Image

സമ്മേളനത്തിനിടെ വാര്‍ത്ത ചോര്‍ത്താന്‍ ശ്രമം: പി ജയരാജന്‍

Published on 14 January, 2012
സമ്മേളനത്തിനിടെ വാര്‍ത്ത ചോര്‍ത്താന്‍ ശ്രമം: പി ജയരാജന്‍
കണ്ണൂര്‍: ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഒരു മാധ്യമപ്രവര്‍ത്തകന്‍ മൈക്രോ ചിപ്പ് ഉപയോഗിച്ച് വാര്‍ത്ത ചോര്‍ത്താന്‍ ശ്രമിച്ചെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ സമ്മേളനഹാളില്‍ മൈക്രോചിപ്പ് വെയ്ക്കാന്‍ ശ്രമിക്കുന്നത് ഒരു വോളണ്ടിയര്‍ കണ്ടു. എന്നാല്‍ ഇയാളെ പിടികൂടാനായില്ല. സമ്മേളനം സമാപിക്കുന്നതിന് മുമ്പ് ആളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളന വാര്‍ത്തകള്‍ ശേഖരിക്കുന്നതിനെ കുറ്റം പറയാനാവില്ല. എന്നാല്‍ അതിന് ഇത്തരം രീതികള്‍ അവലംബിക്കുന്നത് ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആലോചിക്കണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

പയ്യന്നൂര്‍ അയോധ്യാ ഓഡിറ്റോറിയത്തിലെ ഐ.വി.ദാസ് നഗറിലാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തൊട്ടുക്കുമുള്ള സി.പി.എം. നേതൃത്വത്തിലെ വലിയ നിരതന്നെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനെത്തിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരന്‍ എം.പി, പി.കെ.ശ്രീമതി, എ.വിജയരാഘവന്‍, എം.സി.ജോസഫൈന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.വി.ദക്ഷിണാമൂര്‍ത്തി, എ.കെ.ബാല്‍, എം.വി.ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.കെ.നാരായണന്‍, ടി.പി.രാമകൃഷ്ണന്‍, പി.സതീദേവി, സി.കെ.സതീശന്‍ തുടങ്ങിയവരാണ് എത്തിയിട്ടുള്ളത്.

ജില്ലയിലെ 43,433 പാര്‍ട്ടിയംഗങ്ങളെ പ്രതിനിധീകരിച്ച് 375 പേരും 42 ജില്ലാ കമ്മിറ്റിയംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകരും രക്തസാക്ഷി കുടുംബാംഗങ്ങളും അടക്കമുള്ളവര്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക