Image

ഗീലാനി രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

Published on 16 January, 2012
ഗീലാനി രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്താന്‍ രാഷ്ട്രീയം വീണ്ടും പ്രതിസന്ധിയിലേയ്ക്ക്. സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ് ലഭിച്ച പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി പ്രസിഡന്റ് ആസിഫലി സര്‍ദാരിയെ സന്ദര്‍ശിച്ച് രാജി സന്നദ്ധത അറിയിച്ചതായി അറിയുന്നു. പാര്‍ലമെന്റ് ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ രാജിവയ്ക്കാം എന്ന് ഗീലാനി സര്‍ദാരിയോട് പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാറും സൈന്യവുംതമ്മിലുള്ള ഇപ്പോഴത്തെ സംഘര്‍ഷത്തിന് വഴിയൊരുക്കിയ രഹസ്യകത്തുവിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചത്. ജനവരി 19ന് കോടതി മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. പ്രസിഡന്റ് ആസിഫലി സര്‍ദാരിക്ക് എതിരെയുള്ള കേസ് പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രി മനപ്പൂര്‍വം ശ്രമിച്ചില്ല എന്ന് ആരോപിച്ചാണ് കോടതി നോട്ടീസയച്ചത്.

ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് പട്ടാള അട്ടിമറി ഭയന്ന പ്രസിഡന്‍റ് ആസിഫലി സര്‍ദാരി യു.എസ്. നേതൃത്വത്തിന്റെ സഹായംതേടി കത്തുനല്‍കിയെന്ന വിവാദമാണ് കേസിന്നാധാരം. കത്ത് അന്നത്തെ യു.എസ്. സൈനിക മേധാവിക്ക് കൈമാറിയതു താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് വിവാദത്തിന് തിരി കൊളുത്തിയ അമേരിക്കയിലെ പാക് വംശജനായ വ്യവസായി ഐജാസ് അഹമ്മദ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ മൊഴി നല്‍കി.

സര്‍ദാരിക്കും മറ്റുമെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം നേരത്തേ സര്‍ക്കാര്‍ അവഗണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി സത്യസന്ധനല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത് കഴിഞ്ഞയാഴ്ചയാണ്.

പര്‍വെസ് മുഷറഫിന്റെ ഭരണകാലത്ത് പി.പി.പി. നേതാക്കള്‍ക്കെതിരായ കേസുകള്‍ മരവിപ്പിച്ചുകൊണ്ട് ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് (എന്‍.ആര്‍.ഒ.) പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് കേസുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ സുപ്രീംകോടതി നേരത്തേ പി.പി.പി. സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നത്.

സൈന്യവുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സര്‍ക്കാറില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള പ്രമേയം ഭരണപക്ഷഅംഗങ്ങള്‍ വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്‍മേലുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. മുഖ്യപ്രതിപക്ഷകക്ഷിയായ പി.എം. എല്‍.(എന്‍) പ്രമേയത്തെ അനുകൂലിക്കുമെന്ന് ഇതുവരെ സൂചനകളില്ല. രാജിവെച്ച് തിരഞ്ഞെടുപ്പ് നേരിടാന്‍ സര്‍ക്കാറിനെ നിര്‍ബദ്ധമാക്കുകയെന്ന ഉദ്ദേശ്യത്തോടെ പി.എം.എല്‍.(എന്‍) മറ്റു പ്രതിപക്ഷകക്ഷികളുമായി ആശയവിനിമയം നടത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക