Image

തെരഞ്ഞെടുപ്പ്‌ സുതാര്യമാക്കും: ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം

Published on 18 January, 2012
തെരഞ്ഞെടുപ്പ്‌ സുതാര്യമാക്കും: ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം
കുവൈറ്റ്‌ സിറ്റി: ഫെബ്രുവരി രണ്ടിന്‌ നടക്കുന്ന 14ാമത്‌ ദേശീയ അസംബ്‌ളിയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ സുതാര്യവും സുഗമവുമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും അതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശൈഖ്‌ സല്‍മാന്‍ അല്‍ സാലിം അസ്വബാഹ്‌ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പ്രവര്‍ത്തനമാരംഭിച്ച പ്രസ്‌ സെന്‍ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ്‌ കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്‌തുകൊണ്ടിരിക്കുകയാണെന്നറിയിച്ച അണ്ടര്‍ സെക്രട്ടറി അതിനുവേണ്ടി സ്വതന്ത്ര ചുമതലയുള്ള കമ്മീഷനും പ്രചാരണത്തിന്‌ മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതിയും രൂപവല്‍ക്കരിക്കാന്‍ കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനിച്ച കാര്യം എടുത്തുപറഞ്ഞു. കമ്മീഷനും സമിതിയും ഉടന്‍ നിലവില്‍വരുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കുവൈത്ത്‌ ട്രാന്‍സ്‌പരന്‍സി സൊസൈറ്റിയുമായി ചേര്‍ന്ന്‌ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ബോധവല്‍ക്കരണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ കാര്യത്തില്‍ നിയമം പാലിക്കപ്പെടുന്നുണ്ടെന്നുറപ്പാക്കാന്‍ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളുമായും സ്ഥാപനങ്ങളുമായും ചേര്‍ന്ന്‌ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സംയുക്ത പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്‌.

രാജ്യത്തിന്‍െറ ചരിത്രത്തിലാദ്യമായി സ്ഥാനാര്‍ഥികള്‍ക്ക്‌ ദേശീയ ചാനല്‍ വഴി പ്രചരണം നടത്താന്‍ ഇത്തവണ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അവസരമൊരുക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഈ മാസാവസാനം സംപ്രേഷണം ചെയ്യുന്ന മൂന്നു മിനിറ്റ്‌ നീളുന്ന പ്രചാരണ വീഡിയോക്കായി ഇതുവരെ 175 ഓളം സ്ഥാനാര്‍ഥികള്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. സൗജന്യമായാണ്‌ ഈ സൗകര്യം അനുവദിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനെ കുറിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ ബോധവല്‍ക്കരണം നടത്തുന്നതിന്‍െറ ഭാഗമായി പ്രസ്‌ സെന്‍ററില്‍ വിദഗ്‌ധരുടെ പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ടെന്നും അണ്ടര്‍ സെക്രട്ടറി അറിയിച്ചു. ആഭ്യന്തര, നീതിന്യായ മന്ത്രാലയ പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ്‌ സുതാര്യമാക്കും: ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക