്ദോ " വാരികയിലെ പത്രപ്രവർത്തകർക്ക് സമാധാനത്തിന്റെ മതവിഭാഗം നൽകിയ പുരസ്കാരം അങ്ങ് മറന്നു പോയോ? സരസ്വതിയെയും ഹനുമാനെയും ഉൾപ്പെടെ ഹിന്ദു ആരാധനാ മൂർത്തികളെ ബ്രഷും ചായവും കൊണ്ട് ബലാൽസംഘം ചെയ്ത എം എഫ് ഹുസൈൻമാരെ രവിവർമ പുരസ്കാരങ്ങൾ നൽകി ആദരിച്ച "മതേതര"ൻമാർ കുമിഞ്ഞു കൂടിയ മണ്ണാണിതെന്ന് അങ്ങ് മറന്നു പോയോ?  

          വസ്തുതകൾ എതിരായിരിക്കെ "ഇന്ത്യയിൽ അസഹിഷ്ണുത നടമാടുന്നെന്നും, പലായനം ചെയ്യാൻ ഭാര്യയും താനും ആലോചിച്ചെന്നു"മുള്ള അങ്ങയുടെ പ്രസ്താവനയിൽ രാഷ്ട്രീയമോ, മതമോ ഇല്ലെന്ന് ആശ്വസിക്കാനാണ് ഇഷ്ടം. കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ "ദിൽ " തുടങ്ങി "PK" വരെ അങ്ങയുടെ ചിത്രങ്ങൾ കണ്ട് ആരാധകനായ എനിക്ക് , എന്നേ പോലെ "അസഹിഷ്ണുക്കളായ  ഹിന്ദുക്കൾക്ക് " ഇതു വരെ അങ്ങയെ ഒരു മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ തൊഴുത്തിൽ കെട്ടാനായിരുന്നില്ല, ഒരു കലാകാരനായി കാണാനായിരുന്നു, ആരാധിക്കാനും, ബഹുമാനിക്കാനും ആയിരുന്നു ഇഷ്ടം. കലയ്ക്കും കലാകാരനും മത-വർണ-വർഗ - ജാതി- ലിംഗമില്ല എന്നാണ് വിശ്വസിച്ചിരുന്നത്. താങ്കൾ ഉൾപ്പെടെ കലാകാരൻമാർ രാജ്യത്തിന്റെ സമ്പത്താണെന്നാണ് വിശ്വസിച്ചിരുന്നത്.   
    

" പോണമെന്നുണ്ടെങ്കിൽ ചുമ്മാ അങ്ങ് പോയാപ്പോരേ; എന്റെ രാജ്യത്തെ അപമാനിച്ചിട്ട് കെടുത്തിയിട്ട് വേണോ " എന്ന് ക്രിക്കറ്റർ രവീന്ദ്ര ജഡേജ ചോദിക്കും പോലെ ഞാൻ ചോദിക്കുന്നില്ല. " ഭയവും വെറുപ്പും വിതക്കരുതെന്ന് " അനുപം ഖേർ പറഞ്ഞതു പോലെയും പറയുന്നില്ല. മോശം സാഹചര്യത്തിൽ രാജ്യമുപേക്ഷിക്കാൻ തോന്നുന്നത് ദേശസ്നേഹികളുടെ ലക്ഷണമല്ല എന്ന് പരേശ് റാവൽ പറഞ്ഞതു പോലെയും ഞാൻ താങ്കളോട് പറയുന്നില്ല.പക്ഷേ....

                  
                   സ്വതവേ ഇസ്ലാമികഇരവാദിയായ ഷാരൂഖ് ഖാൻ പതിവ്   വാചാടോപം നടത്തിയപ്പോൾ അതിന് വ്യക്തമായ അജണ്ട ഉണ്ടെന് കരുതി സമാധാനിച്ചവരാണ് ഇന്ത്യക്കാർ.   ഇപ്പോൾ രാജ്യം ജീവിക്കാൻ കൊള്ളാതായി എന്ന് തോന്നുന്ന അങ്ങ് എത് സുന്ദര പറുദീസയിലേക്കാവും പോവുക എന്ന് ആകാംക്ഷയോടെ മാത്രം കാത്തിരിക്കുന്നു. മതനിയമങ്ങൾ മനുഷ്യനെ അടിമയാക്കാത്ത, ലോക സമാധാനത്തിന്റെ ആസ്ഥാനമായ സൗദി അറേബ്യയിലേക്കോ? മതസ്വാതന്ത്ര്യവും ജനാധിപത്യവും കളിയാടുന്ന മധുര മനോജ്ഞ വിപ്ലവ ഭൂമിയായ ചൈനയിലേക്കോ? സ്വർഗത്തിലേക്ക് ടിക്കറ്റുമായി കാത്തിരിക്കുന്ന പാകിസ്ഥാനിലേക്കോ? ഖലീഫ ഭരണത്തിൻ കീഴിൽ അനുദിനം പുരോഗതിയുടെ പടവുകൾ താണ്ടുന്ന സിറിയ/ ഇറാഖിലേക്കോ? പരസ്പരം പള്ളികളിൽ പടക്കം പൊട്ടിച്ച് കളിക്കുന്ന ആഫ്രിക്കൻ നാടുകളിലേക്കോ ? വംശീയവെറി ഒട്ടുമില്ലാത്ത ആസ്ത്രേലിയയിലേക്കോ? "ഖാൻ " എന്ന വാലു കണ്ടാൽ തുണിയഴിച്ച് പരിശോധിക്കാത്ത അമേരിക്കയിലേക്കോ??

എവിടെയാണെങ്കിലും താങ്കൾക്കും ഹിന്ദുവായ ഭാര്യ കിരണിനും ഇന്ത്യയിലെ " അസഹിഷ്ണുക്കളായ ഹിന്ദു"ക്കൾ എന്നും നൻമകൾ മാത്രം നേരുന്നു...!!

Indian 2015-11-25 11:42:25
ദാദ്രിയില്‍ ആളെ കൊന്നത് സഹിഷ്ണുതയാണോ? സുപ്രീം കോടതി വിധി പോലും ലംഘിച്ച് ബാബരി മസ്ജി പൊളിച്ചത് സഹിഷ്ണുതയാണോ? അതിനു ശേഷം കലാപത്തില്‍ ജനത്തെ കൊന്നതും സഹിഷ്ണുത? ഗുജറാത്തില്‍ കലാത്തില്‍ നിരപരാധികളെ കൊന്നത്? ഓ, അത് ഗോദ്ര സംഭവത്തിനു പകരം ചെയ്ത നിസ്സര സംഭവമാണല്ലോ?
ഒരു അര്‍ദ്ധ സൈനിക വിഭാഗത്തെ ആര്‍.എസ്.എസ്. വളര്‍ത്തുന്നതും സഹിഷ്ണുത കൊണ്ടണോ? അതു ആരെ നേരിടാനാണു? മറ്റു ഇന്ത്യാക്കാരെ ആല്ലാതെ ആരെ?
മഹാഭൂരിപക്ഷം ഹിന്ദുക്കളൂം സഹിഷ്ണുതയുള്ളവരാണു. അല്ലാത്തവരാണു വിമര്‍ശകരെ അടിച്ചൊതുക്കാന്‍ ഇറങ്ങുന്നത്.
അതു പോലെ തന്നെ നിങ്ങളോടു ഞങ്ങല്‍ സഹിഷ്ണുത കാട്ടി എന്നു പറയുമ്പോല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു ഔദാര്യം തന്നു എന്നാണുദ്ധേശിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച പൗരനു ആരൂടെയെങ്കിലും ഔദാര്യം വേണോ, അതോ സ്വാതന്ത്ര്യം വേണോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക