Image

സീറോ മലബാര്‍ സിനഡ് സമാപിച്ചു

Published on 13 January, 2012
സീറോ മലബാര്‍ സിനഡ് സമാപിച്ചു

കൊച്ചി: കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഈ മാസം ഒന്‍പതിന് ആരംഭിച്ച സീറോ മലബാര്‍ സഭാ സിനഡ് സമാപിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടിയ സിനഡില്‍ 43 മെത്രാന്മാര്‍ സംബന്ധിച്ചു. പൗരസ്ത്യ തിരുസംഘം അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി സിനഡില്‍ സംസാരിച്ചു. സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയെയും പ്രേഷിതരംഗത്തെ ശുശ്രൂഷകളെയും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞ് അഭിനന്ദിച്ചു. മൗണ്ട് സെന്റ് തോമസിലെ ആസ്ഥാനമന്ദിരത്തോടനുബന്ധിച്ച് പണിതീര്‍ത്ത പുതിയ ബ്ലോക്കിന്റെ ആശീര്‍വാദം കര്‍ദിനാള്‍ പ്രീഫക്ട് നിര്‍വഹിച്ചു.

ഒരാഴ്ചക്കാലം നീണ്ടുനിന്ന സിനഡില്‍ പ്രധാനമായും ചര്‍ച്ചചെയ്തത് അല്‍മായ ശാക്തീകരണവും, സെമിനാരി പരിശീലനവും, പ്രേഷിതവര്‍ഷത്തിന്റെ സമാപനവും, വത്തിക്കാന്‍ സൂനഹദോസിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷവുമായിരുന്നു. അല്‍മായ ശാക്തീകരണത്തിന്റെ ഭാഗമായി രൂപീകരിക്കുന്ന വനിതാ ഫോറത്തിനും യുവജന ശുശ്രൂഷകള്‍ക്കും സിനഡ് അംഗീകാരം നല്‍കി.

1887ല്‍ സ്ഥാപിതമായ തൃശൂര്‍, കോട്ടയം വികാരിയാത്തുകള്‍ സീറോ മലബാര്‍ സഭയുടെ ആധുനിക ചരിത്രത്തില്‍ നിര്‍ണ്ണായക വഴിതിരിവിന് കാരണമായി എന്ന് സിനഡ് വിലയിരുത്തി. സീറോ മലബാര്‍ സഭയുടെ പ്രേഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍ എല്ലാ പിതാക്കന്മാരും ചേര്‍ന്ന് മാന്നാനത്ത് വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ കബറിടത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കാന്‍ തീരുമാനിച്ചു. സീറോ മലബാര്‍ സഭയുടെ പ്രേഷിതവര്‍ഷാചരണം 2012 നവംബറില്‍ ഡല്‍ഹിയില്‍വച്ച് സമാപിപ്പിക്കുവാനും തീരുമാനമായി.

മേജര്‍ ആര്‍ച്ച്ബിഷപ്പിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയതില്‍ സീറോ മലബാര്‍ സിനഡ് സഭ അദ്ദേഹത്തെ അഭിനന്ദിക്കുകയും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ കൃതജ്ഞത അറിയിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക