Image

മൊയ്തീന്‍; പ്രണയമഴയുടെ ചലച്ചിത്രാനുഭവം ..!

മുരളീരാജന്‍ Published on 21 September, 2015
മൊയ്തീന്‍; പ്രണയമഴയുടെ ചലച്ചിത്രാനുഭവം ..!
പ്രണയത്തിന്റെ ഭാവസാന്ദ്രതകള്‍ മഴയില്‍ ചാലിച്ച് ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന അപൂര്‍വാനുഭവം. പൃഥ്വിരാജിന്റെയും പാര്‍വതിയുടെയും മാസ്റ്റര്‍പീസ് എന്ന് നിസ്സംശയം വിളിക്കാം
തീക്ഷ്ണതയും ഊഷ്മളതയും നിറഞ്ഞ പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയും പെരുംപെയ്ത്താണ് എന്നു നിന്റെ മൊയ്തീന്‍.  പ്രണയത്തിന്റെ ഭാവസാന്ദ്രതകള്‍ മഴയില്‍ ചാലിച്ച് ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന അപൂര്‍വാനുഭവം. പൃഥ്വിരാജ് സുകുമാരന്റെയും  പാര്‍വതിയുടെയും മാസ്റ്റര്‍പീസ് എന്ന് നിസ്സംശയം വിളിക്കാവുന്ന സിനിമ.
 
മലയാള സിനിമയില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും മികച്ച ചലച്ചിത്ര ശ്രമം തന്നെയാണ് എന്ന് നിന്റെ മൊയ്തീന്‍. ആ നിലയ്ക്ക് ആര്‍.എസ്. വിമല്‍ എന്ന ചലച്ചിത്ര ഭാഷയറിയുന്ന സംവിധായകന്‍ കൂടി ഒരു ഈടുവയ്പ്പാണ് ഈ സിനിമയിലൂടെ മലയാള സിനിമയ്ക്ക്. മലയാളിയുടെ കേട്ടറിവിന്റെ ബോധ്യങ്ങളിലെ ഏറ്റവും തീവ്രമായ പ്രണയാനുഭവമാണ് കോഴിക്കോട്ടെ മുക്കത്ത് ജീവിച്ചിരുന്ന ബി.പി മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം. ആ തീവ്രതയ്ക്ക് ഭംഗം വരാതെ അതിനു ചലച്ചിത്രഭാഷയോരുക്കാന്‍ വിമല്‍ എന്ന നവാഗത സംവിധായകന് അത്ഭുതകരമാം വിധം കഴിഞ്ഞിരിക്കുന്നു.
 
മഴയുടെ സമസ്ത ഭാവങ്ങളും ഭാവചോര്‍ച്ചയില്ലാതെ മനോഹരമായി ഒപ്പിയെടുക്കുന്നുണ്ട് ജോമോന്‍ ടി ജോണിന്റെ ക്യാമറ. ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതവും അദ്ദേഹം ഇതുവരെ ചെയ്തതില്‍ ഏറ്റവും മികവാര്‍ന്നത് എന്ന് തന്നെ പറയാം.
കഥയുടെ മാറുന്ന ഭാവങ്ങള്‍ക്കനുസരിച്ചു പെയ്യുന്ന മഴത്തുള്ളികള്‍ക്ക് പോലും ആ പരകായപ്രവേശം അനായാസേനെ സാധ്യമാകുന്നത് ഒട്ടൊരു അമ്പരപ്പോടെ മാത്രമേ കണ്ടിരിക്കാന്‍ സാധിക്കൂ. പൃഥ്വിരാജിന്റെയും  പാര്‍വതിയുടെയും ലെനയുടെയും സമാനതകളില്ലാത്ത പ്രകടനം തന്നെയാണ് വ്യക്തികത മികവുകളില്‍ എടുത്തുകാണിക്കുവാന്‍ കഴിയുന്നത്. അടുത്തകാലത്തിറങ്ങിയ മലയാള സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇത്രമാത്രം വ്യക്തിത്വമുള്ള സിനിമകള്‍ സംഭവിച്ചിട്ടില്ല എന്നുതന്നെ പറയാം.

പ്രണയം തന്നെയാണ് സിനിമയുടെ പ്രമേയം. അതിതീവ്രപ്രണയത്തിനിടയിലെ  അക്കാലത്തെ രാഷ്ട്രീയവും പറഞ്ഞു പോകുന്നുണ്ട് സിനിമ. നോവലുകളും  കഥകളും മഹാകാവ്യങ്ങളും  ചലച്ചിത്രവിസ്മയങ്ങളും ആവര്‍ത്തിച്ചു പ്രണയത്തെക്കുറിച്ച് പറയുമ്പോഴും നമുക്കത് മടുക്കുന്നില്ല എന്നത് തന്നെയാവാം ഈ മാനുഷിക ഭാവത്തിന്റെ അതിമാന്ത്രികത. മതങ്ങളുടെയും സാമൂഹിക വേര്‍തിരിവുകളുടെയും ഒരുപക്ഷേ അതിര്‍ത്തികളുടെപോലും അപ്പുറത്തേക്ക് അവിരാമമായി അതിജീവിക്കുന്നു പ്രണയങ്ങള്‍.

ശ്രീകൃഷ്ണ ജയന്തി ദിവസം പര്‍ദ്ദയിട്ട ഉമ്മ, ചെറിയ മകനെ കൃഷ്ണ വേഷംകെട്ടിച്ചു ജയന്തി ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നത്, മതേതരത്വത്തിന്റെ അത്രമേല്‍ ഉള്‍ത്തരിപ്പുകള്‍ ഉണ്ടാക്കുന്ന മഹാമാതൃകയായി സോഷ്യല്‍ മീഡിയകള്‍ ആഘോഷിക്കുമ്പോള്‍, അതെ മകന്‍ നാളെ ഒരു ഹിന്ദു പെണ്‍കുട്ടിയെ സ്‌നേഹിച്ചാല്‍ , 'ലൗജിഹാദ്' പോലുള്ള അശ്ലീല രാഷ്ട്രീയം ആരോപിക്കാതെ അവരെ ഒരുമിക്കാന്‍ നമ്മുടെ സാമൂഹ്യ രാഷ്ട്രീയം അനുവദിക്കുമോ എന്ന ചോദ്യം തന്നെയാണ് എന്ന് നിന്റെ മൊയ്തീനും ചോദിക്കുന്നത്. ഇത് പക്ഷേ മറ്റൊരു കാലഘട്ടത്തില്‍ ആണെന്ന് മാത്രം. തുറന്ന ബന്ധങ്ങളെയും മതാതീമായ പ്രണയത്തെയും ഒരു കാലത്തും നമ്മുടെ സമൂഹവും അത്രമേല്‍ മതകീയമായ വ്യവസ്ഥിതിയും അംഗീകരിച്ചിരുന്നില്ല എന്ന് തന്നെയാണ് മൊയ്തീനും പറയുന്നത്. അതിനാല്‍ തന്നെ തന്റേടികളും വിദ്യാസമ്പന്നരും ആയിട്ടുപോലും കാഞ്ചനയ്ക്കും മൊയ്തീനും ജീവിതത്തില്‍ ഒരുമിക്കാനും പ്രണയ സാഫല്ല്യം കണ്ടെത്താനുമാകുന്നില്ല. കൊണ്ടാടപ്പെടുന്ന പ്രണയത്തിന്റെ അനശ്വരതയും പ്രസക്തമാകുന്നത് അവിടെയാണ്.
 
1960കളില്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് ചലച്ചിത്രമായി സംവേദിച്ചു നമ്മുടെ ഹൃദയങ്ങളില്‍ ചേക്കേറുന്നത്. മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും രാഷ്ട്രീയസാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും.
 
കയ്യടക്കവും പാകതയും കൊണ്ട് ലെനയും സുധീര്‍ കരമനയും വീണ്ടും വിസ്മയിപ്പിക്കുന്നു . മലബാറിലെ 1960 കളിലെ ഒരു ഉമ്മവേഷം ലെന ഗംഭീരമാക്കിയിരിക്കുന്നു. വിപ്ലവത്തിന്റെയും, കമ്യൂണിസത്തിന്റെയും ചിന്തകളുടെ പുതുനാമ്പുകള്‍ വിരിയുന്ന കാലത്തെ സഖാവായി ഗംഭീര പകര്‍ന്നാട്ടം നടത്തിയിരിക്കുന്നു സുധീര്‍ കരമന. നക്‌സലൈറ്റ് അജിതയെ കൊടതി വെറുതെ വിടുന്നതൊക്കെ പരാമര്‍ശിച്ചുപോയി, കഥയുടെ കാലത്തെ അടയാളപ്പെടുത്തുന്നു സിനിമ. ബാല,സുരഭി,ശിവജി ഗുരുവായൂര്‍,ഇന്ദ്രന്‍സ്,സുബീഷ് സുധി എന്നിവരുടെ പ്രകടനവും സിനിമയുടെ പൂര്‍ണ്ണതയോട് നീതി പുലര്‍ത്തുന്നുണ്ട്.

വിരഹവും, മരണവും, പ്രണയവുമാകുന്ന സാന്ദ്രമഴയെ ഭാവതീവ്രതയോടെ പകര്‍ത്തി ക്യാമറകൊണ്ട് കവിതയെഴുതുന്നുണ്ട് ജോമോന്‍ ടി ജോണ്‍. ഗോകുല്‍ദാസിന്റെ കലാസംവിധാന മികവും എടുത്തു പറയേണ്ടതുണ്ട്. എം.ജയചന്ദ്രനും രമേഷ് നാരായണനും ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമാസംഗീതാനുഭവം സമ്മാനിക്കുന്നു. മൊയ്തീന്റെ പാട്ടുകള്‍ നമ്മുടെ ചുണ്ടുകളില്‍ ജീവിക്കുമെന്നുറപ്പ്. സിനിമയുടെ അനുഭവഭംഗിയുടെ പൂര്‍ണത ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം തന്നെയാണ്. മഴ വിതമ്പുകയും ചിരിക്കുകയും, വിരഹംകൊണ്ട് വിഷാദിക്കുകയും ചെയ്യുന്നത് അനുഭവിപ്പിച്ചത് ഗോപീസുന്ദര്‍ ആണെന്ന് പറയാം.
 
പ്രണയത്തിനു മറ്റു പേരുകളിട്ട് തീയറ്ററുകള്‍ അര്‍മാദങ്ങളുടെ അര്‍ത്ഥരഹിത ഇടങ്ങളാക്കി മാറ്റി, കച്ചവട വിജയങ്ങള്‍ മാത്രം സൃഷ്ട്ടിക്കുന്ന കാമ്പില്ലാ സൃഷ്ട്ടികളുടെ കാലത്ത്, സത്യസന്ധമായ ഒരു പ്രണയചിത്രം എന്ന് മൊയ്തീന്‍ അടയാളപ്പെടുത്തും. സിനിമയുടെ ആകെത്തുകയില്‍, വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടും, നായക കേന്ദ്രീകൃതം എന്ന് വിമര്‍ശിക്കാമെങ്കിലും..!


മൊയ്തീന്‍; പ്രണയമഴയുടെ ചലച്ചിത്രാനുഭവം ..!
മൊയ്തീന്‍; പ്രണയമഴയുടെ ചലച്ചിത്രാനുഭവം ..!
മൊയ്തീന്‍; പ്രണയമഴയുടെ ചലച്ചിത്രാനുഭവം ..!
മൊയ്തീന്‍; പ്രണയമഴയുടെ ചലച്ചിത്രാനുഭവം ..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക