Image

മന്ത്രി ജോസഫിന്റെ നിലപാടുകള്‍ ശബരിമല തീര്‍ഥാടനം അട്ടിമറിച്ചു: കുമ്മനം

Published on 18 January, 2012
മന്ത്രി ജോസഫിന്റെ നിലപാടുകള്‍ ശബരിമല തീര്‍ഥാടനം അട്ടിമറിച്ചു: കുമ്മനം
പത്തനംതിട്ട: മുല്ലപ്പെരിയാര്‍ സമരത്തിന്റെ പേരില്‍ മന്ത്രി പി. ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വീകരിച്ചിട്ടുള്ള നിലപാടുകളിലെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടേണ്ടതാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല തീര്‍ഥാടനം അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് മുല്ലപ്പെരിയാര്‍ സമരം മുന്നോട്ടു കൊണ്ടുപോയതെന്ന് രാജശേഖരന്‍ കുറ്റപ്പെടുത്തി. തീര്‍ഥാടകരുടെ വാഹനങ്ങള്‍ സമരത്തിന്റെ മറവില്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു.

പി.ജെ.ജോസഫിന്റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു രമ്യമായ പരിഹാരം ഉണ്ടാകുന്നതിനുവേണ്ടിയായിരുന്നില്ലെന്നും മറിച്ചു പ്രകോപനം സൃഷ്ടിച്ചും വികാരം ഇളക്കിവിട്ടും രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതിനും ശബരിമല തീര്‍ഥാടനത്തെ തുരങ്കം വയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നു കുമ്മനം പറഞ്ഞു. മണ്ഡലവ്രതം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് പ്രക്ഷോഭം ശക്തിപ്പെടുത്തുകയും തീര്‍ഥാടനം അവസാനിക്കുന്ന ഘട്ടത്തില്‍ പ്രക്ഷോഭത്തില്‍ നിന്നു പിന്മാറുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. മഴയോ വെള്ളപ്പൊക്കമോ ഒന്നുമില്ലാത്ത തീര്‍ഥാടനകാലത്തു ഡാം പൊട്ടുമെന്ന് പ്രചരിപ്പിച്ചതില്‍ നിന്നും ഉന്നംവയ്ക്കുന്നത് ശബരിമലയാണെന്നും വ്യക്തമായെന്നും കുമ്മനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക