Image

ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി

Published on 18 January, 2012
ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി
ലുധിയാന: 57-ാമത് ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കമായി. രാവിലെ 11 മണിക്ക് മീറ്റിന്റെ ഉദ്ഘാടനം നടന്നു. പതിനഞ്ചാം ദേശീയകിരീടം തേടിയാണ് കേരളം ലുധിയാനയിലെത്തിയിരിക്കുന്നത്.

കിരീടമുറപ്പിക്കാനുള്ള കേരളത്തിന്റെ കഠിന പ്രയത്‌നത്തിന് ലുധിയാനയിലെ അതിശൈത്യമാണ് കടുത്ത വെല്ലുവിളി. എന്നാല്‍, അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യുന്ന ഹരിയാണയെയും പഞ്ചാബിനെയും പോലുള്ള എതിരാളികളുടെ വെല്ലുവിളിയും ചാമ്പ്യന്മാര്‍ക്കുണ്ട്. ദേശീയ ജൂനിയര്‍ മീറ്റിലും അന്തസ്സര്‍വകലാശാല മീറ്റിലും കേരളത്തിന്റെ താരങ്ങള്‍ക്കേറ്റ തിരിച്ചടി സ്‌കൂള്‍ മേളയിലും ആവര്‍ത്തിക്കുമോ എന്ന് ആശങ്കപ്പെടുന്നവരേറെയാണ്.

തുടര്‍ച്ചയായി ആറാം ദേശീയ സ്‌കൂള്‍കായികമേളയ്ക്കിറങ്ങുന്ന പാലക്കാട് പറളി സ്‌കൂളിലെ എം.ഡി. താരയാണ് കേരളത്തെ നയിക്കുന്നത്. 5000, 3000, 1500 എന്നീയിനങ്ങള്‍ക്കു പുറമെ, ക്രോസ് കണ്‍ട്രിയിലും താര മത്സരിക്കുന്നു. ആദ്യദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ താര മത്സരിക്കാനിറങ്ങും.

തണുപ്പ് പ്രകടനത്തെ എങ്ങനെ ബാധിക്കുമോയെന്നറിയില്ലെങ്കിലും കേരളം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി പരിശീലകര്‍ പറയുന്നു. മത്സരങ്ങള്‍ അതിരാവിലെ ആരംഭിക്കില്ലെന്നതും ഇത്തരം കാലാവസ്ഥകളില്‍ മുമ്പും മത്സരിച്ച് പരിചയമുണ്ടെന്നതും കേരളത്തിന്റെ സാധ്യതകള്‍ സക്രിയമായി നിലനിര്‍ത്തുന്നുണ്ടെന്ന് പരിശീലകരിലൊരാളായ പി.ജി. മനോജ് അഭിപ്രായപ്പെട്ടു.

തണുപ്പിനെ അതിജീവിക്കുകയാണ് വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട മറ്റൊരു പരിശീലകനായ രാജു പോള്‍, കുട്ടികള്‍ക്ക് കൂടുതല്‍ വാംഅപ്പ് ചെയ്യാനുള്ള സമയം കിട്ടിയാല്‍ ഈ പ്രതികൂല കാലാവസ്ഥകളെ മറികടക്കാനാകുമെന്ന വിശ്വാസമാണ് പ്രകടിപ്പിച്ചത്. ഗുരുനാനാക് സ്റ്റേഡിയത്തിലെ നിലവാരമുള്ള ട്രാക്കില്‍ കേരളത്തിന്റെ താരങ്ങള്‍ക്ക് കഴിഞ്ഞ തവണത്തേതുപോലെ മികവുകാട്ടാനാകുമെന്ന് ടീമിന്റെ ഓര്‍ഗനൈസര്‍ ഡോ. ചാക്കോ ജോസഫ് പറഞ്ഞു. പുണെയില്‍ 40 സ്വര്‍ണം നേടിയ കേരളം ഇക്കുറി 35 ഇനത്തിലെങ്കിലും ഒന്നാമതെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

68 പെണ്‍കുട്ടികളും 56 ആണ്‍കുട്ടികളുമാണ് കേരളത്തിനുവേണ്ടി മത്സരരംഗത്തുള്ളത്. 23-ന് മീറ്റ് സമാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക