Image

എന്നു നിന്റെ മൊയ്‌തീന്‍; ക്ലാസിക്ക്‌ പ്രണയ ചിത്രം

ജയമോഹനന്‍ എം Published on 21 September, 2015
എന്നു നിന്റെ മൊയ്‌തീന്‍; ക്ലാസിക്ക്‌ പ്രണയ ചിത്രം
~സത്യത്തില്‍ `പ്രേമ'മൊക്കെ വെറും തട്ടിക്കൂട്ട്‌ പൈങ്കിളി മാത്രമായിരുന്നു. പ്രേമം മാത്രമല്ല തട്ടത്തിന്‍ മറയത്തില്‍ തുടങ്ങിയ സകല ന്യൂജന്‍ സിനിമകളും വെറും തട്ടിക്കൂട്ട്‌ മാത്രമായിരുന്നു.

ഇങ്ങനെ തോന്നാന്‍ കാരണം എന്ന്‌ നിന്റെ മൊയ്‌തീനാണ്‌. മലയാള സിനിമ അതിന്റെ ക്ലാസിക്കല്‍ ലെവലിലേക്ക്‌ തിരിച്ചു പോകുന്ന ചിത്രമാണ്‌ എന്നു നിന്റെ മൊയ്‌തീന്‍. അതുമാത്രമല്ല സുന്ദരമായ ഒരു പ്രണയകഥയുടെ ദൃശ്യാവിഷ്‌കരണവും സാധ്യമാകുന്നു മൊയ്‌തീനില്‍. സ്ഥിരം ന്യൂജനറേഷന്‍ പൈഇങ്കിളി പ്രേമങ്ങള്‍ കണ്ടു വന്ന സമയത്ത്‌ എന്നു നിന്റെ മൊയ്‌തീന്‍ പോലെയൊരു ഗംഭീര പ്രണയ ചിത്രം കാണുമ്പോഴുള്ള അനുഭൂതി കൊടുംവേനലില്‍ പുതുമഴ പെയ്‌തതു പോലെയാണ്‌. അതുകൊണ്ടു ന്യൂജനറേഷന്‍കാരെ നിങ്ങള്‍ ആദ്യം എന്നു നിന്റെ മൊയ്‌തീന്‍ കാണുക.

ആര്‍.എസ്‌ വിമല്‍ എന്ന പത്രപ്രവര്‍ത്തകന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ്‌ എന്നു നിന്റെ മൊയ്‌തീന്‍. ചിത്രത്തിന്റെ രചനയും സംവിധാനവും ആര്‍.എസ്‌ വിമല്‍ തന്നെ. അറുപതുകളില്‍ മലബാറില്‍ കോളിളക്കം സൃഷ്‌ടിച്ച പ്രണയമായിരുന്നു കാഞ്ചനമാലയുടെയും മൊയ്‌തീന്റെയും. ജാതിയും മതവും കടുത്തു നിന്ന അക്കാലത്ത്‌ (ഇന്നും അതിന്‌ വലിയ വിത്യാസമില്ല) മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത്‌ മൊയ്‌തീന്‍ എന്ന മുസ്ലിം ചെറുപ്പക്കാരനും കാഞ്ചനമാല എന്ന ഹിന്ദു നായര്‍ പെണ്‍കുട്ടിയും പ്രണയിച്ചു. ആ പ്രണയം നാട്ടില്‍ ഒരു കോളിളക്കം തന്നെ സൃഷ്‌ടിച്ചു. ഒരിക്കലും ഒന്നുചേരാന്‍ പോകുന്നില്ലെന്ന്‌ വീട്ടുകാരും നാട്ടുകാരും വിധിയെഴുതുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നിട്ടും എന്നെങ്കിലും ഒന്നിക്കാമെന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരുന്നു. അകലെ നിന്ന്‌ പ്രണയിച്ചു. പക്ഷെ കാലം കാത്തുവെച്ചത്‌ കാഞ്ചനമാലയുടെ പ്രീയപ്പെട്ട മൊയ്‌തീന്റെ മരണമായിരുന്നു. പേമാരി അവനെ നദിയില്‍ താഴ്‌ത്തി കൊണ്ടു പോയി. അതോടെ കാഞ്ചനമാല ഒറ്റക്കായി. ഇന്നും കാഞ്ചനമാല ജീവിക്കുന്നുണ്ട്‌ മലബാറില്‍. മൊയ്‌തീന്റെ പ്രണയത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി മൊയ്‌തീനോടുള്ള പ്രണയം മാത്രം ഉള്ളില്‍ പേറി വാര്‍ദ്ധക്യത്തിലേക്കടുക്കുന്ന കാഞ്ചനമാല ഇന്നും മലബാറിലുണ്ട്‌. കാഞ്ചനമാല മാത്രമല്ല എന്നു നിന്റെ മൊയ്‌തീന്‍ എന്ന സിനിമയിലെ പലരും ഇപ്പോഴും മലബാറില്‍ ജീവിച്ചിരിക്കുന്നവരാണ്‌. മൊയ്‌തീന്‍ ഒഴിച്ച്‌.

മലബാറില്‍ കേട്ടുപോന്ന ഒരു യഥാര്‍ഥ സംഭവകഥയാണ്‌ കാഞ്ചനമാല - മൊയ്‌തീന്‍ പ്രണയം. ഈ അനശ്വര പ്രണയത്തെ സിനിമയാക്കിയ ആര്‍.എസ്‌ വിമല്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു റിയലിസ്റ്റിക്‌ സിനിമയുടെ സ്വഭാവങ്ങളുള്ളപ്പോഴും മനോഹരമായ ഒരു സിനിമാറ്റിക്‌ കാഴ്‌ചയെ സാധ്യമാക്കി എന്നതാണ്‌ വിമല്‍ എന്ന സംവിധായകന്റെ മിടുക്ക്‌.

മൊയ്‌തീനായി തകര്‍ത്തഭിനയിക്കുകയാണ്‌ ചിത്രത്തില്‍ പൃഥ്വിരാജ്‌. പൃഥ്വിരാജിന്റെ ഏറ്റവും മികച്ച അഭിനയ പ്രകടനം കൂടിയാണ്‌ എന്നു നിന്റെ മൊയ്‌തീനിലേത്‌. ഒപ്പം നായികയായ പാര്‍വതിയുടെ പ്രകടനവും ഗംഭീരം. സായ്‌കുമാര്‍, ലെന, ടൊവിനോ തോമസ്‌ തുടങ്ങി അഭിനേതാക്കള്‍ ഓരോരുത്തരും ഗംഭീരമായ പ്രകടനം കാഴ്‌ചവെക്കുമ്പോള്‍ ഇത്‌ അഭിനേതാക്കളുടെ ചിത്രമാകുന്നു. എന്നാല്‍ കാഴ്‌ചയില്‍ അസാധാരണമായ ദൃശ്യഭംഗിയും പ്രണയവും അനുഭവേദ്യമാക്കുമ്പോള്‍ ഇത്‌ ഛായാഗ്രാഹകന്റെ ചിത്രവുമായി തോന്നും. ജോമോന്‍.ടി.ജോണ്‍ എന്ന മികച്ച ഛായാഗ്രാഹകന്റെ കരവിരുത്‌ സിനിമയില്‍ എമ്പാടും കാണാം. സംഗീതം പെരുമഴ പോലെ പെയ്യുമ്പോള്‍ ഇത്‌ മ്യൂസിക്ക്‌ ഡയറക്‌ടര്‍ ഗോപിസുന്ദറിന്റെ സിനിമയാണെന്നും തോന്നും. പക്ഷെ എല്ലാത്തിലും ഉപരിയായി ഇത്‌ സംവിധായകന്റെ സിനിമ തന്നെയാണ്‌. അത്രമേല്‍ കൈയ്യടക്കവും മികവും സംവിധായകന്‍ കാഴ്‌ചവെച്ചിരിക്കുന്നു.

കോഴിക്കോട്‌ മുക്കം എന്ന ദേശത്താണ്‌ എന്നു നിന്റെ മൊയ്‌തീന്‍ എന്ന സിനിമയുടെ കഥ ആരംഭിക്കുന്നത്‌. ഇരുവഴിഞ്ഞി പുഴയുടെ തീരത്താണ്‌ മൊയ്‌തീനും കാഞ്ചനമാലയും ആദ്യമായി കാണുന്നതും പിന്നെ പ്രണയിക്കുന്നതും. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്ന മൊയ്‌തീന്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. എന്നാല്‍ മൊയ്‌തീന്റെ പിതാവ്‌ ഉണ്ണി മൊയ്‌തീന്‍ സാഹിബ്‌ മൊയ്‌തീന്റെ രാഷ്‌ട്രീയത്തെ എതിര്‍ക്കുന്നു. കാരണം ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ കടുത്ത കോണ്‍ഗ്രസുകാരനാണ്‌. മൊയ്‌തീന്‍ കാഞ്ചനമാലയോട്‌ പ്രണയത്തിലാണെന്ന്‌ അറിയുന്ന ഉണ്ണിമൊയ്‌തീന്‍ സാഹിബ്‌ മൊയ്‌തീന്റെ രാഷ്‌ട്രീയത്തിനൊപ്പം പ്രണയത്തെയും എതിര്‍ക്കുന്നു. അവസാനം സ്വന്തം മകനെ കുത്തിവീഴ്‌ത്തുന്നതില്‍ വരെയെത്തി കാര്യങ്ങള്‍.

മരണത്തില്‍ നിന്നും തിരിച്ചെത്തിയിട്ടും മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും പ്രണയം മാത്രം സാക്ഷാത്‌കരിക്കപ്പെട്ടില്ല. ഓരോ തവണയും കാഞ്ചനമാല മൊയ്‌തീനൊപ്പം പോകാന്‍ തീരുമാനിക്കുമ്പോഴും ഓരോ പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ സംഭവിച്ചു. വിധി അവരെ ഒന്നിക്കാന്‍ അനുവദിക്കാത്തത്‌ പോലെ. അവസാനം ഗള്‍ഫിലേക്ക്‌ കടക്കാനും അവിടെ ജീവിക്കാനും മൊയ്‌തീനും കാഞ്ചനമാലയും തീരുമാനിക്കുന്നു. അതിനായി തയാറെടുക്കുമ്പോഴാണ്‌ ഇരുവഴിഞ്ഞി പുഴയിലെ ഒരു പെരുമഴയില്‍ വള്ളം അപകടത്തില്‍ പെടുന്നതും മൊയ്‌തീന്റെ ജീവിതം പുഴയെടുക്കുന്നതും. അതോടെ തനിച്ചാകുന്നത്‌ കഞ്ചാനമാലയാണ്‌. ജീവനൊടുക്കാന്‍ ശ്രമിക്കുന്ന കാഞ്ചനമാലയെ മൊയ്‌തീന്റെ അമ്മ സ്വന്തം വീട്ടിലേക്ക്‌ കൊണ്ടു പോകുന്നു. മൊയ്‌തീന്റെ പ്രണയത്തിനു വേണ്ടി ജീവിക്കാന്‍ കാഞ്ചനമാല തീരുമാനിക്കുന്നിടത്താണ്‌ സിനിമ അവസാനിക്കുന്നത്‌.

തീര്‍ച്ചയായും മലയാള സിനിമ കണ്ട ഏറ്റവും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ്‌ എന്നു നിന്റെ മൊയ്‌തീന്‍. പ്രണയത്തിന്റെ നഷ്‌ടം പ്രേക്ഷകനില്‍ ശേഷിപ്പിച്ചാണ്‌ മൊയ്‌തീന്‍ അവസാനിക്കുന്നത്‌. പൃഥ്വിരാജിന്റെ ഏറ്റവും മികച്ച കഥാപാത്രമായി മൊയ്‌തീന്‍ മാറുന്നതും ഇവിടെയാണ്‌. തീര്‍ച്ചയായും മലയാളി കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്‌ എന്നു നിന്റെ മൊയ്‌തീന്‍. കാരണം വടക്കന്‍ കേരളത്തില്‍ ഇത്രമേല്‍ നൊമ്പരം ഒളിഞ്ഞിരിക്കുന്ന ഒരു പ്രണയ കഥയുണ്ടെന്ന്‌ മൊയ്‌തീന്‍ നമ്മോട്‌ പറയുന്നുണ്ട്‌. ഒപ്പം അനശ്വരമായ ഒരു പ്രണയ കഥ നമുക്ക്‌ കാട്ടിത്തരുകയും ചെയ്യുന്നു.
എന്നു നിന്റെ മൊയ്‌തീന്‍; ക്ലാസിക്ക്‌ പ്രണയ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക