Image

ഒബാമ സ്കൂളില്‍ വരുന്നത് മക്കള്‍ക്ക് നാണക്കേട് (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 15 January, 2012
ഒബാമ സ്കൂളില്‍ വരുന്നത് മക്കള്‍ക്ക് നാണക്കേട് (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്: ബറാക് ഒബാമ യുഎസ് പ്രസിഡന്റാണെന്ന് പറഞ്ഞിട്ടു കാര്യമില്ല. അദ്ദേഹത്തിന്റെ മക്കളായ മലിയയ്ക്കും സാഷയ്ക്കും പിതാവ് സ്കൂളില്‍ വരുന്നത് തന്നെ നാണക്കേടാണ്. പറയുന്നത് മറ്റാരുമല്ല ഒബാമയുടെ പത്‌നിയും രാജ്യത്തെ പ്രഥമ വനിതയുമായ മിഷേല്‍ ഒബാമ.. സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് മിഷേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാരന്റ്- ടീച്ചര്‍ കോണ്‍ഫറന്‍സിനായി ഒബാമയെത്തുന്നത് മക്കള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ ഒരു പ്രധാന കാരണമുണ്ട്. ഒബാമയെത്തുമ്പോള്‍ അദ്ദേഹത്തിന് അകമ്പടിയായി വലിയൊരു വാഹനവ്യൂഹം തന്നെ സ്കൂളിലെത്തും. ഒരുദിവസം ഒബാമ സ്കൂളിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ "അയ്യോ അപ്പോ നിറയെ കാറുകളും വരും. ഒരു ദിവസം കാറുകളിലൊന്ന് തന്റെ ടീച്ചറെ ഇടിച്ചെന്ന് തന്നെ കരുതി' എന്നായിരുന്നു മകള്‍ മലിയയുടെ പ്രതികരണമെന്നും മിഷേല്‍ പറയുന്നു. വൈറ്റ് ഹൈസിലെ മൂവി തിയറ്ററിലിരുന്ന് സിനിമ കാണുന്നതിനേക്കാള്‍ നഗരങ്ങളിലെ തിയറ്ററില്‍ പോയി സിനിമ കാണാനാണ് മക്കള്‍ക്ക് താല്‍പര്യമെന്നും മിഷേല്‍ പറയുന്നു.

സൗത്ത് കരോലീനയില്‍ മതനേതാക്കളുടെ പിന്തുണ സാന്റോറത്തിന്

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോലീന പ്രൈമറി തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ റിക് സാന്റോറത്തിന് മത നേതാക്കളുടെ പിന്തുണ. ടെക്‌സാസിലെ ബ്ലീബര്‍വില്ലെയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്ത 114 മതപുരോഹിതരില്‍ 85 പേരും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് മുന്‍ പെന്‍സില്‍വാനിയ സെനറ്റര്‍ കൂടിയായ സാന്റോറത്തെ പിന്തുണച്ചു. ന്യൂട്ട് ഗിംഗ്‌റിച്ചിനെയാണ് സാന്റോറം പിന്തള്ളിയത്. അയോവ കോക്കസിലും ഫ്‌റോറിഡ പ്രൈമറിയിലും വിജയിച്ച മിറ്റ് റോംനിയുടെ മോര്‍മോണ്‍ പശ്ചാത്തലത്തെച്ചൊല്ലി നേരത്തെ ചില വിശ്വാസികള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് വിശ്വാസി സമൂഹം സാന്റോറത്തിന് പ#ിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്. 21നാണ് സൗത്ത് കരോലീനയില്‍ പ്രൈമറി വോട്ടെടുപ്പ്.

രണ്ടര ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വാസമായി പിസിഐപി

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബറാക് ഒബാമ പാസാക്കിയ ഹെല്‍ത്ത് കെയര്‍ ബില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്ത യുഎസിലെ രണ്ടരലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വാസമാകുന്നു. ആരോഗ്യസ്ഥിതി പരിഗണിക്കാതെ ഇവര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന രീതിയിലാണ് പ്രീ എക്‌സിസ്റ്റിംഗ് കണ്ടീഷന്‍ ഇന്‍ഷൂറന്‍സ് പ്ലാന്‍ അഥവാ പിസിഐപി കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത്. വരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിലവിലുള്ള രോഗങ്ങളുടെ അടിസ്ഥാനത്തിലോ ഇന്‍ഷൂറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടുന്നില്ലെന്ന് പിസിഐപി ഉറപ്പു വരുത്തുന്നു എന്നതാണ് പ്രധാനം. ഇന്‍ഷൂര്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സുരക്ഷയും പിസിഐപി പ്രദാനം ചെയ്യുന്നുണ്ട്. സ്തനാര്‍ബുദം കണ്ടുപിടിക്കുന്നതിനുള്ള പതിവ് പരിശോധനയായ മാമോഗ്രാം, ക്യാന്‍സര്‍ സ്ക്രീനിംഗ് എന്നിവയും പിസിഐപിയുടെ പരിരക്ഷയില്‍ ഉള്‍പ്പെടുന്നു.

ഇനി അധികപരിരക്ഷ ആവശ്യമാണെങ്കില്‍ ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്ക് പണം നല്‍കി ചികിത്സ തേടാവുന്നതാണ്. പിന്നീട് പ്രിസ്ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ പിസിഐപി വഴി ചെലവഴിച്ച പണം തിരികെ ലഭിക്കും. ആരോഗ്യസംരക്ഷണത്തിനായി നല്‍കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് കാലാവധിയോ അനുവദിക്കുന്ന തുകയ്ക്ക് പരിധിയോ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. പ്രസവം, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള ചെലവ്, വിദഗ്ധ നഴ്‌സുമാരുടെ സേവനത്തിനുള്ള ചെലവ്(700 ഡോളര്‍ പ്രതിദിനം), ഹോസ്‌പൈസ്( പരമാവധി 15,000 ഡോളര്‍), മാനസിക രോഗം, അടിയന്തര സേവനങ്ങള്‍, രോഗം നിര്‍ണയിക്കാനുള്ള പഠനങ്ങള്‍ എന്നിവയെല്ലാം പിസിഐപി പരിരക്ഷയില്‍ ഉള്‍പ്പെടും. (see health section)

ഹോളിവുഡില്‍ വര്‍ണവിവേചനമെന്ന് ലൂക്കാസ്

ലണ്ടന്‍: കറുത്തവര്‍ അഭിനയിക്കുന്ന ചലച്ചിത്രങ്ങളോട് ഹോളിവുഡ് ചിറ്റമ്മനയം സ്വീകരിക്കുന്നതായി പ്രമുഖ സംവിധായകന്‍ ജോര്‍ജ് ലൂക്കാസ്. തന്‍െറ ഏറ്റവും പുതിയ ചിത്രം "റെഡ് ടൈല്‍സ്' പൂര്‍ത്തീകരിക്കാന്‍ 20 വര്‍ഷം വേണ്ടിവന്നതിന്റെ പ്രധാന കാരണവും ഈ ചിറ്റമ്മനയമാണെന്ന് ഡെയ്‌ലി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. നടനായി ഒറ്റ വെള്ളക്കാരനുമില്ലാത്ത ചലച്ചിത്രമായതുകൊണ്ട് ഹോളിവുഡ് സ്റ്റുഡിയോകള്‍ ബോധപൂര്‍വം അമാന്തം കാണിക്കുകയായിരുന്നു. ഇത്തരമൊരു ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ദുഷ്കരമാണെന്നും പലരും അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഹോളിവുഡിലെ വിതരണക്കാര്‍ സ്വീകരിക്കാന്‍ മടിച്ചതിനാല്‍ റെഡ് ടൈല്‍സിന്റെ വിതരണത്തിന് ലൂക്കാസ് സ്വന്തം കമ്പനിയെത്തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇറാനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് യുഎസിന് ആശങ്ക

വാഷിംഗ്ടണ്‍: തങ്ങളുടെ എതിര്‍പ്പ് അവഗണിച്ച്, ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന് അമേരിക്കയ്ക്ക് ആശങ്ക. ആക്രമണമുണ്ടായാലുള്ള പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസിഡന്റ്് ബറാക് ഒബാമയും പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയും ഇസ്രായേല്‍ നേതൃത്വത്തിന് വ്യക്തമായ സന്ദേശങ്ങള്‍ അയച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ നേരിടുന്നതിന് മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നീക്കം തുടങ്ങിയതായും വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ അന്ത്യശാസനങ്ങളും തള്ളി ഭൂഗര്‍ഭ അറയില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം തുടങ്ങിയതാണ് ഇസ്രായേലിന്റെ നീക്കത്തിന് പിന്നില്‍. ഇറാന്റെ മിസൈല്‍ പരിധിയില്‍നിന്ന് ഡിമോണയ്ക്കടുത്ത ആണവനിലയം അടച്ച് മാറ്റിസ്ഥാപിക്കുന്നതില്‍നിന്നാണ് ഇസ്രായേല്‍ ആക്രമണസജ്ജമാവുന്നെന്ന് അമേരിക്ക കരുതുന്നത്.

ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച ഒബാമ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ചു. ഇറാനെ ആക്രമിച്ചാല്‍ ഇറാഖിലെ അനുകൂലികള്‍ തങ്ങളുടെ നയതന്ത്ര കാര്യാലയമടക്കമുള്ള സ്ഥാപനങ്ങള്‍ക്കുനേരേ തിരിയുമെന്നാണ് അമേരിക്കയുടെ ആശങ്ക. സാഹചര്യം നേരിടുന്നതിനുവേണ്ടി മേഖലയിലെ സൈനികവിന്യാസത്തിലും അമേരിക്ക മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക