Image

കശ്മീരില്‍ മഞ്ഞുവീഴ്ച: 130 പേരെ മാറ്റിപ്പാര്‍പ്പിച്ചു

Published on 18 January, 2012
കശ്മീരില്‍ മഞ്ഞുവീഴ്ച: 130 പേരെ മാറ്റിപ്പാര്‍പ്പിച്ചു
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് തുടര്‍ച്ചയായ നാലാംദിവസവും കശ്മീര്‍ താഴ്‌വര ഒറ്റപ്പെട്ടു. രാംബന്‍ ജില്ലയിലെ 130-പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ ഒട്ടേറെ മഞ്ഞുമലകള്‍ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ശതാനി നള്ള, നാചലന, ഖിലാന്‍മാര്‍ഗ്, ഉരി, ചൗകിബാല്‍, ടാങ്ദര്‍, കേരാന്‍, മാച്ചില്‍, ഗുറെസ് മേഖലകളിലാണ് മഞ്ഞുമലകള്‍ ഇടിഞ്ഞ് വഴി തടസ്സപ്പെട്ടത്. ഇവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.

300 കി.മീറ്റര്‍ നീളമുള്ള ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍നിന്നും മഞ്ഞ് നീക്കാനുള്ള തീവ്രശ്രമത്തിലാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍. മഞ്ഞുമലകളിടിയുന്നതും വഴി തടസ്സപ്പെടുത്തുന്നുണ്ട്.

ചരക്കുലോറികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ ഞായറാഴ്ച മുതല്‍ ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് യാത്ര തുടരാനാവാത്ത സ്ഥിതിയാണ്. റോഡ് സുരക്ഷിതമെന്ന് ബോധ്യപ്പെടുംവരെ യാത്ര അനുവദിക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക