Image

ഇനി പ്രേക്ഷകരുടെ സ്വന്തം കാഞ്ചനമാല

ആശ എസ് പണിക്കര്‍ Published on 25 September, 2015
                                          ഇനി പ്രേക്ഷകരുടെ സ്വന്തം കാഞ്ചനമാല
നടി പാര്‍വതീ മേനോനെ കുറിച്ചോര്‍മിക്കുമ്പോള്‍ പല മുഖങ്ങളാണ് മനസില്‍ വരിക. നോട്ട് ബുക്കിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി, വിനോദയാത്രയില്‍ മുകേഷിന്റെ കോളേജ് വിദ്യാര്‍ത്ഥിനിയായ സഹോദരി എന്നീ വേഷങ്ങളില്‍ നമ്മള്‍ പാര്‍വതിയെ കണ്ടു. എങ്കിലും ഏറ്റവും അമ്പരപ്പിക്കുന്ന ഗെറ്റപ്പില്‍ എത്തിയത് ബാംഗ്ലൂര്‍ ഡേയ്‌സിലെ  ന്യൂജെന്‍ ലുക്കുളള മെട്രോ നഗരത്തില്‍ ജീവിക്കുന്ന സൈറ എന്ന പെണ്‍കുട്ടിയായി എത്തിയപ്പോഴാണ്. കമലഹാസന്‍ നായകനായ ഉത്തമവില്ലന്‍ എന്ന സിനിമയില്‍ കമലിന്റെ മകളായി ബോയ് കട്ട് ചെയ്ത മുടിയുമായും വേറിട്ട ഗെറ്റപ്പുമായി എത്തി  പാര്‍വതി വീണ്ടും നമ്മെ അമ്പരപ്പിച്ചു.  അങ്ങനെ മലയാള സിനിമയില്‍ വേറിട്ട ഗെറ്റപ്പുകള്‍ കൊണ്ട്  പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടിയാണ് പാര്‍വതി. എന്നാല്‍ ഗെറ്റപ്പിലെ വ്യത്യസ്തതത കൊണ്ടു മാത്രമല്ല, അഭിനയത്തിലെ കരുത്തുകൊണ്ടും സ്വീകരിക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടു കൂടിയുമാണ് പാര്‍വതി ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 'എന്നു നിന്റെ മൊയ്തീന്‍' എന്ന സിനിമയില്‍ അതിലെ നായികയായ കാഞ്ചനമാലയുടെ കഥാപാത്രത്തെ അസാധാരണമായ അഭിനയ മികവുകൊണ്ട് പാര്‍വതി ഉജ്വലമാക്കിയിരിക്കുന്നു.  കാഞ്ചനമാലയ്ക്കു വേണ്ടി നടത്തിയ തയ്യാറെടുപ്പുകളും യഥാര്‍ത്ഥ കാഞ്ചനമാലയെ നേരില്‍ കണ്ടപ്പോഴുളള അനുഭവങ്ങളുമെല്ലാം പാര്‍വതി പങ്കു വയ്ക്കുന്നു. 

ജീവിച്ചിരിക്കുന്ന ഒരാളുടെ കഥ വെള്ളിത്തിരയില്‍ എത്തിക്കുമ്പോള്‍ വെല്ലുവിളികളുണ്ട്. പേടിയുണ്ടായിരുന്നോ? 

വെല്ലുവിളിയായിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ എനിക്കു കിട്ടിയ ഒരു അംഗീകാരമായിട്ടാണ് ഞാന്‍ ഈ കഥാപാത്രത്തെ കാണുന്നത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ കുറിച്ചുള്ള കഥ എന്റെ കൈയില്‍ ഏല്‍പ്പിക്കുന്നത് എന്നിലുള്ള വിശ്വാസം കൊണ്ടാണ് എന്നു നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കഴിയുന്നത്ര ഭംഗിയോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ആ കഥാപാത്രം ആവശ്യപ്പെടുന്ന മുഴുവന്‍ ഡെപ്തിലും അത് ചെയ്യണമെന്ന ആഗ്രഹത്തോടു കൂടിയാണ് ഞാന്‍ അത് ചെയ്തത്. 

കാഞ്ചനമാലയാകാന്‍ എടുത്ത തയ്യാറെടുപ്പുകള്‍? 

ഈ സിനിമയുടെ കഥ പറഞ്ഞു കഴിഞ്ഞ്  ഷൂട്ട് തുടങ്ങന്നതിന് മുമ്പ് അഞ്ചാറു മാസത്തെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സിനിമയുടെ സവിധായകന്‍ വിമല്‍ മുക്കത്തെ ആളുകളോടൊക്കെ സംസാരിച്ച് കാഞ്ചമാലയുടെ പ്രകൃതവും അക്കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതത്തെ കുറിച്ചുമെല്ലാം വളരെ വിശദമായി ഗവേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആ കാലഘട്ടത്തെ കുറിച്ചെല്ലാം വളരെ വ്യക്തമായി പഠിച്ചു. അഞ്ചു പുസ്തകങ്ങളിലായിട്ടായിരുന്നു കഥയുടെ സ്‌ക്രിപ്റ്റ്. അതില്‍ എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി ഉണ്ടായിരുന്നു. അങ്ങനെ കാഞ്ചനമാലയുടെ ശരീര പ്രകൃതം, സംസാരം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം മനസിലാക്കി. പിന്നെ സംവിധായകന്‍ പറഞ്ഞതു പോലെ ശരീരഭാരം കൂട്ടി. കഥാപാത്രത്തിനു വേണ്ടി നന്നായി ഹോംവര്‍ക്ക് ചെയ്തിരുന്നു. 

ഷൂട്ട് തുടങ്ങുന്നതിനു മുമ്പ് കാഞ്ചനമാലയെ നേരിട്ടു കണ്ടിരുന്നോ? 

തീര്‍ച്ചയായും. ഞാന്‍ കാഞ്ചനമാലയെ നേരിട്ടു കണ്ടു. സത്യത്തില്‍ നേരില്‍ കാണുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചോദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് കൂടുതലൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് നേര്. ജീവിതത്തില്‍ ഇത്രയൊക്കെ ത്യാഗം സഹിച്ച  അവരെ കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ ഒന്നും ചോദിക്കാനുള്ള മനസാന്നിധ്യം ഇല്ലായിരുന്നു എന്നതാണ് വാസ്തവം. കാഞ്ചനമാല എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. മൊയ്തീന്‍ തുടങ്ങി വച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളൊക്കെ ചെയ്തുകൊണ്ട് ആ  പ്രണയത്തിന്റെ ഓര്‍മകള്‍ സൂക്ഷിച്ചുകൊണ്ട് അവര്‍ ഇപ്പോഴും മൊയ്തീനു വേണ്ടി സന്തോഷത്തോടെ ജീവിക്കുന്നു. മുക്കത്തുള്ള അവരുടെ ഒരു സുഹൃത്തിനെ ഞാന്‍ കണ്ടിരുന്നു. അദ്ദേഹം ഏതൊക്കെ പുസ്തകങ്ങള്‍ വായിക്കണെമെന്നൊക്കെ പറഞ്ഞു തന്നു. അത് ശരിക്കും സഹായിച്ചു..  കാഞ്ചനമാലയെ നേരിട്ടു കണ്ടതോടെ  ആ കഥാപാത്രം ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കണമെന്ന് എന്റെ ആഗ്രഹം കുറച്ചു കൂടി  ശക്തമായി. അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. 

എങ്ങനെയാണ് കാഞ്ചനമാലയാകാന്‍ തീരുമാനിച്ചത്? 

ഇത്രയും മനോഹരമായ ഒരു പ്രണയകഥ യാഥാര്‍ത്ഥ സംഭവമാണ് എന്നറിയുമ്പോഴുള്ള ഒരു ത്രില്‍. ആ കഥയിലെ യഥാര്‍ത്ഥ നായികയെ അവതരിപ്പിക്കാന്‍ കഴിയുക എന്നതും ഒരു ഭാഗ്യമല്ലേ. മരണത്തിനു പോലും തോല്‍പിക്കാന്‍ കഴിയാത്ത പ്രണയം. അതാണ് എന്നെ ആകര്‍ഷിച്ചത്. നിസ്വാര്‍ത്ഥമായ പ്രണയം എന്താണെന്ന് കാഞ്ചനമാല നമുക്ക് പഠിപ്പിച്ചു തരുന്നു. ആ സ്‌നേഹത്തിന്റ ഓര്‍മയില്‍ അവര്‍ ജീവിക്കുന്നു. ഈ കഥാപാത്രം ലഭിച്ചത് എന്റെ മഹാഭാഗ്യമാണ്. എല്ലാവരോടും നന്ദിയുണ്ട്. പ്രത്യേകിച്ചും സിനിമ സ്വീകരിച്ച പ്രേക്ഷകര്‍ക്ക്.

കാഞ്ചനമാലയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു? 

വളരെ സന്തോഷമുണ്ട് അത് കേള്‍ക്കുമ്പോള്‍. പ്രേക്ഷകരാണ് എന്റെ ശക്തി. അവര്‍ നല്‍കുന്ന പിന്തുണയും സ്‌നേഹവുമാണ് എല്ലാം. ഈ കഥാപാത്രം ചെയ്യുമ്പോള്‍ ഒന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു. പാര്‍വതി എന്ന എന്നെ കഥയില്‍ ഒരിടത്തും പ്രേക്ഷകര്‍ കാണരുതെന്ന്. അഭിനേത്രി എന്ന നിലയില്‍ അവിടെ കാഞ്ചനമാലയെ മാത്രമേ കാണാവൂ. അതിനായി ശ്രമിച്ചു. കാഞ്ചനമാല എന്ന കഥാപാത്രത്തെ മാത്രമേ കാണാവൂ എന്നും ആഗ്രഹിച്ചിരുന്നു. കാഞ്ചനമാല എങ്ങനെയുള്ള വ്യക്തിയായിരുന്നു എന്നു മാത്രമാണ് ഈ സിനിമയില്‍ ഞാന്‍ കാട്ടുന്നത്.  പ്രേക്ഷകര്‍ ഇന്ന് കാഞ്ചനമാലയെ സ്വീകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. എന്റെ കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും സ്‌നേഹിക്കുന്നതും. അത് പാര്‍വതി എന്ന നടിയുടെ വിജയമായി ഞാന്‍ കരുതുന്നു. 



                                          ഇനി പ്രേക്ഷകരുടെ സ്വന്തം കാഞ്ചനമാല                                          ഇനി പ്രേക്ഷകരുടെ സ്വന്തം കാഞ്ചനമാല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക