Image

`അനുരാഗമേ... തെളിവാനമേ' (കവിത: ബിന്ദു ടിജി)

Published on 14 September, 2015
`അനുരാഗമേ... തെളിവാനമേ' (കവിത: ബിന്ദു ടിജി)
അനുരാഗമൊരീറന്‍ നിലാവ്‌ പോലെ
മനം മാനമാക്കും
ചിരി താരമാക്കും
തനു തണുപ്പിക്കുമീ പൂങ്കിനാവ്‌

അനുരാഗമൊരു മണിശലഭം പോലെ
ഇമ ചിമ്മാത്തൊരീറന്‍ മിഴികളില്‍
സ്വര്‍ഗ്ഗ സ്വപ്‌നങ്ങളേന്തി
വര്‍ണ്ണ ചിറകുകള്‍ വീശി
പാറി പറക്കുമാ കൂട്ടുകാരി

അനുരാഗമേതോ കളകൂജനം പോല്‍
പാടാത്ത പാട്ടുമായ്‌
കേള്‍ക്കാത്ത രാഗത്തില്‍
കാതില്‍ നിറയുമാ മൗന മന്ത്രം

അനുരാഗമാമ്പലിന്‍ പൊയ്‌ക പോലെ
പനിനീര്‍ തെളിയ്‌ക്കുമാ പനിമതി
നിത്യവും കണ്ണാടി നോക്കും
കുളിര്‍ ചോല തന്നെ

അനുരാഗം നേത്രോല്‍സവങ്ങള്‍ പോലെ
മഴവില്ലിന്‍ കാവടി മെല്ലെ യിളക്കി
മൗന മിന്നലായ്‌ പായുന്നു ചാരുദൃശ്യം

അനുരാഗമൊരപൂര്‍ണ്ണമാം
ചിത്രം പോലെ
നിറമാര്‍ന്ന ചായങ്ങള്‍
മുക്കിയിന്നാരോ
നിന്‍ മുഖകാന്തി
വരയ്‌ക്കുന്നു.... മായ്‌ക്കുന്നു

അനുരാഗമേ നീയിന്നെന്നന്തരാത്മാ
വിലൊരാമോദ ബിന്ദുവായ്‌ മാറിയെന്നോ.
`അനുരാഗമേ... തെളിവാനമേ' (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക