Image

മലയാളി കൂട്ടായ്മയില്‍ മെല്‍ബണില്‍ പോസ്റ്റോഫീസും

Published on 14 January, 2012
മലയാളി കൂട്ടായ്മയില്‍ മെല്‍ബണില്‍ പോസ്റ്റോഫീസും
മെല്‍ബണ്‍: യുകെയിലെ മലയാളി ബിസിനസുകാര്‍ക്കിടയില്‍ പ്രമുഖനായ ജോബി ജോര്‍ജ് തടത്തില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇമ്മാനുവല്‍ സില്‍ക്‌സ് ഉദ്ഘാടനവുമായി ബഞ്ചപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും ജോബിയും തമ്മിലുള്ള സൗഹൃദത്തിന്റെ വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ജോയല്‍ എക്‌സ്പ്രസ് എന്ന പേരില്‍ ന്യൂകാസിലിലും പരിസര പ്രദേശങ്ങളിലും മുപ്പതിലധികം സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളും ഹോട്ടല്‍ ശൃംഖലകളുമുള്ള ജോബിയുടെ ബിസിനസ് സാമ്രാജ്യം അതിരുകള്‍ക്കപ്പുറത്തേക്ക് വളരുകയാണ്. 

മുമ്പ് യുകെയിലുണ്ടായിരുന്നതും ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറിയവരുമായ മറ്റു മലയാളി സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ജോബി ഓസ്‌ട്രേലിയയില്‍ ബിസിനസ് സാമ്രാജ്യത്തിന് തുടക്കമിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ പോസ്റ്റ് ഓഫീസും സൂപ്പര്‍ മാര്‍ക്കറ്റും ഒരുമിച്ചുള്ള സംരംഭമാണ് ജോബിയും കൂട്ടരും ആരംഭിച്ചിരിക്കുന്നത്. ജോബിക്കു പുറമേ അങ്കമാലിയില്‍നിന്നുള്ള വര്‍ഗീസ് പൈനാടത്ത്, കല്ലറക്കാരന്‍ സജി, പുന്നത്തുറക്കാരന്‍ സജി മുല്ലയ്ക്കല്‍, കോട്ടയം സ്വദേശിയായ റെജി പാറയ്ക്കന്‍ എന്നിവരാണ് പുതിയ സംരഭത്തില്‍ ഒന്നിക്കുന്നത്.

റെജി പാറയ്ക്കനും ജോബി ജോര്‍ജ് തടത്തിലും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. ക്‌നാനായ സംഘടനാ പ്രവര്‍ത്തനത്തിന് യുകെയില്‍ തുടക്കമിട്ട വ്യക്തികളിലൊരാളാണ് പാറയ്ക്കന്‍. പിന്നീട് അദ്ദേഹം ഓസ്‌ട്രേലിയയിലേക്കു കുടിയേറുകയായിരുന്നു. മറ്റൊരു രാജ്യത്തേക്കു കുടിയേറിയെങ്കിലും യുകെയുമായുള്ള ബന്ധം പാറയ്ക്കാന്‍ ഇപ്പോഴും തുടരുന്നു. ക്‌നാനായ പരിപാടികളില്‍ സംബന്ധിക്കാന്‍ അദ്ദേഹം ഇപ്പോഴും യുകെയില്‍ എത്താറുണ്ട്. ഇത്തരമൊരു യാത്രയിലാണ് പുതിയ ബിസിനസ് സംരംഭത്തെക്കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തതും ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതും. 

യുകെയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റി രംഗത്തും സിനിമാ നിര്‍മാണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ജോബി. അദ്ദേഹത്തിന്റെ വാട്ടര്‍ ലില്ലിയെന്ന ഹൗസ് ബോട്ട് സംരംഭത്തിന് 'വാട്ടര്‍ ലില്ലി'യെന്നു പേരു നല്‍കിയത് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ്. ചെറുപ്പത്തിന്റെ ചുറുചുറുക്കും ബിസിനസ് രംഗത്തെ ആത്മാര്‍ഥതയുമാണ് കുറഞ്ഞ കാലംകൊണ്ടുതന്നെ ബിസിനസ് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ജോബിയെ സഹായിച്ചതെന്ന് അദ്ദേഹത്തിന്റെ ചരിത്രം തന്നെ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

മലയാളി കൂട്ടായ്മയില്‍ മെല്‍ബണില്‍ പോസ്റ്റോഫീസും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക