Image

സിദ്ധാര്‍ത്ഥ് ഭരതന്റെ നിലയില്‍ മികച്ച പുരോഗതിയെന്ന് അധികൃതര്‍

ആശ എസ് പണിക്കര്‍ Published on 14 September, 2015
   സിദ്ധാര്‍ത്ഥ് ഭരതന്റെ നിലയില്‍ മികച്ച പുരോഗതിയെന്ന് അധികൃതര്‍
 കാറപകടത്തില്‍ പരിക്കേറ്റ് എറണാകുളത്ത് ആശുപത്രിയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു. 


രാവിലെ അദ്ദേഹത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സ്വയം ശ്വസിക്കുന്നുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നു വൈകിട്ടു വരെ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പിന്നീട് പൂര്‍ണമായും വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞേക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 

പേര് വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ തയോട്ടിയില്‍ ഒരു പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അത് മരുന്നു കഴിച്ചുകൊണ്ടു തന്നെ മാറ്റാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമായിരിക്കുമെന്നും അവര്‍ പറഞ്ഞു. 

തുടയെല്ലില്‍ രണ്ട് മൂന്ന് വലിയ പൊട്ടലുകള്‍ ഉണ്ട്. ഇതിനായി ഒരു വലിയ സര്‍ജറി വേണ്ടി വരും. ഇതിനായി സിദ്ധാര്‍ത്ഥിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. കൈയിലെ ആഴത്തിലുള്ള മുറിവിലും സര്‍ജറി വേണ്ടി വന്നേക്കും. എന്നാല്‍ ഇതറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

 ശനിയാഴ്ച പുലര്‍ച്ചെയാണ് കൊച്ചിയില്‍ വൈറ്റിലയ്ക്കു സമീപം തൈക്കൂടത്ത് സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍  നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി അപകടമുണ്ടായത്.

   സിദ്ധാര്‍ത്ഥ് ഭരതന്റെ നിലയില്‍ മികച്ച പുരോഗതിയെന്ന് അധികൃതര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക