Image

ഒബാമ-റോംനി പോരാട്ടം കടുത്തതാകുമെന്ന് സര്‍വെ; ഇംഗ്ലീഷ് വിക്കിപീഡിയയ്ക്ക് നാളെ പ്രതിഷേധ അവധി; ഹണ്ട്‌സ്മാന്‍ പിന്‍മാറി

Published on 17 January, 2012
ഒബാമ-റോംനി പോരാട്ടം കടുത്തതാകുമെന്ന് സര്‍വെ; ഇംഗ്ലീഷ് വിക്കിപീഡിയയ്ക്ക് നാളെ പ്രതിഷേധ അവധി; ഹണ്ട്‌സ്മാന്‍ പിന്‍മാറി
വാഷിംഗ്ടണ്‍: അടുത്തവര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവുമെന്ന് കരുതുന്ന മിറ്റ് റോംനിയും തമ്മിലുള്ള മത്സരം കടുത്തതാകുമെന്ന് സര്‍വെ. സിഎന്‍എന്‍/ഒആര്‍സി സര്‍വെ അനുസരിച്ച് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും തുല്യസാധ്യതയാണ് കല്‍പിക്കുന്നത്. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതി മെച്ചപ്പെടുത്താന്‍ ഒബാമയ്ക്ക് കഴിയുമെന്ന് 40 ശതമാനം പേര്‍ വിശ്വസിയ്ക്കുമ്പോള്‍ 53 ശതമനം പേരും മിറ്റ് റോംനിയ്ക്കാണ് അതിന് കഴിയുമെന്ന് വിശ്വസിക്കുന്നത്.

ന്യൂഹാംപ്‌ഷെയര്‍ പ്രൈമറിയ്ക്കുശേഷം 11, 12 തീയതികളിലാണ് സിഎന്‍എന്‍/ഒആര്‍സി സര്‍വെ നടത്തിയത്. അതേസമയം ഫോക്‌സ് ന്യൂസ് നടത്തിയ സര്‍വെ അനുസരിച്ച് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ 46 ശതമാനം പേര്‍ ഒബാമയെയും 45 ശതമാനം പേര്‍ റോംനിയെയും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കുന്നു. സാംപിള്‍ ശേഖരിക്കുന്നതിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പരിഗണിച്ചാല്‍ പോലും ഒബാമയ്ക്ക് 51 ശതമാനവും റോനിയ്ക്ക് 46 ശതമാനവും പിന്തുണയായിരിക്കും ഉണ്ടാവുകയെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം: ജോണ്‍ ഹണ്ട്‌സ്മാന്‍ പിന്‍മാറി

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് ജോണ്‍ ഹണ്ട്‌സ്മാന്‍ പിന്‍മാറി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാനുള്ള പോരാട്ടത്തില്‍ നിന്ന് പിന്‍മാറിയ ഹണ്ട്‌സ്മാന്‍, മിറ്റ് റോംനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബറാക് ഒബാമയെ തോല്‍പ്പിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കേണ്ട സമയമായെന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ഹണ്ട്‌സ്മാന്‍ പറഞ്ഞു. ചില അഭിപ്രായ വ്യത്യാസങ്ങളുണ്‌ടെങ്കിലും തന്റെ പിന്തുണ മിറ്റ് റോംനിയ്ക്കായിരിക്കുമെന്നും ഹണ്ട്‌സ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, ഹണ്ട്‌സ്മാന്റെ പിന്‍മാറ്റം സൗത്ത് കരോലീന പ്രൈമറിയില്‍ മിറ്റ് റോംനിയ്ക്ക് ഗുണകരമാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സൗത്ത് കരോലീനയില്‍ പരമ്പരാഗത വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ റോംനിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ 21ന് നടക്കുന്ന പ്രൈമറിയില്‍ റിക് സാന്റോറം, ന്യൂട്ട് ഗിംഗ്‌റിച്ച് എന്നിവരില്‍ നിന്ന് റോംനിയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ഇംഗ്ലീഷ് വിക്കിപീഡിയയ്ക്ക് നാളെ പ്രതിഷേധ അവധി

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന നിര്‍ദിഷ്ട സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്(സോപ), യുഎസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട്(പിപ) നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധസൂചകമായി ഇംഗ്ലീഷ് വിക്കിപീഡിയ പ്രതിഷേധ അവധി പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ നേരത്തേക്കായിരിക്കും ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനശേഖരമായ ഇംഗ്ലീഷ് വിക്കിപീഡിയ അപ്രത്യക്ഷമാകുക. ഇന്റര്‍നെറ്റ് ലോകത്തിനുമേല്‍ പുതിയ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ സോപ, പിപ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് പ്രധാന ആക്ഷേപം. വിക്കി പീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ അവരുടെ ഹോം വര്‍ക്കുകള്‍ നേരത്തെ ചെയ്തുതീര്‍ക്കണമെന്ന് വിക്കിപീഡിയ സ്ഥാപകരിലൊരാളായ ജിമ്മി വെയ്ല്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം വിക്കിപീഡിയയ്ക്ക് പിന്തുണയുമായി യുഎസില്‍ നിരവധി വെബ്‌സൈറ്റുകളും രംഗത്തെത്തിയിട്ടുണ്ട്. റെഡ്ഡിറ്റ്, ബോയിംഗ് ബോയിംഗ് എന്നിവയ്ക്കു പുറമെ നിരവധി ചെറുസൈറ്റുകളും സര്‍ക്കാര്‍ നിയമനിര്‍മാണത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നുള്ള സിനിമ, സംഗീത, ഉള്ളടക്ക മോഷണങ്ങള്‍ തടയാനാണ് നിയമം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വാദം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ നിയമങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി ചര്‍ച്ചകള്‍ അമേരിക്കയില്‍ നടക്കുന്നുണ്ട്. 282 ഭാഷകളിലായി 20 ലക്ഷം ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിക്കിപീഡിയ പ്രതിമാസം 474 മില്യണ്‍ ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഇറാന്‍ പ്രശ്‌നം: യുഎസില്‍ എണ്ണവില കുത്തനെ ഉയരുന്നു

ഹൂസ്റ്റന്‍: യുഎസില്‍ ടെക്‌സസിലടക്കം വിവിധയിടങ്ങളില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള പാത തടസ്സപ്പെടുത്തുമെന്ന ഇറാന്‍ ഭീഷണി നില നില്‍ക്കെയാണ് എണ്ണവിലയില്‍ വര്‍ധനയുണ്ടായത്. അടുത്ത ദിവസങ്ങളിലായി ശരാശരി ഏഴു ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. 45 കി.മീ മാത്രം വിസ്താരമുള്ള ഹോര്‍മുസ് കടലിടുക്കിലൂടെയാണ് അന്താരാഷ്ട്ര എണ്ണക്കപ്പലുകള്‍ കടന്നുപോകുന്നത്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ശക്തിപ്പെടുത്തുന്നപക്ഷം പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഗള്‍ഫ് ഓഫ് ഒമാനെയും ബന്ധിപ്പിക്കുന്ന ഈ പാത അടച്ചു പൂട്ടുമെന്ന് അടുത്തിടെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ക്ക് കോടികളുടെ ബില്ല്

ന്യൂയോര്‍ക്ക്: ന്യുമോണിയ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തൊഴില്‍
ഹിതന് കോടികളുടെ ആശുപത്രി ബില്ല്. ബില്ല് കണ്ട് ഒന്നു ഞെട്ടിയെങ്കിലും കമ്പ്യൂട്ടറിലെ തകരാണാണ് കാരണമെന്ന് അറിഞ്ഞപ്പോള്‍ അലക്‌സി റോഡ്രിഗസിന് ആശ്വാസമായി. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ്-ലെബനന്‍ ഹോസ്പിറ്റല്‍ സെന്ററിലാണ് സംഭവം.

ചികിത്സ പൂര്‍ത്തിയായി ആശുപത്രി വിടാനൊരുങ്ങിയ റോഡ്രിഗസിന് ആശുപത്രി അധികൃതര്‍ ആദ്യം നല്‍കിയത് 44.8 മില്യണ്‍ ഡോളറിന്റെ ബില്ലായിരുന്നു. എന്നാല്‍ ബില്ലിന്റെ ഇന്‍വോയ്‌സ് നമ്പറാണ് ചികിത്സാ ചെലവിന്റെ സ്ഥലത്ത് എഴുതിയിരിക്കുന്നതെന്ന് പിന്നീട് കണ്‌ടെത്തിയതിനുശേഷമാണ് റോഡ്രിഗസിന് ശ്വാസം നേരെ വീണത്. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചി­ട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക