Image

അമേരിക്കന്‍ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം സിനിമ: ജയരാജ്

Published on 22 September, 2015
അമേരിക്കന്‍ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം സിനിമ: ജയരാജ്
ഓറഞ്ച്ബര്‍ഗ്, ന്യൂയോര്‍ക്ക്: നാല്‍പ്പതില്‍പ്പരം സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജയരാജിന് സുഹൃദ് സംഘം നല്‍കിയ സ്വീകരണം സിനിമാരംഗത്തെപ്പറ്റിയുള്ള സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുടെ ആര്‍ജവത്വവും മലയാള ഭാഷയോടും സംസ്‌കാരത്തോടും സിനിമയടക്കമുള്ള കലകളോടും പ്രവാസികള്‍ കാണിക്കുന്ന പ്രതിപത്തിയിലും  ജയരാജ് വിസ്മയഭരിതനാകുകയും ചെയ്തു.

സിത്താര്‍ പാലസില്‍ നടന്ന സ്വീകരണത്തില്‍ അടുത്തവര്‍ഷം അമേരിക്കന്‍ പശ്ചാത്തലത്തില്‍ സിനിമയെടുക്കാനുള്ള താത്പര്യം ജയരാജ് അറിയിച്ചു. ഇവിടെനിന്നുള്ളവര്‍ക്ക് അവസരം ലഭിക്കും. മുമ്പ് അഭിനയിച്ച യാതൊരു പരിചയവും ആവശ്യമില്ല. 'കരുണ'ത്തിലും കഴിഞ്ഞവര്‍ഷത്തെ ദേശീയ അവാര്‍ഡ് നേടിയ 'ഒറ്റാലിലുമൊക്കെ' സാധാരണ വ്യക്തികളെ അഭിനയിപ്പിച്ചത് ജയരാജ് അനുസ്മരിച്ചു. അഭിനയപരിചയമില്ലാത്ത സാധാരണ വ്യക്തി സാധാരണ രീതിയില്‍ പെരുമാറുന്നതിനെ വെല്ലാന്‍ ഒരു അഭിനേതാവിനും കഴിഞ്ഞെന്നു വരില്ല. 'ഒറ്റാലില്‍' മീന്‍ പിടിക്കുന്ന ആള്‍തന്നെ കഥാപാത്രമാകുമ്പോള്‍ കാഴ്ചയില്‍ തന്നെ അയാള്‍ എന്താണെന്ന് പ്രേക്ഷകന്‍ അറിയുന്നു. യഥാര്‍ത്ഥ വ്യക്തി തന്നെ കഥാപാത്രമായി മാറുന്നു.

സിനിമാ രംഗത്തു പ്രതിസന്ധിയുണ്ടെന്നു പറയുമ്പോഴും നല്ല സിനിമകള്‍ തീയേറ്ററില്‍ നിറഞ്ഞോടുന്നുണ്ട്. സിനിമ ഒരിക്കലും ഇല്ലാതാവില്ല. വ്യത്യസ്തങ്ങളായ കലകള്‍ ഒന്നിക്കുന്ന സിനിമ പോലെയുള്ള മറ്റൊരു കലാരൂപമില്ല. അതുകൊണ്ടുതന്നെ സിനിമ മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്തുന്നു.

മലയാള ഭാഷ നമുക്ക് നഷ്ടമാകുന്ന അവസ്ഥാവിശേഷമുണ്ടെന്ന് അദ്ദേഹം കുണ്ഠിതപ്പെട്ടു. ഭാഷ ഇല്ലാതാകുമ്പോള്‍ സംസ്‌കാരമാണ് ഇല്ലാതാകുന്നത്. നദി അന്തര്‍ധ്വാനം ചെയ്തപോലെ പണ്ടിവിടെ മലയാള ഭാഷ ഉണ്ടായിരുന്നു എന്നു പറയുന്ന സ്ഥിതി വന്നേക്കാം. സ്വന്തം ഭാഷയില്‍ മലയാളി അഭിമാനം കൊള്ളുന്നില്ല. ഭാഷ പഠിക്കാനും പറയാനും നിര്‍ബന്ധിക്കുന്നില്ല. മലയാള ഭാഷയെ കാത്തുസൂക്ഷിക്കേണ്ട ദൗത്യം പ്രവാസികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഭാഷയേയും സംസ്‌കാരത്തേയും ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവര്‍ ഇവിടെയാണുള്ളത്. ഏറ്റവും കൂടുതല്‍ ഗൃഹാതുരത്വം പേറുന്നവരും. പുതിയ തലമുറയെ ഭാഷ പഠിപ്പിക്കാന്‍ വ്യഗ്രത കാട്ടുന്നവരും ഇവിടെയുണ്ട്.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ കണ്ടപ്പോഴാണ് സിനിമാക്കാരനാകണമെന്ന മോഹമുദിച്ചത്. 1996-ല്‍ ദേശാടനത്തിനും  97-ല്‍ ഗോള്‍ഡന്‍ പീക്കോക്കും ലഭിച്ചപ്പോള്‍ പോലും തനിക്ക് കിട്ടാത്ത സ്‌നേഹപൂര്‍വ്വമായ സ്വീകരണമാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. അതു ഹൃദയത്തെ സ്പര്‍ശിക്കുന്നു.

ദൈവമാണ് ഏറ്റവും വലിയ കലാകാരന്‍. അതിനാല്‍ വൈദീകരായ   ഫാ. തദേവൂസ് അരവിന്ദത്തും, ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തും ഈ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ അതിശയിക്കാനില്ല. ദൈവത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കേ മനസ്സില്‍ എന്നും കലാബോധം സൂക്ഷിക്കാനാകൂ.

എന്റെ സിനിമയില്‍ സംതൃപ്തനാണോ എന്നു ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട്. എന്റെ കാഴ്ചപ്പാടില്‍ ആദ്യ സിനിമ ചെയ്യാനുള്ള പ്രയാണത്തിലാണ് ഞാന്‍. കാലത്തെ അതിജീവിക്കുന്ന സിനിമ ചെയ്യാനുള്ള പ്രയാണം. അതു സാധ്യമാകുമോ എന്നറിയില്ല. ഈ പ്രയാണമാണ് എന്റെ ജീവിതം.

കളിയാട്ടത്തിനുശേഷം ഷേക്‌സ്പീരിയന്‍ കഥാപാത്രമായ മക്‌ബെത്തിന്റെ പുനരാവിഷ്‌കാരമാണ് അടുത്ത സിനിമ. അതിനു പ്രവാസി സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.

പൈറസിയാണ് സിനിമാ രംഗത്തെ തകര്‍ക്കുന്നത്. നഷ്ടമാകും എന്നുകരുതി താന്‍ സിനിമ എടുത്തിട്ടില്ല. എന്നാല്‍
ഫലമെന്താകുമെന്ന് നോക്കാതെ  സിനിമയെടുക്കാനാണ് തനിക്ക് താത്പര്യം. ഉറച്ച വിശ്വാസത്തോടെ ചെയ്യുന്ന കാര്യം വിജയിക്കുമെന്നു തന്നെയാണ് കരുതുന്നത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ മലയോട് മാറാന്‍ പറഞ്ഞാല്‍ അതു മാറുമെന്ന ബൈബിള്‍ വാക്യവും അദ്ദേഹം എടുത്തുകാട്ടി.

വിത്തിനൊപ്പം കളകളും മുളപൊട്ടിയതും പരാമര്‍ശ വിഷയമായി. യേശു പറഞ്ഞത് കളകള്‍ വളരട്ടെ എന്നാണ്. വലുതായാല്‍ പറിച്ചു കളയാന്‍ എളുപ്പം. നമ്മുടെ മനസ്സി
ല്‍ വിദ്വേഷവും വെറുപ്പുമൊക്കെ വലുതായാല്‍  പറിച്ചു  കളയാന്‍ എളുപ്പം. അവയെപ്പറ്റി അവബോധം ഉണ്ടായാല്‍കൂടി പശ്ചാത്താപമായി.

കേരളത്തിലെ മാറ്റങ്ങളൊക്കെ ഇവിടെ നിന്നാലാണു പെട്ടെന്ന് മനസിലാകുക. ലൗഡ് സ്പീക്കര്‍ എന്ന സിനിമ കണ്ട് പാലക്കാട് ഒരു ദരിദ്രസ്ത്രീ വൃക്ക ദാനം ചെയ്തു. കരുണത്തില്‍ അഭിനയിച്ച വാവച്ചന്‍ വൈകല്യമില്ലാത്ത വ്യക്തിയാണ് തനിക്ക്. 'ശ്രീ ശ്രീ വാവച്ചന്റെ സുവിശേഷം' എന്നൊരു പുസ്തകം താന്‍ അദ്ദേഹത്തെപ്പറ്റി എഴുതിയിട്ടുണ്ട്.

ഗാനരചയിതാവായ ഫാ. തദേവൂസ് അരവിന്ദത്തിന്റെ ചിന്തോദ്ദീപകമായ പ്രസംഗത്തില്‍ ഇന്ന് സിനിമയുടെ മൂല്യം തീരുമാനിക്കുന്നത് പ്രേക്ഷകനാണെന്നു ചൂണ്ടിക്കാട്ടി. സംവിധായകന്റേയോ, നടന്റേയോ കലയാണെന്ന കാലമൊക്കെ മാറി. സിനിമയുടെ വ്യാകരണമനുസരിച്ചുള്ള സൃഷ്ടികളേ വിജയിക്കുന്നതായി കണ്ടിട്ടുള്ളൂ.

വേറിട്ട രീതിയില്‍ ചിന്തിക്കുന്ന കലാകാരനാണ് 'ചിലമ്പി'ല്‍ ഭരതന്റെ സഹായിയായി സിനിമാരംഗത്ത് എത്തിയ ജയരാജ്. 'പൈതൃകം' പോലുള്ള സിനിമകള്‍ ഭാരതീയ സംസ്‌കൃതിയില്‍ അടിസ്ത്രു
മാണ്. ക്രിസ്തുമതവും ഇസ്ലാം മതവുമൊക്കെ ഇന്ത്യയില്‍ വേരുറപ്പിച്ചപ്പോഴും അവ ഭാരതീയ സംസ്‌കൃതിയിലാണ് ഉറച്ചുനില്‍ക്കുന്നത്.

വൈജാത്യങ്ങളുടെ  നടുവിലും നാം എങ്ങനെ ഒരുമിച്ചു നില്‍ക്കുന്നുവെന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്. സംസ്‌കൃതിയാണ് നമ്മെ ഒന്നിപ്പിക്കുന്നത്. മാനവീകതയുടെ തലത്തില്‍ നിന്ന് ലോകോത്തര സിനിമ സൃഷ്ടിക്കാന്‍ ജയരാജിനാകട്ടെയെന്നദ്ദേഹം ആശംസിച്ചു.

ഹൈന്ദവ സംസ്‌കാരത്തിന്റെ പിന്മുറക്കാരാണ് വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കിലും എല്ലാ ഇന്ത്യക്കാരുമെന്ന് ഫാ. ജോബ്‌സണ്‍ ചൂണ്ടിക്കാട്ടി. കാവിയും കുരിശും പച്ചയുമൊക്കെ ഒന്നിക്കുന്ന ഉദാത്ത മാനവീകതയുടെ കഥപറയുന്ന സിനിമകള്‍ ജയരാജില്‍ നിന്നുണ്ടാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

അഭിനയിക്കാന്‍ ആഗ്രഹമുള്ളവര്‍ അമേരിക്കയിലേപ്പോലെ മറ്റെങ്ങും കാണില്ലെന്ന് കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപ്പുറം പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ സംഘടിതരായി മുന്നോട്ടുവരണം. ജയരാജിനെപ്പോലുള്ള സംവിധായകരെ ഉപയോഗിച്ച് സിനിമയെടുക്കണമെന്നദ്ദേഹം നിര്‍ദേശിച്ചു. പ്രകൃതിയുമായി ഒത്തുചേരുന്ന രീതിയില്‍ നിര്‍മ്മിച്ച ജയരാജിന്റെ വീടിന്റെ സൗമ്യതയാണ് ഫൊക്കാനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ചൂണ്ടിക്കാട്ടിയത്. മുമ്പൊരു ചിത്രത്തിന് നടന്മാരെ ആവശ്യമുണ്ടെന്നു ജയരാജ് പരസ്യം ചെയ്തപ്പോള്‍ താന്‍ ഒരു ഫോട്ടോ അയച്ചത് ഫോമാ നേതാവ് ജോസ് ഏബ്രഹാം അനുസ്മരിച്ചു.

അമേരിക്കയില്‍ സിനിമ ചെയ്യുമ്പോള്‍ വീണ്ടും ബന്ധപ്പെടണമെന്ന് ജയരാജ് മറുപടിയായി പറഞ്ഞു. ജേക്കബ് ജോര്‍ജ് (ടിറ്റി), നടനും എഴുത്തുകാരനുമായ സണ്ണി കല്ലൂപ്പാറ, മലയാള പത്രം സാരഥി ജേക്കബ് റോയി തുടങ്ങിയവരാണ് സമ്മേളനം സംഘടിപ്പിച്ചത്. റിന്‍ഡ്സി  ആയിരുന്നു മികവുറ്റ രീതിയില്‍ എം.സിയായി പ്രവര്‍ത്തിച്ചത്.

ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, റോയി ചെങ്ങന്നൂര്‍, പി.ടി. തോമസ്, ജേക്കബ് ചൂരവടി, നിഷാന്ത് നായര്‍, ഷാജിമോന്‍ വെട്ടം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. രാജു തോട്ടം, കെ.ഐ. അലക്‌സ് എന്നിവര്‍ ഗാനം ആലപിച്ചു. ജിയ അക്കക്കാട്ട് ആയിരുന്നു പ്രാര്‍ത്ഥനാഗീതം ആലപിച്ചത്.
അമേരിക്കന്‍ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം സിനിമ: ജയരാജ്അമേരിക്കന്‍ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം സിനിമ: ജയരാജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക