Image

"നാം എഴുന്നേറ്റു പണിയുക" റവ.ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ്

പി.പി.ചെറിയാന്‍ Published on 13 January, 2012
"നാം എഴുന്നേറ്റു പണിയുക" റവ.ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ്

ഹൂസ്റ്റണ്‍ : കഴിഞ്ഞകാല ജീവിതാനുഭവങ്ങളില്‍ അനുനിമിഷം വ്യാപരിച്ച ദൈവകൃപയ്ക്ക് നന്ദികളേകി കൊണ്ട്, ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ തകര്‍ന്ന് കിടക്കുന്ന മതിലുകള്‍ എന്തൊക്കൊയെന്ന് മനസിലാക്കി അതിനെ പണിയുവാനും പുനര്‍നിര്‍മ്മാണേ ചെയ്യുവാനും സുപ്രസിദ്ധ ഉണര്‍വ്വ് പ്രസംഗികനും, മാരാമണ്‍ കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ റവ.ഡോ.മാര്‍ട്ടിന്‍ അല്‍ഫോന്‍സ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഡിസംബര്‍ 29 മുതല്‍ 31 വരെ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയില്‍ നടന്ന വര്‍ഷാന്ത്യ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് ഈ ആഹ്വാനം നല്‍കിയത്. നെഹമ്യാവിന്റെ പുസ്തകത്തെ ആധാരമാക്കി നടത്തിയ ധ്യാനത്തില്‍ - പുനര്‍നിര്‍മ്മാണം നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ , സാമൂഹ്യ ബന്ധങ്ങളില്‍ , ദൗത്യമേഖലകളില്‍ എന്നിങ്ങനെ മൂന്നു പ്രഭാഷണങ്ങള്‍ നടത്തിയത് ചിന്തോദീപകവും, അനുഗ്രഹകരവുമായിരുന്നു.

ദൈവത്തോടും, സഹോദരങ്ങളോടും, കുടുംബത്തോടുമുള്ള നമ്മുടെ ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിതിയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിച്ചത്, പ്രസ്തുത അനുഗ്രഹങ്ങള്‍ നാം സാധുക്കളോടും പങ്കിടുന്നതിനാണ് എന്നത് ഒരിക്കലും വിസ്മരിക്കരുതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഈ ധ്യാനങ്ങള്‍ നമ്മെ അര്‍ത്ഥവത്തായ സമര്‍പ്പണത്തിലേക്ക് നയിക്കട്ടെ എന്ന് ഇടവക വികാരി റവ.സഖറിയാ ജോണ്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

തങ്ങളുടെ ജീവിതങ്ങള്‍ പുനഃസമര്‍പ്പണം ചെയ്തുകൊണ്ട് ഇടവകാംഗങ്ങള്‍ 31ന് രാത്രിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കാളികളായി പുതുവര്‍ഷത്തെ വരവേറ്റത് ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായിരുന്നു.
"നാം എഴുന്നേറ്റു പണിയുക" റവ.ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക