Image

ഫ്രീഡിയയുടെ ജോക്ക്‌പോട്ട്‌ ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ അമേരിക്കയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 January, 2012
ഫ്രീഡിയയുടെ ജോക്ക്‌പോട്ട്‌ ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ അമേരിക്കയില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ്‌ കമ്പനി സംഘടിപ്പിക്കുന്ന ജോക്ക്‌പോട്ട്‌ എന്ന സ്റ്റേജ്‌ ഷോ പരിപാടി 2012 ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ അമേരിക്കയിലെ 15 നഗരങ്ങളില്‍ അരങ്ങേറും. കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ഭാമ, മുക്ത എന്നീ ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം ഗായകരായ അഫ്‌സല്‍, രഞ്‌ജിനി ജോസ്‌, നര്‍ത്തകരായ ശ്രീജിത്ത്‌, വീണ, കോമഡി താരങ്ങളായ ഹരിശ്രീ യൂസഫ്‌, ഏലൂര്‍ ജോര്‍ജ്‌, നസീര്‍ സംക്രാന്തി എന്നിവരും അണിനിരക്കുന്ന പരിപാടി സംവിധാനം ചെയ്യുന്നത്‌ നാദിര്‍ഷയാണ്‌.

2011-ല്‍ ഫ്രീഡിയ മീരാ ജാസ്‌മിനേയും സുരാജ്‌ വെഞ്ഞാറമൂടിനേയും അണിനിരത്തി സംഘടിപ്പിച്ച സ്റ്റേജ്‌ ഷോ വന്‍ വിജയമായിരുന്നു. തുടര്‍ന്ന്‌ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്‌ കാല്‍വെയ്‌പ്‌ നടത്താന്‍ തീരുമാനിച്ച ഫ്രീഡിയയുടെ ആദ്യ ചിത്രത്തില്‍ ശ്രീനിവാസനും, മകന്‍ വിനീത്‌ ശ്രീനിവാസനുമാണ്‌ മുന്‍നിര താരങ്ങള്‍. കൃഷ്‌ണ പൂജപ്പുരയുടേതാണ്‌ കഥ. സംവിധാനം ജയന്‍ മുളങ്ങാട്‌. ഏപ്രില്‍, മെയ്‌ മാസങ്ങളിലെ സ്റ്റേജ്‌ഷോ പരിപാടികള്‍ക്കുശേഷം മെയ്‌ അവസാനത്തോടെ കേരളത്തില്‍ ചിത്രീകരണം തുടങ്ങാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഫ്രീഡിയ പ്രസിഡന്റ്‌ ഡോ. ഫ്രിമു വര്‍ഗീസ്‌, ഡയറക്‌ടര്‍മാരായ ഡോ. സക്കറിയാ തോമസ്‌, റേച്ചല്‍ വര്‍ഗീസ്‌ എന്നിവര്‍ പറഞ്ഞു.

അമേരിക്കയില്‍ നിരവധി സ്റ്റേജ്‌ഷോ പരിപാടികള്‍ ഇവന്റ്‌ മാനേജ്‌ ചെയ്‌തിട്ടുള്ള കേരള്‍ ടുഡേ ഡോട്ട്‌കോമാണ്‌ ഫ്രീഡിയയുടെ സ്റ്റേജ്‌ ഷോ പരിപാടിക്കും സിനിമാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുക എന്ന്‌ ഡോ. ഫ്രീമു വര്‍ഗീസും, കേരള്‍ ടുഡേ ഡോട്ട്‌കോം കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ തെക്കേക്കരയും പത്രക്കുറിപ്പില്‍ അറിയിച്ചു. കേരള്‍ ടുഡേ ഡോട്ട്‌കോം മാനേജിംഗ്‌ ഡയറക്‌ടറും ചലച്ചിത്ര പബ്ലിക്‌ റിലേഷന്‍സ്‌ മാനേജരുമായ ലാലു ജോസഫായിരിക്കും സിനിമാ നിര്‍മ്മാണ ചുമതലയുള്ള എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യുസര്‍.
ഫ്രീഡിയയുടെ ജോക്ക്‌പോട്ട്‌ ഏപ്രില്‍/മെയ്‌ മാസങ്ങളില്‍ അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക