Image

പൈലറ്റുമാര്‍ സമരത്തില്‍ ‍; എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസപ്പെട്ടു

Published on 14 January, 2012
പൈലറ്റുമാര്‍ സമരത്തില്‍ ‍; എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസപ്പെട്ടു
ന്യൂഡല്‍ഹി: ഒരു വിഭാഗം പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം ചെയ്യുന്നത്. 12 പൈലറ്റുമാര്‍ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍നിന്ന് രാവിലെ പുറപ്പെടേണ്ട എട്ട് വിമാനങ്ങള്‍ റദ്ദാക്കി. സുഖമില്ലാത്തിനാല്‍ ജോലിക്ക് ഹാജരാകില്ലെന്നാണ് സമരം ചെയ്യുന്ന പൈലറ്റുമാര്‍ അധികൃതരെ അറിയിച്ചിട്ടുള്ളത്.

നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ, ലേ, ബാംഗ്ലൂര്‍, ബറോഡ, അമൃത്സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. രാവിലെ അഞ്ചിനും ഒന്‍പതിനും ഇടെ പുറപ്പെടേണ്ടവ ആയിരുന്നു റദ്ദാക്കിയ വിമാനങ്ങള്‍. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പൈലറ്റുമാര്‍ സമരം ചെയ്യുന്നകാര്യം എയര്‍ ഇന്ത്യ നിഷേധിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് പൈലറ്റുമാര്‍ സമരം തുടങ്ങിയത്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ പൈലറ്റുമാര്‍ യോഗം ചേര്‍ന്ന് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ശമ്പളവും ഒക്ടോബര്‍ മുതലുള്ള ആനുകൂല്യങ്ങളും എയര്‍ ഇന്ത്യ നല്‍കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക