Image

കൊച്ചിയിലെ കള്ളക്കടത്ത്: മുഖ്യപ്രതി അറസ്റ്റില്‍

Published on 16 January, 2012
കൊച്ചിയിലെ കള്ളക്കടത്ത്: മുഖ്യപ്രതി അറസ്റ്റില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കോടികളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ചെന്നൈ സ്വദേശി മുഹമ്മദ് സുല്‍ത്താനാണ് കൊച്ചിയില്‍ പിടിയിലായത്.

2011 ഒക്ടോബര്‍ ഒന്നിനാണ് കള്ളക്കടത്ത് നടത്തുന്നതായി കസ്റ്റംസിന് വിവരംലഭിച്ചത്. ചെന്നൈയില്‍ വാഹനപരിശോധനക്കിടെ കോടികള്‍ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ കള്ളക്കടത്ത് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടിയതിനെ തുടര്‍ന്നാണിത്.

ഗള്‍ഫ് മേഖലയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയതാണ് ഇവയെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റെയ്ഡ് നടത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാലു കസ്റ്റംസ് ഉദ്യോഗസ്ഥരുള്‍പ്പടെ പതിനെട്ട് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. യാത്രക്കാരുടെ ബാഗേജ് എന്ന വ്യാജേനയാണ് ഉപകരണങ്ങള്‍ കള്ളക്കടത്ത് നടത്തിയിരുന്നത്. കസ്റ്റംസ് ചെക്കിങ്ങിനുശേഷം ഇവ സംഘം ഏറ്റെടുക്കും. കള്ളക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി ചില രേഖകള്‍ റെയ്ഡില്‍ കിട്ടിയിരുന്നു.

വിമാനത്താവളത്തില്‍ ഡിആര്‍ഐ നടത്തിയ റെയ്ഡില്‍ ചെന്നൈയിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരകോടിയോളം രൂപ വിലവരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങളാണ് പിടികൂടിയത്. കസ്റ്റംസ് ചെക്കിങ് കഴിഞ്ഞ് കൊണ്ടുപോകാനായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു ഇവ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക