Image

മകരവിളക്കിന് ഒരുക്കങ്ങള്‍ പുരോഗമിക്കവേ പൊന്നമ്പലമേട്ടില്‍ ദീപം തെളിഞ്ഞു

Published on 14 January, 2012
മകരവിളക്കിന് ഒരുക്കങ്ങള്‍ പുരോഗമിക്കവേ പൊന്നമ്പലമേട്ടില്‍ ദീപം തെളിഞ്ഞു
ശബരിമല: മകരവിളക്ക് മഹോത്സവം നാളെ നടക്കാനിരിക്കെ പൊന്നമ്പലമേട്ടില്‍ ദീപം തെളിഞ്ഞു. വൈകിട്ട് 6.50 ഓടെ രണ്ടു തവണയാണ് ദീപം തെളിഞ്ഞത്. പരമ്പരാഗതമായി മകരജ്യോതി തെളിയാറുളള ഭാഗത്തായിരുന്നു ഇത് ദൃശ്യമായത്. മകരവിളക്ക് മഹോത്സവത്തിനായി സന്നിധാനത്ത് ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയായിരുന്നു അപ്രതീക്ഷിതമായി പൊന്നമ്പലമേട്ടില്‍ ദീപം തെളിഞ്ഞത്. 

ജ്യോതി കണ്ടതോടെ സന്നിധാനത്ത് വിരിവച്ച് കാത്തുകിടന്നിരുന്ന അയ്യപ്പഭക്തര്‍ കൂട്ടത്തോടെ ഈ ഭാഗത്തേക്ക് നോക്കി ശരണം വിളികളുമായി കൈകൂപ്പുന്നുമുണ്ടായിരുന്നു. അയ്യപ്പന്‍മാര്‍ ജ്യോതി കാണാന്‍ തിക്കിത്തിരക്കിയത് പോലീസിനും തലവേദനയായി. മകരവിളക്ക് ഇന്നാണെന്നും ദേവസ്വം ബോര്‍ഡിന് തെറ്റുപറ്റിയതാണെന്നുമുള്ള വാദവുമായി ജ്യോതിഷ പണ്ഡിതര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മകരവിളക്ക് നാളെത്തന്നെയാണെന്ന നിലപാടില്‍ ദേവസ്വം ബോര്‍ഡ് ഉറച്ചുനില്‍ക്കുകയായിരുന്നു. 

ദീപം തെളിയിക്കാനുള്ള അവകാശം സംബന്ധിച്ച് മലയരയന്‍മാരും ദേവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നാളെ പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുമെന്ന് മലയരയന്‍മാര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഒരു വിഭാഗമാണ് ദീപം തെളിച്ചതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി, പത്തനംതിട്ട എസ്പിമാര്‍ക്ക് എഡിജിപി പി. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക