Image

സര്‍വെയ്‌ലന്‍സ്(കവിത) - ജയന്‍ കെ.സി

ജയന്‍ കെ.സി Published on 16 January, 2012
സര്‍വെയ്‌ലന്‍സ്(കവിത) - ജയന്‍ കെ.സി
//അവ്‌ന്യൂ “എ”, ഈസ്റ്റ് വില്ലേജ്, ന്യൂയോര്‍ക്ക് സിറ്റി//

സൂര്യന്റെ സ്‌നേഹം
ഉരുകിവീണ തെരുവിലൂടെ
ഒരു യുവാവ് ഇണതേടുകയായിരുന്നു

എല്ലില്‍ നിന്നുമിറച്ചി
വേര്‍പെടുവോളം
പ്രണയം അവനെ
ബാധിച്ചിരുന്നു

മഴവില്‍മുടി
സൂര്യനിലേക്ക്
നേര്‍ത്തിരുന്നു

രോമകൂപങ്ങള്‍
പൊട്ടിയൊഴുകുന്ന
പ്രണയത്തിന്റെ പളുങ്കുപുഴ

ഈസ്റ്റ്‌ഫോര്‍ത്ത് സ്ട്രീറ്റിലെ
അനാര്‍ക്കിസ്റ്റുകളുടെ
സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകക്കടയില്‍
നിന്നുമടിച്ചുമാറ്റിയ
'മഞ്ഞപ്പുസ്തകം'
മുഖത്തിനും സൂര്യനുമിടയില്‍
"പീനല്‍കോളനി"യെന്ന്
കറുത്തയക്ഷരങ്ങളില്‍ തിളങ്ങി

മഞ്ഞച്ചിരിയുമായ്
പാതയോരത്ത്
പരുങ്ങിനില്‍ക്കുന്ന
ഗിങ്കൊ മരത്തിനും
ഇലപൊഴിച്ചെല്ലിളക്കിയാടുന്ന
മേപ്പിളിന്റെ നഗ്നതക്കും
ചുവപ്പും പച്ചയും
ചിമ്മിക്കളിക്കുന്ന
ട്രാഫിക് പോസ്റ്റിനു..
മിടയില്‍നിന്ന്
ഒളിക്യാമറകള്‍
അവന്റെ നീക്കങ്ങള്‍
പകര്‍ത്തിയിരുന്നു.

കെവിന്‍ ക്ലൈന്‍
കോര്‍പ്രേറ്റ് മുദ്ര പേറുന്ന
അവന്റെ അണ്ടര്‍വെയറിലാസ്റ്റിക്കിലെ
ജി.പി.എസ്.ചിപ്പ്
റിക്ടര്‍ സ്‌കെയിലില്‍
3.9 രേഖപ്പെടുത്താവുന്ന
ഒരധോവായുവേറ്റ് പുളഞ്ഞു
പീനട്ട്ബട്ടറിന്റെ ഗൂഢാലോചന
ഇതൊരു രഹസ്യ ആണവ
പരീക്ഷണമായിക്കൂടെന്നുണ്ടോ?

അവന്റെ ഇടതുമുലക്കണ്ണില്‍
ചുംബിച്ചു കൊണ്ട് പോക്കറ്റിലുറങ്ങുന്ന
മൊബൈലിലൂടെ സൈസ്മിക് തരംഗങ്ങള്‍
ഒന്നൊന്നായി "റ്റാപ്"
ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

//ഹോംലാന്‍ഡ് സെക്യൂരിറ്റി: സാറ്റ്‌ലൈറ്റ് ഇന്‍ഫോര്‍മേഷന്‍ പ്രോസസിങ്ങ് സെന്റര്‍ , ഓഫീസ് ക്യൂബ് 29657//

ഉപഗ്രഹക്കണ്ണുകള്‍
കൊറിച്ചിറക്കിയ
വിവരങ്ങള്‍
ക്ലാസിഫൈഡ് ഫയലുകളിലേക്ക്
കൊഴിച്ചും കിഴിച്ചും
ഇടക്കിടെ സ്‌പേസ് ബാറില്‍
തന്തവിരലിനാല്‍ത്താളമിട്ടും
തന്റെ ഷിഫ്റ്റവസാനിക്കുന്ന
മിനിട്ടുകളിലേക്ക് ഒരു ജോഡി
ക്‌ളറിക്കല്‍ക്കണ്ണുകള്‍ കൂര്‍ത്തിരുന്നു.
സര്‍വെയ്‌ലന്‍സ്(കവിത) - ജയന്‍ കെ.സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക