Image

മൗനം (ഗദ്യകവിത: മോളി റോയി)

Published on 23 November, 2015
മൗനം (ഗദ്യകവിത: മോളി റോയി)
മൗനമെന്ന രണ്ടക്ഷരത്തിന്റെ വ്യാപ്തി. പ്രപഞ്ചത്തിന്റെ ഏതു രഹസ്യ അറയിലാണതിന്റെ അളവുകോല്‍?

മൗനമേ നീ ഒറ്റയാള്‍ പട്ടാളം.
മര്‍ത്യ ജീവിത സായാഹ്‌നങ്ങള്‍,  അതാണു നിന്റെ പടക്കളം
സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിയ്‌ക്കുമ്പോള്‍ നിന്നിലൂറുന്ന നിഗൂഡമായ മന്ദസ്‌മിതം - വന്യമായ ഒരുന്‍മാദം.......?
ഭാഷേ , നിന്റെ മക്കളായ പദങ്ങളാല്‍ ശരവര്‍ഷമെയ്‌ത്‌ നീ ആശയങ്ങളിലൂടെ മനുഷ്യ ജന്‍മങ്ങളെ അമ്മാനമാടുമ്പോള്‍, നിന്നെ കടമെടുക്കാതെ വികാരങ്ങളുടെ സമന്വയ ഭാവതലങ്ങളെ അവയുടെ മൂര്‍ത്തീഭാവത്തിലെത്തിക്കുന്ന മൗനമേ നിന്നെ പ്രണമിയ്‌ക്കാതെ വയ്യ......

ജനിയില്‍ നിന്നും മൃതിയിലേക്കുള്ള മര്‍ത്യ പാലായനത്തില്‍ നിന്റെ 
നുഴഞ്ഞുകയറ്റം ആരും അറിയാതെ പോകുന്നതോ അതോ നി്‌ന്നില്‍ അന്തര്‍ലീനമായിരി്‌ക്കുന്ന നിഗൂഢശക്‌തിയെ മറയാക്കി മനുഷ്യ  ജന്‍മങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഓടിയകലുന്നതാകുമോ?

നീ ശരിയും തെറ്റുമാണ്‌.....
നീയെന്ന ശരിയാല്‍ എത്രയെത്ര കലഹങ്ങളെ വേരോടെ നീ പിഴുതെടുത്തു കളഞ്ഞിരിയ്‌ക്കുന്നു???
എങ്കിലും എപ്പോഴൊക്കെയോ നീ തെറ്റായും മാറിയില്ലേ?
നീയാല്‍ അടിച്ചമര്‍ത്തപ്പെട്ട എന്നിലെ ശരികള്‍....അവര്‍ക്കു നിന്നോടു പകയുണ്ടാകുമോ? അറിയില്ല

ചങ്കുപറിച്ചു നല്‍കിയ അവളുടെ പ്രണയം....ആ ക്രൂരതയ്‌ക്കു നീ മാപ്പര്‍ഹിയ്‌ക്കുന്നുണ്ടോ?
നിന്നിലെ ഭീരുത്വത്തി
നു നല്‍കിയ വിലയോ എത്ര വലുതായിരുന്നു?
ജീവിത വസന്തങ്ങളില്‍ നീ വിരുന്നുകാരന്‍ മാത്രമായിരുന്നില്ലേ?
വിജയപരാജയങ്ങള്‍ ഒത്തിരി സമ്മാനിച്ചു....
എന്നിട്ടും തൃപ്‌തിയടയാതെ പാവം മനുഷ്യ  ജന്‍മങ്ങളുടെ പ്രദോഷ കാലങ്ങളില്‍ നിത്യസന്ദര്‍ശകനായിയെത്തുന്ന നിന്നെ കുറ്റപ്പെടുത്തുന്നതെങ്ങനെ???
കാരണം ഈ യാത്രയുടെ കലാശ നാളുകളില്‍ ഓര്‍മപ്പൂവുകളുടെ ചെപ്പു തുറക്കുമ്പോള്‍ എന്റെ കഥയുടെ കേള്‍വിക്കാരനാകുവാന്‍ നീ മാത്രമേ എന്നരികിലുണ്ടാവുകയുള്ളൂ
മൗനം (ഗദ്യകവിത: മോളി റോയി)
Join WhatsApp News
വിദ്യാധരൻ 2015-11-24 12:29:11
മൗനത്തിനൊണ്ടൊട്ടേറെയർത്ഥം 
മൗനം വിദ്വാനു ഭൂഷണം അതി -
മൗനം ഭ്രാന്തിന്റെ ലക്ഷണം 
മൗനംധീക്ഷിപ്പത്  ചിലപ്പോളുത്തമം 
മൗനമായിരുന്നാൽ ഈശ്വരനെക്കാണാം 
മൗനമായി പ്രണയിക്കാം 
മൗനം സമ്മതമായും എടുക്കാം 
മൗനം പോലും മതുരമാകും ചിലപ്പോൾ 
മൗനം ചിലപ്പോൾ ഭയം ജനിപ്പിക്കും 
മൗനം മൂത്ത് ചിലർ മലമുകളിൽ പോയി 
മൗനിയായിരിക്കും, മുനിയായി തിരികെ വരും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക