Image

മുല്ലപ്പെരിയാര്‍ ഹര്‍ത്താലിന് കേരളകോണ്‍ഗ്രസിന്റെ പിന്തുണ

Published on 16 January, 2012
മുല്ലപ്പെരിയാര്‍ ഹര്‍ത്താലിന് കേരളകോണ്‍ഗ്രസിന്റെ പിന്തുണ
ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളകോണ്‍ഗ്രസ് വീണ്ടും പ്രക്ഷോഭത്തിലേക്ക്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തൃപ്തികരമല്ലെന്നാരോപിച്ചാണ് ഈ നീക്കം. അതിന്റെ ഭാഗമായി ബുധനാഴ്ച മുല്ലപ്പെരിയാര്‍ സമരസമിതി നടത്തുന്ന സംസ്ഥാന ഹര്‍ത്താലിനെ ധാര്‍മികമായി പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. കെ.എം മാണിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം.

ഒരുമാസത്തേക്ക് കേരളകോണ്‍ഗ്രസ് എം പ്രതിഷേധത്തില്‍ നിന്ന് മാറിനില്‍ക്കുമെന്ന്, ഡിസംബര്‍ 15ന് പ്രധാനമന്ത്രിയെ കണ്ട ശേഷം കെ.എം മാണി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി പ്രശ്‌നത്തില്‍ സജീവമായ ഇടപെടാമെന്ന ഉറപ്പ് കൊടുത്തതിനെ തുടര്‍ന്നായിരുന്നു ആ തീരുമാനം. എന്നാല്‍, മാസം ഒന്നു കഴിഞ്ഞിട്ടും പ്രശ്‌നത്തിന് പ്രധാനമന്ത്രി കാര്യമായ പരിഗണന നല്‍കിയില്ല എന്നതാണ് വീണ്ടും കേരളകോണ്‍ഗ്രസിനെ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

അതിനിടെ, ജനവരി 18 ന് മുല്ലപ്പെരിയാര്‍ സമരസമിതി നടത്തുന്ന സംസ്ഥാന ഹര്‍ത്താലിനെ പിന്തുണച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. വ്യാപാരി വ്യവസായി സമിതി, ഇന്‍ഡ്യന്‍ ദളിത് ഫെഡറേഷന്‍ (ഐ.ഡി.എഫ്), മുസ്‌ലിം സ്റ്റുഡന്‍റ്‌സ് ഫെഡറേഷന്‍ (എം.എസ്.എഫ്), വിശ്വകര്‍മസമിതി, ലോറി ഓണേഴ്‌സ് അസോസിയേഷന്‍, അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ, എസ്.യു.സി.ഐ, പി.ഡി.പി, ബി.എസ്.പി, എ.ഐ.വൈ.എഫ്, കെ.പി.എം.എസ്, എസ്.ഡി.പി.ഐ, ഡോ.അംബേദ്കര്‍ വേദി, കേരള പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍സ്, കര്‍ഷക കോണ്‍ഗ്രസ്, ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍, പി.ആര്‍.ഡി.എസ് എന്നീ സംഘടനകളാണ് പിന്തുണ പ്രഖ്യാപിച്ചത്.

സി.പി.ഐ.യുടെയും ആര്‍.എസ്.പി.യുടെയും ഇടുക്കി ജില്ലാ കമ്മിറ്റികള്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മതസാമുദായിക സംഘടനകളുടെ സംയുക്തവേദിയായ ഹൈറേഞ്ച് സംരക്ഷണസമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക