Image

ഇന്ത്യന്‍ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി ജോ ബൈഡന്‍(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 14 January, 2012
ഇന്ത്യന്‍ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി ജോ ബൈഡന്‍(അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്ടണ്‍: മുന്നറിയിപ്പില്ലാതെ യുഎസ് വൈസ് പ്രസിഡന്‍റ് വരുന്നതു കണ്ട് ഒഹിയൊയിലെ ഇന്ത്യന്‍ റസ്റ്ററന്‍റ് ഉടമ രാജ് ബ്രാര്‍ അമ്പരന്നു. ഇന്ത്യക്കാരും അപൂര്‍വമായി മറ്റു രാജ്യക്കാരും മാത്രം വരുന്ന കടയിലേക്കു വരുന്നത് യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഒഹിയോയിലെ ഇന്ത്യന്‍ റസ്റ്ററന്റില്‍ കയറിയ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യന്‍ ഭക്ഷണത്തെക്കാളും താല്‍പര്യം ഇന്ത്യന്‍ രാഷ്ട്രീയകാര്യങ്ങളില്‍. അഞ്ചു മിനിറ്റിലേറെ അവിടെയിരുന്നു സംസാരിച്ചെങ്കിലും ഇന്ത്യന്‍ വിഭവങ്ങള്‍ കഴിക്കുന്ന കാര്യം അദ്ദേഹമോ ഭക്ഷണം കൊടുക്കുന്ന കാര്യം രാജ് ബ്രാറോ ഓര്‍ത്തില്ല.

"അന്നേരം എനിക്കത് ഓര്‍മയില്‍ വന്നതേയില്ല' എന്നായിരുന്നു ബ്രാര്‍ പിന്നീടു ഖേദപൂര്‍വം പറഞ്ഞത്. ഒഹിയോയിലെ കൊളംബസിലുള്ള "ഫേവേഴ്‌സ് ഓഫ് ഇന്ത്യ' എന്ന പ്രശസ്ത ഭോജനശാലയിലാണു ബൈഡന്‍ കയറിയത്. വന്നുകയറിയ ഉടന്‍ ഉടമ രാജ് ബ്രാറിനോട് എവിടത്തുകാരനാണെന്നു ചോദിച്ചു. പഞ്ചാബുകാരനെന്നു പറഞ്ഞപ്പോള്‍ അവിടെ താന്‍ പലതവണ പോയിട്ടുണെ്ടന്നായി ബൈഡന്‍. തുടര്‍ന്നങ്ങോട്ടു പഞ്ചാബ് രാഷ്ട്രീയമായി വിഷയം. ഇന്ത്യയോടും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരോടും തനിക്കുള്ള സ്‌നേഹവും അദ്ദേഹം അറിയിച്ചു. തുടര്‍ന്നു ലോക സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയും ചര്‍ച്ച നടന്നു.

ഇറാനെ ഇന്ത്യ അധികം ആശ്രയിക്കേണ്ട: യുഎസ്

വാഷിംഗ്ടണ്‍: ഇറാനെതിരായ ഉപരോധം യുഎസ് ശക്തിപ്പെടുത്തുന്നതിനിടയില്‍, എണ്ണയ്ക്കായി ഇന്ത്യ ഇറാനെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ ഒബാമ ഭരണകൂടം ശ്രമം തുടങ്ങി. ഇതിനായി ഇന്ത്യയുമായി ചര്‍ച്ച നടത്തിവരികയാണ്. ഇറാന്റെ എണ്ണയെ ആശ്രയിക്കുന്നവര്‍ക്ക് യുഎസിന്റെ വ്യാപാര വിലക്കു വരും. ഇതിനായുള്ള നിയമം യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചുകഴിഞ്ഞു. ഈ നിയമത്തെപ്പറ്റി എല്ലാ രാജ്യങ്ങളെയും യുഎസ് ബോധവല്‍കരിച്ചുവരികയാണ്. ഇറാന് അണ്വായുധ പദ്ധതിയുണെ്ടന്ന് ഇന്ത്യയും വിശ്വസിക്കുന്നതിനാല്‍ ഇന്ത്യയെ കാര്യം ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുവരില്ലെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് വിക്‌ടോറിയ നൂലന്‍ഡ് അഭിപ്രായപ്പെട്ടു. ഇറാനെ ആശ്രയിക്കുന്നതു നിര്‍ത്താന്‍ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കെന്നഡി വിമാനത്താവളം ബോംബ് വച്ച് തകര്‍ക്കാന്‍ പദ്ധതിയിട്ട ഇമാമിന് ജീവപര്യന്തം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളം എണ്ണ ടാങ്കുകള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പദ്ധതിയിടവെ അറസ്റ്റിലായ ഇമാമിനെ ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിച്ചു. ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ നിന്നുള്ള ഷിയാ ഇമാമായ കരീം ഇബ്രാഹിമിനാണ് അമേരിക്കന്‍ ഫെഡറല്‍ കോടതി ശിക്ഷിച്ചത്. 2011 മെയില്‍ കരീം ഇബ്രാഹിം കുറ്റക്കാരനാണെന്ന് കോടതി കണെ്ടത്തിയിരുന്നു. വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തിന് സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

ആക്രമണത്തിനായി ഇറാനില്‍ നിന്ന് സാമ്പത്തിക സഹായം തേടാനും അക്രമികളെ ഇമാം പ്രേരിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിമിനെ കൂടാതെ അബ്ദുള്‍ ഖാദിര്‍, അബ്ദുള്‍ നൂര്‍ എന്നിവരെ ട്രിനിഡാഡില്‍ നിന്ന് 2007ല്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ വിചാരണയ്ക്കായി അമേരിക്കയ്ക്ക് കൈമാറി. ഗൂഢാലോചനയില്‍ പങ്കെടുത്ത യു.എസ് പൗരന്‍ റസല്‍ ഡെഫ്രൈയ്റ്റസിനെ ന്യൂയോര്‍ക്കില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഡെഫ്രൈയ്റ്റസിനെയും ഗയാന പാര്‍ലമെന്റിലെ മുന്‍ അംഗവുമായ ഖാദിറിനെയും നേരത്തെ തന്നെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. കെന്നഡി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് ഡെഫ്രൈയ്റ്റസ്.

ചൈനീസ് വിമത നേതാവ് അഭയം തേടി യുഎസില്‍

ബെയ്ജിംഗ്: ചൈനയിലെ പ്രമുഖ വിമത നേതാവ് യൂ ജി അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടി. വിമതശബ്ദമുയര്‍ത്തിയതിന് തന്നെ ഭരണകൂടം അതികഠിനമായി പീഡിപ്പിച്ചുവെന്ന് യുഎസില്‍ എത്തിയ അദ്ദേഹം പറഞ്ഞു. തടങ്കലില്‍ വച്ചു മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിനെപ്പറ്റി അടുത്തയാഴ്ച യുഎസ് കോണ്‍ഗ്രസ് സമിതിയില്‍ അദ്ദേഹം വിവരിക്കും. ചൈനീസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ ലിയു സിയാവോബോയ്ക്ക് 2010-ലെ സമാധാന നൊബേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു തനിക്കു ക്രൂരമായ പീഡനം ഏറ്റതെന്നു യൂ ജി അറിയിച്ചു. ക്രൂരപീഡനംമൂലം മാസങ്ങളോളം ഓര്‍മക്കുറവും ഉറക്കമില്ലായ്മയും അനുഭവിച്ചു.

ഫാഷന്‍ ലിസ്റ്റില്‍ നെഹ്‌റുവിന്റെ ജാക്കറ്റും

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ പ്രഥമ പ്രധാനന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജാക്കറ്റ് ആഗോള രാഷ്ട്രീയ നേതാക്കളുടെ ഫാഷന്‍ ലിസ്റ്റില്‍. ടൈംസ് മാഗസിന്റെ സര്‍വെ പ്രകാരം ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ട്രാക്ക്‌സ്യൂട്ട്, ചൈനീസ് മുന്‍ നേതാവ് മാവോ സേതുങ്ങിന്റെ സഫാരി സ്യൂട്ട് എന്നിവയ്‌ക്കൊപ്പമാണ് നെഹ്‌റുവിന്റെ ജാക്കറ്റും സ്ഥാനം പിടിച്ചിരിക്കുന്നത്.

വടക്കേ ഇന്ത്യയിലെ ഷെര്‍വാണി സ്യൂട്ട് പരിഷ്കരിച്ചതാണ് നെഹ്‌റു ഉപയോഗിച്ചിരുന്ന കഴുത്ത് മൂടിയ തരത്തിലുള്ള ജാക്കറ്റ്. ഇന്ത്യന്‍ സംസ്കാരത്തിന്റെ കുലീനത വെളിപ്പെടുത്തുന്ന ഇത്തരത്തിലുള്ള വസ്ത്രം ഇന്ത്യന്‍ കോടതികളില്‍ ഉപയോഗിച്ചിരുന്നതാണ്. ജാക്കറ്റ് വിദേശരാജ്യങ്ങളില്‍ വളരെ ജനകീയമാകുകയും അതിന് അവര്‍ നെഹ്‌റു ജാക്കറ്റ് എന്ന് വിളിക്കുകയും ചെയ്തു. വിദേശരാജ്യങ്ങളിലെ എല്ലാ ചടങ്ങുകളിലും നെഹ്‌റു ഉപയോഗിച്ചിരുന്നതും ഇത്തരത്തിലുള്ള ജാക്കറ്റായിരുന്നു.

താലിബാന്‍ സൈനികരുടെ മേല്‍ മൂത്രമൊഴിച്ച നാല് സൈനികരെയും തിരിച്ചറിഞ്ഞു

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ മൃതദേഹത്തെ അപമാനിച്ച നാല് യുഎസ് സൈനികരെയും തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങളെ അപമാനിക്കുന്ന വീഡിയൊ ദൃശ്യത്തിന്റെ ഉറവിടം കണെ്ടത്താനുള്ള അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണിതെന്ന് യുഎസ് സൈനിക വ്യത്തങ്ങള്‍ പറഞ്ഞു. താലിബാന്‍ യുഎസ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങളില്‍ മൂത്രമൊഴിക്കുന്നതിന്റെയും തരംതാണ തമാശകള്‍ പറയുന്നതിന്റെയും വീഡിയൊ ദൃശ്യം യുട്യൂബില്‍ പ്രചരിച്ചത്.

വടക്കന്‍ കരോലിനയിലെ സൈനിക കേന്ദ്രത്തിലെ തേര്‍ഡ് ബറ്റാലിയനില്‍ നിന്നുള്ളവരാണു സൈനികരെന്ന് യുഎസ് വൃത്തങ്ങള്‍. കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഇവരെ അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിയോഗിച്ചത്. സെപ്റ്റംബറിലും ഒക്‌റ്റോബറിലുമായി സംഘം തിരികെ യുഎസിലെത്തി. സൈനികരുടെ ചെയ്തികളില്‍ വൈറ്റ് ഹൗസ് നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. നിന്ദ്യവും അംഗീകരിക്കാനാവാ ത്തതുമാണു സൈനികരുടെ പ്രവൃത്തി. പരിഷ്കൃത സമൂഹത്തിനു യോജിച്ച രീതിയലല്ല അവര്‍ പെരുമാറിയതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജയ് കാര്‍ണി വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക