Image

ഹണ്ട്‌സ്മാന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കും; ദ് ആര്‍ട്ടിസ്റ്റിന് മൂന്ന് പുരസ്കാരങ്ങള്‍; കിംഗിന്റെ സ്മാരകത്തിലെ വാചകങ്ങള്‍ മാറ്റി എഴുതും

Published on 16 January, 2012
ഹണ്ട്‌സ്മാന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കും; ദ് ആര്‍ട്ടിസ്റ്റിന് മൂന്ന് പുരസ്കാരങ്ങള്‍; കിംഗിന്റെ സ്മാരകത്തിലെ വാചകങ്ങള്‍ മാറ്റി എഴുതും
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ നിന്ന് ജോണ്‍ ഹണ്ട്‌സ്മാന്‍ പിന്‍മാറുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാനുള്ള പോരാട്ടത്തില്‍ നിന്ന് പിന്‍മാറി മിറ്റ് റോംനിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് ഹണ്ട്‌സ്മാന്റെ പുതിയ തീരുമാനം. ബറാക് ഒബാമ സര്‍ക്കാരില്‍ ചൈനയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ചതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ഹണ്ട്‌സ്മാന്റെ സ്ഥാനാര്‍ഥിത്വത്തിന് നേരെ എതിര്‍പ്പുകളുയര്‍ന്നിരുന്നു.

ശനിയാഴ്ച നടക്കുന്ന സൗത്ത് കരോലീന പ്രൈമറിയ്ക്ക് മുമ്പായി ഹണ്ട്‌സ്മാന്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രസിഡന്റ് ബറാക് ഒബാമയെ തോല്‍പിക്കാന്‍ സാധ്യതയുള്ള മികച്ച സ്ഥാനാര്‍ഥിയുടെ വഴിമുടക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് പിന്‍മാറുന്നതെന്നാണ് ഹണ്ട്‌സ്മാന്‍ ക്യാംപ് നല്‍കുന്ന വിശദീകരണം. വലിയതോതിതുള്ള പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ ആഴ്ച നടന്ന ന്യൂ ഹാംപ്‌ഷെയര്‍ പ്രൈമറിയില്‍ മിറ്റ് റോംനിയ്ക്കും റോണ്‍ പോളിനും പിന്നില്‍ മൂന്നാമതെത്താനെ ഹണ്ട്‌സ്മാന് കഴിഞ്ഞിരുന്നുള്ളൂ.


ഗോള്‍ഡന്‍ ഗ്ലോബ്: ദ് ആര്‍ട്ടിസ്റ്റിന് മൂന്ന് പുരസ്കാരങ്ങള്‍

ലോസ്ഏയ്ഞ്ചല്‍സ്: 69-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം മോര്‍ഗന്‍ ഫ്രീമാനെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് തെരഞ്ഞെടുത്തു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അഞ്ച് ദശാബ്ദക്കാലം ഹോളിവുഡ് സിനിമയില്‍ നിറഞ്ഞുനിന്ന മോര്‍ഗന്‍ ഫ്രീമാന്റെ മിക്കവാറും ചിത്രങ്ങള്‍ ഹിറ്റുകളാണ്. സഹതാരങ്ങളായി അഭിനയിച്ച പലരും വേദിയില്‍ ഫ്രീമാന് പുരസ്കാരം നല്‍കുന്നത് കാണാനെത്തിയിരുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സെസെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഹ്യൂഗോ എന്ന ചിത്രത്തിനാണ് അവാര്‍ഡ്.

ജോര്‍ജ് ക്ലൂണി, മെറില്‍ സ്ട്രിപ് എന്നിവര്‍ യഥാക്രമം മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ലിയനാര്‍ഡോ ഡിക്രാപിയോ, ബ്രാഡ് പിറ്റ് എന്നിവരുമായി കടുത്ത മത്സരം നേരിട്ടാണ് ജോര്‍ജ് ക്ലൂണി "ദ് ഡിസിഡന്റ്‌സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്കാരം നേടിയത്. "ദ് അയണ്‍ ലേഡി'യിലെ അഭിനയത്തിനാണ് മെറില്‍ സ്ട്രിപ് മികച്ച നടിയായത്. ദ ഡിസിഡന്റ്‌സ് തന്നെയാണ് മികച്ച ചിത്രം. ഇറാന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ "എ സെപ്പരേഷന്‍' എന്ന ചിത്രത്തിനാണ് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം. ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ടൈറ്റാനിക് താരം കേറ്റ് വിന്‍സെലെറ്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനത്തിന് മഡോണയ്ക്കും പുരസ്കാരമുണ്ട്. കോമഡി ആന്റ് മ്യൂസിക്കല്‍ വിഭാഗത്തിനും പ്രത്യേകമായാണ് പുരസ്കാരങ്ങള്‍. ഈ വിഭാഗത്തില്‍ ജീന്‍ ഡുജാര്‍ഡിന്‍, മിഷേല്‍ വില്യംസ് എന്നിവര്‍ മികച്ച നടനും നടിയുമായി. മികച്ച തിരക്കഥയ്ക്ക് വൂഡ്‌ലന്റെ "മിഡ്‌നൈറ്റ് ഇന്‍ പാരീസ്' തെരഞ്ഞെടുക്കപ്പെട്ടു. "ദ് അഡ്വഞ്ചെറസ് ഓഫ് ടിന്‍ടിന്‍' ആണ് മികച്ച ആനിമേറ്റഡ് ചിത്രം.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരകത്തിലെ വാചകങ്ങള്‍ മാറ്റി എഴുതും

വാഷിംഗ്ടണ്‍: സമീപകാലത്ത് അനാച്ഛാദനം ചെയ്ത മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരകത്തിലെ വാചകങ്ങള്‍ മാറ്റി എഴുതാന്‍ തീരുമാനം. നീതിയിലേക്കും സമാധാനത്തിലേക്കും ശരികളിലേക്കുമുള്ള ഒരു ഡ്രം മാത്രമാണ് താനെന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വരികളാണ് സ്മാരകത്തില്‍ കൊത്തിവെച്ചിരുന്നത്. എന്നാല്‍ ഇത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞ വലിയൊരു വാചകത്തിന്റെ ഒരു ഭാഗം മാത്രമാണിതെന്നും അതിനാല്‍ തന്നെ പൂര്‍ണമായ അര്‍ഥത്തില്‍ വാചകത്തിന് വ്യത്യസ്ത അര്‍ഥമാണുള്ളതെന്നും ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ഇത് മാറ്റിയെഴുതാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

ഒരു മാസത്തിനകം വാചകങ്ങള്‍ മാറ്റി എഴുതണമെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി കെന്‍ സല്‍സാര്‍ നിര്‍ദേശിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഫൗണ്‌ടേഷനുമായും മനുഷ്യാവകാശ സംഘടനകളുമായും ആലോചിച്ചായിരിക്കും പുതിയ വാചകങ്ങള്‍ കൊത്തിവെയ്ക്കുക. കറുത്തവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ 30 അടി ഉയരമുള്ള ഗ്രാനൈറ്റ് പ്രതിമ ഒക്‌ടോബറില്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് അനാച്ഛാദനം ചെയ്തത്.


ലോറാ കെപ്‌ളര്‍ മിസ് അമേരിക്ക

ലാസ്‌വേഗസ്: വിസ്‌കോണ്‍സിനില്‍ നിന്നുള്ള സുന്ദരി ലോറാ കെപ്‌ളര്‍ 2012ലെ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടു. മിസ് ഒക്കലഹോമ ബെറ്റി തോംസണാണ് റണ്ണര്‍ അപ്പ്. മിസ് ന്യൂയോര്‍ക്ക് കൈറ്റ്‌ലിന്‍ മോണ്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. അമേരിക്കയിലെ അമ്പതു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ സുന്ദരിമാരില്‍ നിന്നും മിസ് അമേരിക്കയായി തെരഞ്ഞെടുക്കപെട്ട ലോറായ്ക്ക് കിരീടത്തിനു പുറമെ 50,000 ഡോളര്‍ സമ്മാനത്തുകയായി ലഭിക്കും. വിസ്‌കോന്‍സിന്‍ സ്‌റ്റേറ്റ് പ്രധിനിധിയായിയാണ് 23 കാരിയായ ലോറ എത്തിയത്. മാതാ പിതാക്കള്‍ക്കൊപ്പം കേനോഷ സിറ്റിയില്‍ താമസമാക്കിയിട്ടുള്ള ലോറ
ബാച്ചിലര്‍ ബിരുദധാരിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക