Image

ഫൊക്കാനയ്‌ക്ക്‌ അനുഗ്രഹവര്‍ഷവുമായി ഉത്രാടം തിരുന്നാള്‍ മഹാരാജാവ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 January, 2012
ഫൊക്കാനയ്‌ക്ക്‌ അനുഗ്രഹവര്‍ഷവുമായി ഉത്രാടം തിരുന്നാള്‍ മഹാരാജാവ്‌
തിരുവനന്തപുരം: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയ്‌ക്കും ഫൊക്കാന നേതാക്കള്‍ക്കും അനുഗ്രഹവര്‍ഷം ചൊരിഞ്ഞ്‌ ലാളിത്യത്തിന്റെ നിറകുടം ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌.

2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണിലെ അനന്തപുരിയില്‍ കൊടിയേറ്റം നടക്കുന്ന പതിനഞ്ചാമത്‌ ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ നാളിതുവരെയുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മഹാരാജാവിനെ തെര്യപ്പെടുത്താന്‍ തിരുവനന്തപുരം പട്ടം രാജകൊട്ടാരത്തില്‍ എത്തിയതായിരുന്നു ഫൊക്കാന നേതാക്കളായ ജി.കെ. പിള്ള, പോള്‍ കറുകപ്പിള്ളില്‍, ഷാജി ജോണ്‍ എന്നിവര്‍. റോക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, ലതാ കറുകപ്പിള്ളില്‍, ജോണി എന്നിവരും നേതാക്കളോടൊപ്പം സന്നിഹിതരായിരുന്നു.

കാല്‍നൂറ്റാണ്ടിലേറെക്കാലം വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ അണിനിരത്തി വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച്‌ മുന്നേറുന്ന, മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ സാരഥികളെ അടുത്തറിയുവാനും,ജാതി-മത-ദേശ ചിന്തകളില്ലാതെ എല്ലാ മലയാളികളേയും ഒന്നിച്ചണി നിരത്തി, അവരുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ ഒട്ടനവധി നേട്ടങ്ങള്‍ കൊയ്‌ത ഫൊക്കാനയുടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്‌ ഒരു ഭാഗ്യമായി കരുതുന്നു എന്ന്‌ ഉത്രാടം തിര്‍ന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ പറഞ്ഞു.

ദശാബ്ദങ്ങള്‍ക്കു മുന്‍പ്‌ അമേരിക്കയിലേക്ക്‌ കുടിയേറിയ മലയാളികള്‍ അവരുടെ പൈതൃകവും സംസ്‌ക്കാരവും വിസ്‌മൃതിയിലാണ്ടുപോകാതെ ഒരു തിരിനാളം പോലെ തലമുറകളിലേക്ക്‌ പകര്‍ന്നു നല്‍കുകയും ആ തിരിനാളം ഒരു കെടാവിളക്കായി കാത്തുസൂക്ഷിക്കാന്‍ ഫൊക്കാന ബദ്ധശ്രദ്ധരാകുകയും ചെയ്‌തതുകൊണ്ടാണ്‌ ഇത്തരത്തില്‍ നേരില്‍ കാണാനും അമേരിക്കന്‍ മലയാളികളെ അടുത്തറിയുവാനും സാധിച്ചതെന്നും മഹാരാജാവ്‌ കൂട്ടിച്ചേര്‍ത്തു.
ഫൊക്കാനയ്‌ക്ക്‌ അനുഗ്രഹവര്‍ഷവുമായി ഉത്രാടം തിരുന്നാള്‍ മഹാരാജാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക