Image

എസ്എന്‍ഡിപിയുടെ രാഷ്ട്രീയം അഥവാ അരാഷ്ട്രീയം എത്ര വരെ പോകും? (ജയമോഹനന്‍ എം)

ജയമോഹനന്‍ എം Published on 02 October, 2015
എസ്എന്‍ഡിപിയുടെ രാഷ്ട്രീയം അഥവാ അരാഷ്ട്രീയം എത്ര വരെ പോകും? (ജയമോഹനന്‍ എം)
കേരളത്തിലെ ഏറ്റവും പ്രധാന രാഷ്ട്രീയ വിഷയമായി എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പ്രവേശനം മാറിയിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലുതും സംഘടിതവുമായ ജാതി സംഘടനയായ എസ്എന്‍ഡിപി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വളരെ ആശയങ്കയോടെയാണ് കാണുന്നത്. ചുവപ്പു കണ്ട കാളയെപ്പോലെ വിളറിപിടിച്ചിരിക്കുന്നത് സിപിഎമ്മാണ്. കാരണം സിപിഎമ്മിന്റെ ഏറ്റവുമധികം പാര്‍ട്ടി കേഡര്‍മാര്‍ ഉള്ളത് ഈഴവ സമുദായത്തില്‍ നിന്നുമാണ്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 27 ശതമാനം വരും ഈഴവര്‍. 

ഈഴവരെ കേന്ദ്രീകരിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി കടന്നു വരുമ്പോള്‍ അത് ഏറ്റവുമധികം ദോഷം ചെയ്യുക സിപിഎമ്മിന് തന്നെയാണ്.
ബിജെപി പാളയത്തില്‍ സുരക്ഷിത സ്ഥാനം ഉറപ്പിച്ച വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന ശ്രീനാരയണ ഗുരു ജീവിച്ചിരുന്നുവെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമായിരുന്നു എന്നാണ്. അതായത് ഈഴവരുടെ ഉന്നമനത്തിനായി ഒരു രാഷ്ട്രീപാര്‍ട്ടി രൂപികരിക്കുമായിരുന്നു എന്ന്. അദ്ദേഹം ഇല്ലാത്തതിനാല്‍ പാവം ഞാന്‍ ആ കടമ നിര്‍വഹിക്കുന്നു എന്ന് വ്യഗ്യം. രാഷ്ട്രീയക്കാരേക്കാള്‍ നല്ല രാഷ്ട്രീയം കളിക്കാന്‍ വെള്ളാപ്പള്ളി നടേശന് അറിയാം എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് എന്തു വേണം.
എസ്എന്‍ഡിപിയുടെ രാഷ്ട്രീയ ഭാവി എന്താണ് എന്നാണ് ഇനി ശ്രദ്ധിക്കേണ്ടത്. ബിജെപിയുടെ പാളയത്തില്‍ എത്തി ശ്രമിച്ചാല്‍ തെക്കന്‍ കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ അല്പം നേട്ടമുണ്ടാക്കാന്‍ എസ്എന്‍ഡിപിക്ക് കഴിഞ്ഞേക്കും. അതിനപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. 

പക്ഷെ സംഭവിക്കില്ല എന്ന് തീര്‍ത്തും പറഞ്ഞുകൂടാ. ബംഗാളില്‍ പോലും ബിജെപിയെ വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുകയാണ് അമിത് ഷായുടെ ടീം. അപ്പോള്‍ കേരളത്തില്‍ അത് അസാധ്യമൊന്നുമല്ല. ദീര്‍ഘകാലത്തില്‍ നോക്കിയാല്‍ വിവിധ ഹിന്ദു ജാതിസംഘടനകളെ എസ്എന്‍ഡിപിയുടെ കുടക്കീഴില്‍ ഒന്നിപ്പിച്ച് ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ വലിയ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവരുടെ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി എപ്പോഴും പറയുന്നതുമാണ്. ചില ദളിത് സംഘടനകള്‍ ഇപ്പോള്‍ തന്നെ ബിജെപിയുമായി അടുപ്പത്തിലാണ്. അങ്ങനെയെങ്കില്‍ തെക്കന്‍ കേരളത്തില്‍ ഈ മുന്നണിക്ക് അല്പം ചലനമൊക്കെ സൃഷ്ടിക്കാന്‍ കഴിയും. 

പക്ഷെ ആത്യന്തികമായി ഈ സമര്‍ദ്ദ ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് നിര്‍ത്താനുള്ള കൈയ്യടക്കവും പരിചയ സമ്പത്തും കേരളത്തിലെ ബിജെപി ഘടകത്തിനല്ല അല്പം പോലുമില്ല. അപ്പോള്‍ പിന്നെ ഇതൊക്കെയൊരു സാധ്യത മാത്രമായി അവസാനിക്കുകയും ചെയ്യും. 

ഇനി എസ്എന്‍ഡിപി എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി കൂടാ എന്ന ചോദ്യവും പ്രസക്തമാണ്. മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ പേരില്‍ തന്നെ മതമുണ്ട്. അപ്പോള്‍ പിന്നെ ഒരു ജാതിപാര്‍ട്ടി വന്നാല്‍ എന്താണ് പ്രശ്‌നം എന്ന ചോദ്യം പ്രസക്തമാണ്. അതിനാല്‍ ഈ വിഷയം അല്പം വിശദീകരിക്കേണ്ടതുണ്ട്.
മുസ്ലിം സമുദായം കേരളത്തില്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ അവരുടെ ഉന്നമനവും ഏകീകരണവുമായിരുന്നു മുസ്ലം ലീഗിന്റെ പരമ്പരാഗതമായ രാഷ്ട്രീയ നിലപാട്. നിരവധി കടുത്ത മതയാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിക്കുമ്പോഴും പൊതുസമൂഹത്തിനോട് ഇടപെടുമ്പോള്‍ മുസ്ലിം ലീഗ് ജനാധിപത്യസ്വഭാവമുള്ള നിലപാടുകള്‍ മാത്രമേ സ്വീകരിക്കാറുള്ളു. സമുദായത്തിന്റെ ഉന്നമനമാണ് കടലാസിലെങ്കിലും മുസ്ലിം ലീഗിന്റെ ലക്ഷ്യം. മുസ്ലിം വിഭാഗം കേരളത്തിലെ ന്യൂനപക്ഷമാകുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു സമുദായ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാകുക സ്വഭാവികമാണ്. അതില്‍ സ്വാഭാവികമായ രാഷ്ട്രീയമുണ്ട്. കടുത്ത മുസ്ലിം തീവ്രവാദ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ വേരോട്ടം ഇല്ലാതായതിനും കാരണം മുസ്ലിം ലീഗിന്റെ ജനസമ്മതിയാണ്. 

എന്നാല്‍ കേരളത്തില്‍ ഭുരിപക്ഷ സമുഹമായ ഹിന്ദുകള്‍ക്കും ഹിന്ദുക്കളിലെ വിവിധ ജാതികള്‍ക്കും ഇത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വഭാവികമായ ആവശ്യം ഉണ്ടായിട്ടില്ല. എന്നാല്‍ ഈഴവരുടെ, അതായത് ഹിന്ദുക്കളിലെ ഒരു ജാതിയായ ഈഴവരുടെ, ഉന്നമനത്തിന് എന്ന മട്ടില്‍ എസ്എന്‍ഡിപി സൃഷ്ടിക്കുന്ന ജാതി രാഷ്ട്രീയം യഥാര്‍ഥത്തില്‍ സംഘപരിവാരത്തിന്റെ പ്രോഡക്ടാണ്. അതായത് കേരളത്തിലെ നേട്ടങ്ങള്‍ ന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നു, ഭൂരിപക്ഷത്തിന് ഒന്നും കിട്ടുന്നില്ല എന്ന വാദഗതി നിരന്തരമായി ഉന്നയിച്ച് മതധ്രൂവികരണം നടത്തിയെടുത്തതിന്റെ ഫലമാണ് ഇന്ന് എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പ്രവേശനം. തിവ്രഹിന്ദുത്വസംഘടനകള്‍ ഉഴുതുമറിച്ച ഭൂമിയിലാണ് എസ്എന്‍ഡിപി വിളവിറക്കാന്‍ പോകുന്നത്. ഇതൊരിക്കലും സ്വഭാവികമായ ഒരു രാഷ്ട്രിയ പാര്‍ട്ടിയാകാന്‍ പോകുന്നില്ല. മറിച്ച് തീര്‍ത്തും ഒരു അരാഷ്ട്രീയ സംഘടന മാത്രമായിരിക്കും. കാരണം ഈ രാഷ്ട്രീയ പാര്‍ട്ടിയെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ ജനകീയ രാഷ്ട്രിയത്തിന്റേതല്ല മറിച്ച് അരാഷ്ട്രീയ മത ജാതി വിഷയങ്ങളാണ്.
ഇവിടെ ന്യൂനപക്ഷം ചെയ്യുന്നതിനെ വിമര്‍ശിക്കാതിരിക്കുമ്പോള്‍ ഭൂരിപക്ഷം ചെയ്യുന്നതിനെ എന്തുകൊണ്ട് വിമര്‍ശിക്കുന്നു എന്ന് ചോദിക്കാം. 

ഇപ്പോള്‍ ന്യൂനപക്ഷ തീവ്രവാദത്തെ എടുക്കുക. മുസ്ലിം തീവ്രവാദത്തിനെതിരെയുള്ള പൊതുബോധം ഇന്ത്യയില്‍ എമ്പാടുമുണ്ട്. ജനങ്ങളും പോലീസും, കോടതിയുമെല്ലാം ഈ പൊതുബോധത്താല്‍ ബന്ധിതരാണ്. അതുകൊണ്ട് എവിടെയും മുസ്ലിം തീവ്രവാദം എതിര്‍ക്കപ്പെടും. 

എന്നാല്‍ ഭൂരിപക്ഷതീവ്രവാദത്തിന്റെ കാര്യം ഇങ്ങനെയല്ല. ഗോമാസം ഭക്ഷിച്ചവനെ അടിച്ചുകൊല്ലുമ്പോള്‍ അതിനെ തീവ്രവാദമായി ആരും കാണുന്നില്ല. ഏറി വന്നാല്‍ ഒരു ക്രൈമായി മാത്രമേ കാണുന്നുള്ളു. പശുവിനെ കൊന്ന് തിന്നിട്ടല്ലേ അവനെ അടിച്ചു കൊന്നത് എന്ന മനോഭാവമുള്ളവരും ഏറെയുണ്ടാകാം, പൊതു സമൂഹത്തിലും പോലീസിലും പോലും. അതായത് ഭൂരിപക്ഷ തീവ്രവാദത്തിനെതിരെയുള്ള പൊതുബോധം വ്യക്തവും തീവ്രവുമല്ല. ന്യൂനപക്ഷ തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ ജനങ്ങളുടെ പൊതുബോധവും പിന്നെ ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളുമുള്ളപ്പോള്‍ ഭൂരിപക്ഷ തീവ്രവാദം പലപ്പോഴും തിരിച്ചറിയാന്‍ പോലും കഴിയാതെ പോകുന്നു. 

ഇതേ സാഹചര്യമാണ് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടിയും ഭൂരിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയും തമ്മിലുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഏകീകരണത്തിനും ആവശ്യങ്ങള്‍ക്കും വേണ്ടി തീര്‍ച്ചയായും ഒരു രാഷ്ട്രീയ ശക്തി ആവശ്യമാണ്. എന്നാല്‍ ഭൂരിപക്ഷത്തിന് പൊതു സമൂഹത്തില്‍ ഒരു പ്രത്യേക രാഷ്ട്രീയ ശക്തിയായി കടന്നു വരേണ്ട സാഹചര്യമില്ല. 

പക്ഷെ ബിജെപി ഉഴുതുമറിച്ച് ഒരുക്കിയിട്ടിരിക്കുന്ന വയലില്‍ വെള്ളാപ്പള്ളി കൃഷി ഇറക്കാന്‍ തയാറായി കഴിഞ്ഞു. വിളവെടുപ്പില്‍ ലാഭം കൊയ്യുമോ കൃഷിനാശം സംഭവിക്കുമോ എന്നു മാത്രമേ ഇനി അറിയാനുള്ളു. 
Join WhatsApp News
എസ് കെ 2015-10-02 12:50:38
വെള്ളാപ്പള്ളിയും വീട്ടുകാരും നല്ലതുപോലെ വിളവെടുക്കും. കൂടെ നിന്ന് എസ് എന്‍ ഡി പിയെ കൂട്ടിക്കൊടുക്കന്നവര്‍ മിച്ചം വരുന്നതൊക്കെ പെറുക്കിയെടുക്കും. വെള്ളാപ്പള്ളി  പിന്തുണച്ചവര്‍ക്ക് ഉണ്ടായ അനുഭവം ബി ജെ പിക്കും പ്രതീക്ഷിക്കാം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക