Image

പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയനിലെ മലയാളി സാന്നിധ്യമായി ഫാ. ഡോ. വറുഗീസ്.എം.ഡാനിയേല്‍ (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 14 October, 2015
പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയനിലെ മലയാളി സാന്നിധ്യമായി ഫാ. ഡോ. വറുഗീസ്.എം.ഡാനിയേല്‍ (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്‌സി: മതസൗഹാര്‍ദ്ദവും ആദ്ധ്യാത്മിക നവീകരണവും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയന്റെ ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ മലയാളിയായ റവ. ഫാ. ഡോ. വറുഗീസ്.എം.ഡാനിയേല്‍ പങ്കെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും പ്രാചീനവുമായ കണ്‍വന്‍ഷനാണിത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഏക മലയാളിയാണ് അച്ചന്‍. ഇന്ത്യയില്‍ നിന്നും വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് പാര്‍ലമെന്റില്‍ ക്ഷണം ലഭിച്ചിട്ടുള്ളത്. 80 രാജ്യങ്ങളില്‍ നിന്നും ഏഴായിരത്തോളം പ്രതിനിധികള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. യൂട്ടാ സംസ്ഥാനത്തെ സോള്‍ട്ട് ലേക്ക് സിറ്റിയിലുള്ള സോള്‍ട്ട് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ 15-ന് ആരംഭിച്ച കണ്‍വന്‍ഷന്‍ 19-ന് അവസാനിക്കും. ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റില്‍ ഫാ. ഡോ. വറുഗീസ്.എം.ഡാനിയേല്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. ലോകസമാധാനത്തിനു വേണ്ടി മതങ്ങള്‍ ശീലിപ്പിക്കേണ്ട വ്യത്യസ്ത സംവിധാനങ്ങള്‍ എന്ന വിഷയത്തിലാണ് അച്ചന്റെ പ്രബന്ധം.
ബുദ്ധ മതനേതാവ് ദലൈ ലാമ, സമാധാനത്തിനുളള നൊബൈല്‍ പ്രൈസ് നേടിയ മെയേര്‍ഡ് മഗ്യൂരി, ഡോ. കാരിന്‍ ആംസ്‌ട്രോങ്ങ് തുടങ്ങിയ ലോക മത നേതാക്കളും പാര്‍ലമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
ഫോര്‍ഡാം യൂണിവേഴ്‌സിറ്റി വിസിറ്റിംഗ് ഫെലോയും, ന്യൂയോര്‍ക്ക് സെന്റ് വഌഡിമര്‍ ഓര്‍ത്തഡോക്‌സ് സെമിനാരി പ്രഫസറുമായ ഫാ. ഡോ. വറുഗീസ്.എം.ഡാനിയേല്‍ അറിയപ്പെടുന്ന പ്രാസംഗികനാണ്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും, ഓസ്‌ട്രേലിയയില്‍ നിന്ന് ഡോക്റ്ററേറ്റും, ബല്‍ജിയത്തില്‍ നിന്ന് യൂറോപ്യന്‍ ഫെലോഷിപ്പോടു കൂടി ബയോ എത്തിക്‌സ് ബിരുദവും, സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.ഡി. ബിരുദവും നേടിയിട്ടുളള ഫാ. വര്‍ഗ്ഗീസ് എം.ഡാനിയല്‍ അച്ചന്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വൈദീക സംഘം സെക്രട്ടറിയും ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് ഇടവക വികാരിയുമാണ്. കോന്നി സ്വദേശി. മേലേചിറ്റേടത്ത് ബ്ലസ് കോട്ടേജില്‍ പരേതനായ ഡി. വറുഗീസിന്റെയും സാറാമ്മ വര്‍ഗ്ഗീസിന്റെ മകനാണ്. ആറാട്ടുപുഴ പ്ലാവിലകണ്ടത്തില്‍ കല്ലറയില്‍ പി.റ്റി. കുറിയാക്കോസിന്റെ മകളും, ശാസ്ത്രജ്ഞയുമായ ഡോ. സ്മിതാ സൂസന്‍ വര്‍ഗ്ഗീസ്സാണ് ഭാര്യ. ആദര്‍ശ് പോള്‍, ഏഞ്ചല സാറാ വര്‍ഗ്ഗീസ് എന്നിവര്‍ മക്കള്‍. മെല്‍ബണില്‍ നടന്ന വേള്‍ഡ് റിലീജിയനില്‍ പങ്കെടുത്തിട്ടുണ്ട്.
വിശ്വസാഹോദര്യം ലക്ഷ്യമിട്ട് 1893-ലാണ് ആദ്യത്തെ മത പാര്‍ലമെന്റിനു തുടക്കമാകുന്നത്. ഷിക്കാഗോയിലായിരുന്നു ആദ്യ സമ്മേളനം, തുടര്‍ന്ന് ഇവിടം ആസ്ഥാനമായി. ഇതില്‍ പങ്കെടുക്കാന്‍ സ്വാമി വിവേകാനന്ദന്‍ 1897-ല്‍ ഇന്ത്യയില്‍ നിന്നുമെത്തിയിരുന്നു. വേദാന്തത്തെക്കുറിച്ചും യോഗയെക്കുറിച്ചും ഹൈന്ദവ തത്ത്വചിന്തയെക്കുറിച്ചും സ്വാമി വിവേകാനന്ദന്‍ നടത്തിയ വിശ്വവിഖ്യാത പ്രസംഗമാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ എന്ന മഹനീയ രാജ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ചെടുത്തത്. 1933-ല്‍ സര്‍വ്വ ധര്‍മ്മ സമ്മേളനം എന്ന പേരില്‍ പാര്‍ലമെന്റ് ഇന്ത്യയിലും നടന്നിരുന്നു. 1999-ല്‍ എയിഡ്‌സിനെതിരേ സന്ധിയില്ല സമരം നയിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സമ്മേളനം ഇരുണ്ട ഭൂഖണ്ഡത്തില്‍ നടത്തി. 80 രാജ്യങ്ങളില്‍ നിന്നും ഏഴായിരത്തോളം വിശിഷ്ട വ്യക്തികള്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ എത്തി. വിഭിന്നമായ സാംസ്‌ക്കാരിക തനിമകളുടെ സമന്വയസമ്മേളനമായി 2004-ല്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ പാര്‍ലമെന്റ് നടന്നു. 2009-ല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്ക് പാര്‍ലമെന്റ് എത്തിയപ്പോള്‍ അത് ഭൗമപരിസ്ഥിതി സംരക്ഷണത്തിന് ആദ്ധ്യാത്മിക പരിഹാരം എന്ന വിഷയമാണ് മുന്നോട്ടു വച്ചത്. 2014-ല്‍ ബല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ കൂടാന്‍ തീരുമാനിച്ചുവെങ്കിലും യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സമ്മേളനം മാറ്റി. തുടര്‍ന്നാണ് ഈ വര്‍ഷം ഷിക്കാഗോയില്‍ ആസ്ഥാനത്ത് തന്നെ സമ്മേളനത്തിന് അരങ്ങൊരുക്കാന്‍ തീരുമാനിച്ചത്. ഇമാം അബ്ദുള്‍ മാലിക്ക് മുജാഹിദാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. ഡോ. മേരി നെല്‍സണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും. ഇന്ത്യക്കാരനായ ഡോ.അരുണ്‍ മണിലാല്‍ ഗാന്ധി ബോര്‍ഡ് ഓഫ് ട്രസ്റ്റിയില്‍ ഉണ്ട്.
പാര്‍ലമെന്റില്‍ നടത്തപ്പെടുന്ന അവാര്‍ഡ് ഗാലെയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറും. ഏറെ സവിശേഷതകള്‍ നിറഞ്ഞ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് ഫാ. ഡോ. വറുഗീസ്.എം.ഡാനിയേല്‍.
പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജിയനിലെ മലയാളി സാന്നിധ്യമായി ഫാ. ഡോ. വറുഗീസ്.എം.ഡാനിയേല്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Chandra S Menon 2015-10-20 11:42:05
ഈ പാര്‍ ലിമെന്റിന്റെ കൂടുതല്‍ വാര്ത്തകള്‍ ഈ-മലയാളിയില്‍ കണ്ടില്ല. വാര്ത്താ ക്ഷാമമോ ഏജെന്റ്മാരുടെ അഭാവമോ ?
ചന്ദ്രശേഖരന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക