Image

ഇമെയില്‍ വിവാദം: വാര്‍ത്ത നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

Published on 18 January, 2012
ഇമെയില്‍ വിവാദം: വാര്‍ത്ത നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ മാത്രം ഇമെയിലുകള്‍ പോലീസ് പരിശോധിച്ചതായി വന്ന വാര്‍ത്ത നിര്‍ഭാഗ്യകരമായി പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുപോലുള്ള വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാര്‍ത്തയും പട്ടികയും നല്‍കിയ മാധ്യമം വാരിക അത് പൂര്‍ണ്ണമായല്ല നല്‍കിയത്. അതിലെ മറ്റ് മതസ്ഥരുടെ പേരുകള്‍ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 268 പേരുള്ള പട്ടികയില്‍ വാരിക നല്‍കിയത് 257 പേരായിരുന്നു. അതില്‍ തന്നെ ഇമെയിലുകള്‍ പേരുമാറിയും നിരതെറ്റിച്ചുമാണ് പ്രസിദ്ധീകരിച്ചത്. ബാക്കിയുള്ളവരുടെ പേരുകളില്‍ ഒഴിവാക്കിയത് എന്തിനെന്ന് വാരിക വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കേരളാ പോലീസിന്റെ നിരീക്ഷണത്തിലുള്ള ഒരാളില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചില അന്വേഷണങ്ങള്‍ പോലീസ് നടത്തിയത്. ഇത് പതിവ് രീതിയിലുള്ള പരിശോധനയായിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കത്തയച്ച് മറുപടി തേടുകയായിരുന്നു ഉദ്ദേശം. എന്നാല്‍ കത്തെഴുതിയ പോലീസുകാരന് ചില പിശകുകള്‍ പറ്റിയെന്നും ഇത് സംബന്ധിച്ച വിവാദം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക