Image

ഔട്ട്‌സൈഡര്‍ ചിത്രീകാരണം തുടങ്ങി

Published on 17 January, 2012
ഔട്ട്‌സൈഡര്‍ ചിത്രീകാരണം തുടങ്ങി
ശ്രീനിവാസന്‍, ഇന്ദ്രജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേംലാല്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഔട്ട്‌സൈഡര്‍ ചാലക്കുടിയില്‍ ആരംഭിച്ചു. മാണിക്യക്കല്ലിനുശേഷം ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ് ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മവും ചാലക്കുടി മെന്റോസ് ഹോട്ടലില്‍ നടന്നു. നടന്‍ ശ്രീനിവാസനാണ് ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കംകുറിച്ചത്. പത്രപ്രവര്‍ത്തകനായ പ്രേംചന്ദ് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചപ്പോള്‍ ഔട്ട്‌സൈഡറുടെ ആദ്യ ക്ലാപ്പടിച്ചത് തിരക്കഥാകൃത്തായ ദീദി ദാമോദരനായിരുന്നു. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത് സംസാരിച്ചു.

ഒരു സാധാരണ ബോട്ട്‌ഡ്രൈവറാണ് ശിവന്‍കുട്ടി. കിട്ടുന്ന ശമ്പളംകൊണ്ട് വളരെ ശാന്തമായും സന്തോഷത്തോടെയും മറ്റു കാര്യങ്ങളില്‍ ഇടപെടാതെ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്‍. ഭാവി ജീവിതം ഭാഗ്യപാതയിലേക്ക് നയിക്കാന്‍ ഓരോ ദിവസവും കഷ്ടപ്പെടുന്നയാള്‍. അയാളുടെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവരുകയാണ്. പുറമേനിന്ന് കടന്നുവന്ന അയാള്‍, ശിവന്‍കുട്ടിയുടെ സ്വഭാവവും പ്രവര്‍ത്തിയും സ്വാധീനിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ശിവന്‍കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് ഒരു ക്രിമിനല്‍ ആയിരുന്നു. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞ ആ സത്യത്തെ മറികടക്കാന്‍ ശിവന്‍കുട്ടി ശ്രമിക്കുകയാണ്. ആ ക്രിമിനലില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളുമായി ഒടുവില്‍ ശിവന്‍കുട്ടി സ്വന്തം ജീവിതത്തില്‍നിന്നും ഔട്ട്‌സൈഡറായി മാറുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് ശിവന്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നCളാണ് ഔട്ട്‌സൈഡറില്‍ പ്രേംലാല്‍ ദൃശ്യവത്കരിക്കുന്നത്. ശ്രീനിവാസനാണ് ശിവന്‍കുട്ടിയായി പ്രത്യക്ഷപ്പെടുന്നത്.

ഒരുകാലത്ത് ശിവന്‍കുട്ടിയുടെ ഇഷ്ടക്കാരനല്ലാതിരുന്ന മുകുന്ദന്‍, കാലത്തെ മറികടന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ സഹായിക്കാന്‍ എത്തുമ്പോള്‍ ജീവിതത്തിന്റെ മറ്റൊരു മൂല്യംകൂടി തിരിച്ചറിയുകയാണ്. പരുക്കനും വഴക്കാളിയുമായ മുകുന്ദനെ ഇന്ദ്രജിത് അവതരിപ്പിക്കുന്നു.

തമിഴ്‌നടന്‍ പശുപതി ലോറന്‍സ് എന്ന നെഗറ്റീവ് സ്വഭാവമുള്ള അതിശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. ശ്രീജിത് രവി, ഗീഥാ സലാം, പുതുമുഖ നായിക ഗംഗാ ബാബു എന്നിവരാണ് മറ്റു താരങ്ങള്‍.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലും ഏതു നിമിഷവും ഒരു ഔട്ട്‌സൈഡര്‍ കടന്നുവരാം. അത് ഒരു ക്രിമിനലാണെങ്കില്‍ അയാളുടെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് ഒരു സാധാരണവ്യക്തിയുടെ കുടുംബപശ്ചാത്തലത്തില്‍ ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്ക്തഞ. സംവിധായകന്‍ പ്രേംലാല്‍ പറഞ്ഞു.

ഷമീര്‍ഹക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചന്ദ്രശേഖരന്‍ എങ്ങണ്ടിയൂര്‍ എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് നവാഗതനായ സംഗീത് ആണ്. ജയചന്ദ്രന്‍, കാര്‍ത്തിക്, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ഗായകര്‍.

കല- ജ്യോതിഷ്, മേക്കപ്- ശ്രീജിത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്‌വെല്‍, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുകര, അസോസിയേറ്റ് ഡയറക്ടര്‍- സൂര്യന് കുനിശേരി, ജിത്തു, സംവിധാന സഹായികള്‍- ജയരാജ്, ജിഷോ ആന്റണി, വി.കെ. സാജന്‍, സുനിത്, പ്രൊഡ. എക്‌സിക്യൂട്ടീവ്- സഞ്ജീവ് അര്‍ജുനന്‍, നിബു ജി.എസ്, പ്രൊഡ. കണ്‍ട്രോളര്‍- എസ്. മുരുകന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനില്‍.

ഔട്ട്‌സൈഡര്‍ ചിത്രീകാരണം തുടങ്ങി
ഔട്ട്‌സൈഡര്‍ ചിത്രീകാരണം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക