Image

അത്ര ചെറുതല്ല 'കുഞ്ഞിരാമായാണം'

ആശ എസ് പണിക്കര്‍ Published on 19 September, 2015
          അത്ര ചെറുതല്ല 'കുഞ്ഞിരാമായാണം'
വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്യന്ന സിനിമകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടിയുണ്ട്. അതുകൊണ്ടു തന്നെയാണ് കുഞ്ഞിരാമായണവും കാണാന്‍ പോയത്. ഓണക്കാല ചിത്രങ്ങള്‍ക്കൊപ്പം മത്സരത്തിനിറങ്ങിയ സിനിമ തരക്കേടില്ലാത്ത അഭിപ്രായം നേടി മുന്നേറുന്നുമുണ്ട്. 

തട്ടത്തിന്‍ മറയത്ത്, തിര പോലുള്ള സിനിമകളിലേതു പോലെ ഗൗരവമുള്ള കഥയും കഥാപാത്രങ്ങളും ഈ ചിത്രത്തിലില്ല. ഗ്രാമപ്രദേശങ്ങളില്‍ നമ്മുടെ ചുറ്റുവട്ടത്തു കാണുന്ന പയ്യന്‍സുകളുടെ രൂപഭാവങ്ങളുള്ള കുറച്ചു കഥാപാത്രങ്ങള്‍. കുറച്ചു നല്ല തമാശകളും. അതുകൊണ്ടു തന്നെ സിനിമ ബോറടിപ്പിക്കില്ല. 

പോസ്റ്ററുകള്‍ കണ്ടപ്പോള്‍ വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരിക്കും കഥയില്‍ എന്നാണ് കരുതിയത്. പക്ഷേ കഥയുടെ അവതരണത്തില്‍ വേറിട്ട പുതുമകള്‍ കൊണ്ടു വരാന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. എങ്കിലും നവാഗത സംവിധായകന്‍ എന്ന നിലയ്ക്ക് ബേസില്‍ ജോസഫിന് പൊതുവേയുള്ള ട്രാക്കില്‍ നിന്നും  ഒന്നു മാറി ചിന്തിക്കാന്‍  കഴിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. 

ദേശം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അന്നാട്ടിലെ സാധാരണക്കാരായ ആളുകളുടെ കഥയാണ് ചിത്രത്തില്‍. പ്രണയവും പ്രതികാരവും പ്രതിഷേധവുമെല്ലാം ഈ സിനിമയിലുണ്ട്. പക്ഷേ മറ്റ് ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി എല്ലാം കോമഡിയില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. തുടക്കത്തില്‍ നല്ല തമാശകളുടെ പൂരം തന്നെ ഒരുക്കുന്നുണ്ട് ഇതിലെ കഥാപാത്രങ്ങള്‍. പക്ഷേ ആ രസച്ചരട് ഇടയ്‌ക്കെപ്പൊഴോ കൈമോശം വന്നുപോകുന്നുണ്ട്. എന്നാലും സിനിമയുടെ അവസാനം വീണ്ടും പഴയ റിഥം വീണ്ടെടുക്കാന്‍ സംവിധായകനും കൂട്ടര്‍ക്കും കഴിയുന്നു. ഇത് ചിത്രത്തിന്റെ മേന്‍മയാണ്. സല്‍സാ ഗാനവും അതിന്റെ ദൃശ്യവല്‍കകരണവും വളരെ മികച്ചതായി. 

വിനീതും ധ്യാനുമൊക്കെ ഉണ്ടെങ്കിലും ചിത്രത്തില്‍ സ്‌കോര്‍ ചെയ്തത് അജു വര്‍ഗീസ് ആണെന്നു പറയാതെ വയ്യ. ധ്യാനും ഏതാണ്ട് ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും ഇവര്‍ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നു. മാമുക്കോയ, നീരജ് മാധവ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ ഉജ്വലമാക്കി. 

ഒരു നല്ല സിനിമ സൃഷ്ടിക്കാനുളള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ 'കുഞ്ഞിരാമായണം' സിനിമയ്ക്കു പിന്നിലുണ്ട്. പുതുമയുള്ള വേറിട്ട സിനിമകള്‍ ചമയ്ക്കാനുള്ള ആഗ്രഹം ഇതില്‍ പ്രകടമാണ്. എന്നാല്‍ നവാഗത സംവിധായകന്റെ പാളിപ്പോകുന്ന കൈയടക്കം ചിലപ്പോഴെങ്കിലും ഈ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടേക്കാം. സംവിധായകന്റെ പേര് നോക്കി പ്രേക്ഷകര്‍ സിനിമ കാണുന്ന കാലം കഴിഞ്ഞു. നല്ല സിനിമകള്‍ ആര് സംവിധാനം ചെയ്താലും അതിനെ സ്വീകരിക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അതുകൊണ്ടുതന്നെ 'കുഞ്ഞിരാമായണ' ത്തെ പ്രേക്ഷകര്‍ ഒരുപാട് വാഴ്ത്തിയില്ലെങ്കിലും വീഴ്ത്തില്ല എന്നുറപ്പാണ്. 

          അത്ര ചെറുതല്ല 'കുഞ്ഞിരാമായാണം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക