Image

മലയാളി നെഞ്ചോടു ചേര്‍ത്ത സൂപ്പര്‍ ക്ലൈമാക്‌സുകള്‍

ജയമോഹനന്‍ എം Published on 18 September, 2015
മലയാളി നെഞ്ചോടു ചേര്‍ത്ത സൂപ്പര്‍ ക്ലൈമാക്‌സുകള്‍
കഥ പറഞ്ഞാലേ സിനിമയാകു എന്ന പിടിവാശി ഇന്ത്യന്‍ സിനിമക്കെപ്പോഴുമുണ്ട്‌. ഹോളിവുഡിലും കൊറിയന്‍ ഹോങ്കോഗ്‌ സിനിമകളിലും കഥ പറയണം എന്ന വാശിയൊന്നുമില്ല. സിനിമയുടെ സൂപ്പര്‍ പ്രസന്റേഷനാണ്‌ അവിടെ മുഖ്യം. എന്നാല്‍ ഇന്ത്യന്‍ സിനിമ പൊതുവില്‍ ഹിന്ദി സിനിമ മുതല്‍ മലയാളം സിനിമ വരെ അങ്ങനെയല്ല. സൂപ്പര്‍ കഥയുണ്ടെങ്കില്‍ മാത്രമേ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കു. കഥയ്‌ക്ക്‌ കൃത്യമായ ഇന്റര്‍വെല്‍ പഞ്ച്‌ വേണം. സൂപ്പര്‍ ക്ലൈമാക്‌സ്‌ വേണം. ഇതൊന്നുമില്ലെങ്കില്‍ സിനിമയെ അംഗീകരിക്കില്ല.

ഫീല്‍ ഗുഡ്‌ മൂവികളെ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകരാണ്‌ നമ്മുടേത്‌ എന്നതിനാല്‍ ബഹുഭൂരിപക്ഷം സിനിമകളുടെയും ക്ലൈമാക്‌സുകള്‍ എല്ലാം ശുഭമായി തീരുന്ന നിമിഷങ്ങളാകുന്നു.

അതുവരെ പിരിമുറക്കത്തോടെ കണ്ടിരുന്ന സിനിമയുടെ അവസാനം നായകന്‍ വില്ലനെ ജയിക്കുയോ, നായകന്‍ നായികയെ സ്വന്തമാക്കുകയോ ചെയ്യുന്ന സ്ഥിരം സ്വഭാവത്തിനപ്പുറം മിക്കപ്പോഴും ക്ലൈമാക്‌സുകള്‍ പോകാറില്ല. എന്നാല്‍ ചില സിനിമകള്‍ ഈ പതിവിന്‌ വിരപീതമാകാറുണ്ട്‌. പ്രേക്ഷകന്റെ കണ്ണു നനയിച്ചും പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ചും, പ്രേക്ഷകനെ നടുക്കിയും ക്ലൈമാക്‌സ്‌ ഒരു അത്ഭുതമായി മാറുന്ന കാഴ്‌ചകളും നിരവധി. അത്തരം ചില സൂപ്പര്‍ ക്ലൈമാക്‌സുകളിലേക്ക്‌.

മലയാളി എന്നും നെഞ്ചോടു ചേര്‍ത്ത്‌ നിര്‍ത്തിയിരിക്കുന്ന അഞ്ച്‌ സൂപ്പര്‍ ക്ലൈമാക്‌സുകള്‍.

ദേവാസുരം

മലയാളത്തിലെ ഫോര്‍മുല സിനിമകളുടെ തുടക്കമായിരുന്നു ദേവാസുരം. ദേവാസുര യുദ്ധത്തെ അനുസ്‌മരിപ്പിക്കുന്ന യുദ്ധവീര്യം നിറഞ്ഞു നിന്ന ചിത്രംകൂടിയായിരുന്നു ഇത്‌. രഞ്‌ജിത്തിന്റെ തിരക്കഥയില്‍ ഐ.വി ശശി ഒരുക്കിയ ചിത്രം. മോഹന്‍ലാല്‍ മലയാള സിനിമയുടെ ചക്രവര്‍ത്തിയായി മാറിയ ചിത്രം മംഗലശേരി നീലകണ്‌ഠനും മുണ്ടയ്‌ക്കല്‍ ശേഖരനും വര്‍ഷങ്ങള്‍ക്ക്‌ ശേഷം മലയാള സിനിമയിലെ ആണത്തത്തിന്റെ പ്രതീകങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്നു. 1993ലാണ്‌ ചിത്രം റിലീസ്‌ ചെയതത്‌. മംഗലശേരി നീലകണ്‌ഠന്‍നും മുണ്ടയ്‌ക്കല്‍ ശേഖരനും തമ്മിലുള്ള കുടിപ്പക ഏഴിലക്കര ഗ്രാമത്തില്‍ എല്ലാവര്‍ക്കും അറിയുന്നതാണ്‌. കുട്ടിക്കാലം മുതല്‍ തുടങ്ങിയ വൈരം.

എന്തിനും പോന്ന തന്റേടിയായ നീലകണ്‌ഠനെ ജയിക്കാന്‍ ഒരിക്കലും ശേഖരന്‌ കഴിയുന്നില്ല. ഒരിക്കല്‍ ചതിയിലൂടെ ശേഖരന്‍ അത്‌ സാധിച്ചു. അതോടെ പാതി തളര്‍ന്ന ശരീരവുമായി നീലകണ്‌ഠന്‍ ജീവിക്കാന്‍ ആരംഭിച്ചു. കൂട്ടിനായി ഭാനുമതിയുടെ പ്രണയവുമെത്തി. എന്നാല്‍ പക തീരാത്ത ശേഖരന്‍ ഉത്സവ ദിവസം ഭാനുമതിയെ ബന്ധിയാക്കി തന്റെ പക പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു. ഉത്സവത്തിന്‌ തടിച്ചു കൂടിയ ആയിരങ്ങള്‍ക്ക്‌ നടുവില്‍ ഇരുവരും പോര്‍വിളികളുമായി ഏറ്റുമുട്ടി. അവസാനം ശേഖരന്റെ വലംകൈ വെട്ടിമാറ്റിക്കൊണ്ട്‌ നീലകണ്‌ഠന്‍ തന്റെ മുമ്പിലെ തടസം നീക്കുന്നു. തുടര്‍ന്നുള്ള ജീവിതത്തിന്‌ തടസമാകാതിരിക്കാന്‍. പരീക്ഷീണനായ നീലകണ്‌ഠന്റെ സംഘടന രംഗവും ശേഖരന്റെ കൈ അറുത്തെടുക്കുന്ന രംഗങ്ങളും ദേവാസുരം എന്ന സിനിമയുടെ ആത്മാവ്‌ തന്നെയായിരുന്നു. എക്കാലവും പ്രേക്ഷകരുടെ മനസില്‍ ഒരു നടുക്കും ശേഷിപ്പിച്ച ക്ലൈമാക്‌സ്‌.

മണിച്ചിത്രത്താഴ്‌

മലയാളത്തിലെ ബ്രഹ്മാണ്‌ഡ ചിത്രം ഏതെന്ന്‌ ചോദിച്ചാല്‍ നിസംശയം പറയാം മണിച്ചിത്രത്താഴെന്ന്‌. അത്രത്തോളം വിശാലമായ ക്യാന്‍വാസില്‍ ഫാസില്‍ ഒരുക്കിയ ചിത്രമാണ്‌ മണിച്ചിത്രത്താഴ്‌. നാഗവല്ലിയായി ശോഭനയും ഡോക്‌ടര്‍ സണ്ണിയായി മോഹന്‍ലാല്‍ മികച്ച പ്രകടനം കാഴ്‌ച വെച്ച ചിത്രം. തിലകനും സുരേഷ്‌ ഗോപിയും ഇന്നസെന്റും നെടുമുടി വേണുവുമൊക്കെ സിനിമയിലെ കഥാപാത്രങ്ങളെ മികച്ചതാക്കി. എന്നാല്‍ ഏറ്റവും പ്രധാനം നാഗവല്ലിയായി പകര്‍ന്നാട്ടം നടത്തിയ ശോഭനയുടെ ഗംഗ എന്ന കഥാപാത്രമായിരുന്നു.

മനോനില തകര്‍ന്ന്‌ നാഗവല്ലിയായി മാറിയ ഗംഗയെ തിരിച്ചുകൊണ്ടുവരാന്‍ ഡോകടര്‍ സണ്ണി ഒരുക്കുന്ന മന്ത്രവാദ കളവും തുടര്‍ന്നുള്ള രംഗങ്ങളും മലയാളത്തിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു. ഫാസില്‍ എന്ന സംവിധായകന്റെ ക്രാഫ്‌റ്റ്‌ വെളിപ്പെടുത്തിയ ക്ലൈമാക്‌സ്‌. ശോഭന ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്‌ച വെച്ച ഈ രംഗങ്ങള്‍ വിസിബിലിറ്റി കൊണ്ട്‌ ഏതൊരു വിദേശ സിനിമയോടും കിടപിടിക്കുന്നതായിരുന്നു. തൊട്ടുപിന്നാലെ എല്ലാ ശുഭമാകുന്ന രംഗങ്ങള്‍ കൂടി കടന്നു വരുന്നുണ്ടെങ്കിലും മണിച്ചിത്രത്താഴിന്റെ കൈമാക്‌സിന്റെ മികവ്‌ ഈ രംഗങ്ങളില്‍ തന്നെയാണ്‌.

ഒരു വടക്കന്‍ വീരഗാഥ

ചതിയന്‍ ചന്തുവെന്ന വടക്കന്‍ പാട്ടിലെ കേട്ടു പഴകിയ നെഗറ്റീവ്‌ കഥാപാത്രത്തെ അതിവിദഗ്‌ധമായി നായകനാക്കി മാറ്റിയ എം.ടിയുടെ രചനാ മികവായിരുന്നു വടക്കന്‍ വീരഗാഥയുടെ ഹൈലൈറ്റ്‌. തെറ്റുദ്ധരിക്കപ്പെടുന്നത്‌ മൂലം പുത്തൂരം വീടിന്റെ ശത്രൂവായി മാറുന്ന ചന്തുവിനെ തേടി ഉണ്ണിയാര്‍ച്ചയുടെയും ആരോമലിന്റെയും മക്കള്‍ എത്തുന്നിടത്താണ്‌ വടക്കന്‍ വീരഗാഥയുടെ കഥ തുടങ്ങുന്നത്‌. പിന്നീട്‌ ചന്തുവിന്റെയും പുത്തൂരം വീടിന്റെയും കഴിഞ്ഞ കാലത്തേക്ക്‌ കഥ പോകുന്നു. ഫ്‌ളാഷ്‌ബാക്ക്‌ അവസാനിക്കുന്നിടത്ത്‌ സിനിമ ക്ലൈമാക്‌സിലേക്ക്‌ കടക്കുമ്പോള്‍ ചന്തുവുമായിട്ടുള്ള വാള്‍പയറ്റിലേക്ക്‌ കണ്ണപ്പന്‍ ഉണ്ണിയും ആരോമലുണ്ണിയും കടക്കുന്നു. എന്നാല്‍ കുട്ടികള്‍ക്ക്‌ തന്നെ ജയിക്കാന്‍ കഴിയില്ല എന്ന്‌ ഉറപ്പുള്ള ചന്തു സ്വയം ജീവത്യാഗം ചെയ്‌ത്‌ അവരെ മരിക്കാന്‍ വിടുന്നു. മരണത്തിന്‌ തൊട്ടു മുമ്പ്‌ തന്റെ തലവെട്ടിയെടുത്തുകൊള്ളുവാന്‍ ചന്തു ആരോമലുണ്ണിയോട്‌ പറയുന്നുണ്ട്‌. ചന്തുവെന്ന കഥാപാത്രത്തിന്‌ മലയാള സിനിമയിലെ എക്കാലത്തെയും വലിയ നായക സ്വത്വം നല്‍കുന്നതായിരുന്നു ഈ ക്ലൈമാക്‌സ്‌. ഇന്നും വടക്കന്‍ വീരഗാഥ ഒരു ക്ലാസിക്കായി നിലനില്‍ക്കുന്നത്‌ അനന്യമായ ഈ ക്ലൈമാക്‌സ്‌ കൊണ്ടു തന്നെ. മമ്മൂട്ടിയെ അതുല്യ അഭിനയ പ്രതിഭയായി വിലയിരുത്തുന്നതിന്‌ വടക്കം വീരഗാഥ ഒരു സുപ്രധാന ഏടു തന്നെ.

ചിത്രം

`ജീവിക്കാനുള്ള കൊതി കൊണ്ട്‌ ചോദിക്കുവാ സാര്‍ എന്ന കൊല്ലാതിരിക്കാന്‍ കഴിയുമോ'. ഏതൊരു പ്രേക്ഷകന്റെയും ചങ്ക്‌ തുളച്ച്‌ കടന്നു പോകും ചിത്രത്തിലെ വിഷ്‌ണുവിന്റെ യാചന. ഇന്നും പ്രേക്ഷകര്‍ വിഷ്‌ണുവിനൊപ്പം ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ അതിനൊരു കാരണം മാത്രമേയുള്ളു. ക്ലൈമാക്‌സില്‍ തൂക്കു കയറിലേക്ക്‌ നടന്നു പോകുന്ന വിഷ്‌ണുവിന്റെ രംഗം.

മോഹന്‍ലാലിനെ നായകനാക്കി പ്രീയദര്‍ശന്‍ ഒരുക്കിയ ചിത്രത്തില്‍ കല്യാണി എന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവായി അവളുടെ അച്ഛന്റെ മുമ്പില്‍ കൂലിക്ക്‌ അഭിനയിക്കാനെത്തുന്ന കഥാപാത്രമാണ്‌ ലാലിന്റെ വിഷ്‌ണു. പിന്നീടങ്ങോട്ട്‌ വിഷ്‌ണുവിന്റെയും കല്യാണിയുടെയും രസകരമായ വഴക്കുകളിലൂടെയാണ്‌ സിനിമ മുന്നേറുന്നത്‌. എന്നാല്‍ അവസാനം കൊലക്കുറ്റത്തിന്‌ തൂക്കു കയര്‍ കാത്തിരുന്ന പ്രതിയാണ്‌ വിഷ്‌ണുവെന്നും ഇപ്പോഴുള്ളത്‌ ജയലില്‍ നിന്നും രക്ഷപെട്ടുള്ള ജീവിതമാണെന്നും പ്രേക്ഷകരും കല്യാണിയും തിരിച്ചറിയുന്നു. ക്ലൈമാക്‌സില്‍ ജെയില്‍ സുപ്രണ്ടന്റായ സോമനൊപ്പം കൊലമരത്തിലേക്ക്‌ നടന്നു കയറുന്ന വിഷ്‌ണു മലയാള സിനിമയിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളാണ്‌ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നത്‌.

കിരീടം

സിനിമ എന്നും നേട്ടത്തിന്റെയും വിജയത്തിന്റെയും ക്ലൈമാക്‌സ്‌ പറയുന്നുവെങ്കില്‍ കിരീടം പറഞ്ഞത്‌ നഷ്‌ടപ്പെടലിന്റെ ക്ലൈമാക്‌സാണ്‌. സന്തോഷങ്ങള്‍ ആവോളമുണ്ടായിരുന്ന സേതുമാധവന്‌ തന്റെ എല്ലാം ഒന്നൊന്നൊയി നഷ്‌ടപ്പെടുകുയും അവസാനം അവന്റെ ജീവിതം തന്നെ ഹോമിക്കപ്പെടുകയും ചെയ്യുന്ന കഥയാണ്‌ ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത കിരീടം. മോഹന്‍ലാലിന്റെ അസാധാരണമായ അഭിനയ പ്രകടനം ഇഴചേര്‍ന്നു കിടക്കുന്നസിനിമ.

സാധാരണക്കാരനായ സേതുമാധവന്റെ ജീവിതത്തിലേക്ക്‌ കീരിക്കാടന്‍ ജോസ്‌ എന്ന ഗുണ്ട കടന്നു വരുന്ന യാദൃശ്ചികമായിട്ടാണ്‌. തുടര്‍ന്ന്‌ കീരിക്കാടനെ നേരിടുന്ന സേതുമാധവന്‍ സ്വയം ഒരു ഗുണ്ടാ പരിവേഷത്തിലേക്ക്‌ എടുത്തെറിയപ്പെടുന്നു. പിന്നെ കാമുകിയും അച്ഛനും അമ്മയും ജോലിയും എല്ലാം സേതുമാധവന്‌ നഷ്‌ടപ്പെട്ടു.

ക്ലൈമാക്‌സ്‌ രംഗത്തില്‍ കീരിക്കാടനെ കുത്തി വീഴ്‌ത്തി കത്തിയുമായി നില്‍ക്കുന്ന സേതുമാധവനോട്‌ അച്ഛനായ അച്യുതന്‍ നായര്‍ `കത്തി താഴെയിടടാ' എന്ന്‌ വിലപിക്കുന്ന രംഗം എക്കാലത്തെയും മലയാള സിനിമയിലെ ക്ലാസിക്ക്‌ രംഗമാണ്‌. മോഹന്‍ലാലും തിലകനും അച്ഛനും മകനുമായി പകര്‍ന്നാട്ടം നടത്തിയ ഈ രംഗം ഇന്നും ഏതൊരു മലയാളിയെയും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്‌.
മലയാളി നെഞ്ചോടു ചേര്‍ത്ത സൂപ്പര്‍ ക്ലൈമാക്‌സുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക