Image

ട്വിറ്ററില്‍ മിഷേലിന് ലക്ഷം ഫോളോവേഴ്‌സ് (അങ്കിള്‍സാം)

Published on 13 January, 2012
 ട്വിറ്ററില്‍ മിഷേലിന് ലക്ഷം ഫോളോവേഴ്‌സ് (അങ്കിള്‍സാം)
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ പ്രഥമ വനിത മിഷേല്‍ ഒബാമ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഒരു കൈ നോക്കുന്നു. മണിക്കൂറുകള്‍ക്കകം ലക്ഷത്തിലധികം പേരാണ് ഫോളോവേഴ്‌സ് ആയി മിഷേലിന്റെ ട്വിറ്ററില്‍ ചേര്‍ന്നത്. എം. ഒ എന്ന പേരിലാണ് ഇവര്‍ സന്ദേശങ്ങള്‍ കുറിക്കുന്നത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴം തേടിയിറങ്ങുന്ന ഒബാമയുടെ പ്രചരണം ലക്ഷ്യമിട്ടാണ് മിഷേലിന്റെ പുതിയ രംഗപ്രവേശമെന്നാണ് വിലയിരുത്തല്‍. ട്വിറ്ററിലെ തന്റെ ആദ്യ സന്ദേശത്തില്‍ തന്നെ മിഷേല്‍ ഇത് വെളിപെടുത്തുന്നുണ്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒബാമ കാംപെയിന്‍ അധികൃതര്‍ നിയന്ത്രിക്കുമെന്ന് തൊട്ടുപിന്നാലെ നടത്തിയ ട്വീറ്റില്‍ അവര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 11 ഭീകരാക്രമണം: ബിന്‍ ലാദന്‍ ഗ്രൂപ്പിനെതിരെ നടപടി ആവശ്യം തള്ളി

ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിലുണ്ടായ നഷ്ടങ്ങള്‍ക്കു പ്രമുഖ സൗദി നിര്‍മാണക്കമ്പനിയായ ബിന്‍ ലാദന്‍ ഗ്രൂപ്പിനെതിരെ നിയമനടപടി വേണമെന്ന ആവശ്യം യുഎസ് കോടതി തള്ളി. അല്‍ ഖായിദ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ പിതാവ് മുഹമ്മദ് ബിന്‍ ലാദന്‍ 80 വര്‍ഷം മുന്‍പു സ്ഥാപിച്ച ബിന്‍ ലാദന്‍ ഗ്രൂപ്പ്, സൗദി അറേബ്യയിലെ ഏറ്റവും പ്രമുഖ നിര്‍മാണക്കമ്പനിയാണ്. ഭീകരാക്രമണത്തിലേക്കുവരെ നയിച്ച ബിന്‍ ലാദന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കമ്പനി സഹായം ചെയ്‌തെന്ന പരാതിക്കാരുടെ ആരോപണം മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി തള്ളി. കമ്പനിയുടെ ഓഹരി ഉടമകളില്‍നിന്ന് ഉസാമ ബിന്‍ ലാദനെ 1993ല്‍ത്തന്നെ ഒഴിവാക്കിയിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. ബിന്‍ ലാദനെ കുടുംബാംഗങ്ങള്‍ തള്ളിപ്പറയുകയും സൗദി പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. അതിനു മുന്‍പും ലാദന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കമ്പനി സഹായം ചെയ്‌തെന്ന ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല. കോടീശ്വരനായിരുന്ന മുഹമ്മദ് ബിന്‍ ലാദന്റെ അന്‍പതോളം മക്കളില്‍ ഒരാളായിരുന്നു ഉസാമ. കമ്പനിക്കെതിരെ ആറു കേസുകളാണുണ്ടായിരുന്നത്.

താലിബാന്‍കാരുടെ  മൃതദേഹത്തില്‍ മൂത്രമൊഴിച്ച രണ്ടു സൈനികരെ തിരിച്ചറിഞ്ഞു

വാഷിംഗ്ടണ്‍:താലിബാന്‍ ഭീകരരുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ രണ്ടു സൈനികരെ തിരിച്ചറിഞ്ഞതായി യുഎസ്. വടക്കന്‍ കരോലീനയിലെ ക്യാംപില്‍ നിന്നുളളവരാണിവര്‍. ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മൂന്നു താലിബാന്‍ ഭീകരരുടെ രക്തമൊഴുകുന്ന മൃതദേഹങ്ങളില്‍ നാലു സൈനികര്‍ മൂത്രമൊഴിക്കുന്ന വീഡിയൊ ചിത്രമാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികളുടെ മൃതദേഹങ്ങളോടു യുഎസ് സൈനികര്‍ അനാദരവു കാട്ടിയെന്ന വിവാദത്തിന് ഇത് ഇടയാക്കി. മുസ്ലിം സംഘടനകളില്‍ നിന്നു വ്യാപക പ്രതിഷേധമാണ് ഇതിനെത്തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്നത്. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി സംഭവത്തെ അപലപിച്ചു രംഗത്തെത്തി. പ്രാകൃതമെന്നാണു താലിബാന്‍ സംഭവത്തോടു പ്രതികരിച്ചത്. താലിബാന്‍-യുഎസ് സമാധാന ചര്‍ച്ചകളെയും സംഭവം ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ചൈനയുടെ സ്വന്തം ട്വിറ്ററില്‍ ബില്‍ ഗേറ്റ്‌സും ടോം ക്രൂസും

ന്യൂയോര്‍ക്ക്: ബില്‍ ഗേറ്റ്‌സ്, ടോം ക്രൂസ്, ഐഎംഎഫ് അധ്യക്ഷ ക്രിസ്റ്റീന്‍ ലഗാര്‍ദ്, ഇന്ത്യന്‍ എംബസി തുടങ്ങിയ പ്രമുഖ ഉപയോക്താക്കളുമായി ചൈനയുടെ സ്വന്തം ട്വിറ്ററായ 'സിന വെയ്‌ബോ പ്രശസ്തിയിലേക്ക്. വരിക്കാരുടെ എണ്ണം 25 കോടി കവിഞ്ഞതായും 'സിന വെയ്‌ബോ' വക്താവ് അറിയിച്ചു. യുഎസില്‍ മാത്രം നാലരലക്ഷം പേര്‍ ഈ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്.മൈക്രോസോഫ്റ്റ് സ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്‌സാണ് 'സിന വെയ്‌ബോയിലെ ഏറ്റവും പ്രശസ്തന്‍. 22 ലക്ഷം പേര്‍ ഗേറ്റ്‌സുമായി സംവദിക്കുന്നുണ്ട്. രാജ്യത്തിന്റെ നയങ്ങള്‍ വ്യക്തമാക്കുന്നതിനും പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കുന്നതിനുമാണ് ഇന്ത്യന്‍ എംബസി ചൈനീസ് ട്വിറ്റര്‍ പ്രയോജനപ്പെടുത്തുന്നത്.

ഗ്വാണ്ടനാമൊയിലെ താലിബാന്‍ തടവുകാരെ മോചിപ്പിക്കില്ലെന്ന് യുഎസ്

വാഷിംഗ്ടണ്‍:ഗ്വാണ്ടനാമൊ ജയിലില്‍ നിന്നു താലിബാന്‍ തടവുകാരെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു യുഎസ്. അഞ്ചു താലിബാന്‍കാരെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത വൈറ്റ് ഹൗസ് വക്താവ് നിഷേധിച്ചു. യുഎസ് നിയമങ്ങള്‍ക്കും കോണ്‍ഗ്രസുമായി കൂടിയാലോചിച്ചും മാത്രമാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുകയെന്നും അത്തരം ചര്‍ച്ചകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

ഗള്‍ഫിലേക്ക് രണ്ട് പടക്കപ്പലുകള്‍; ലക്ഷ്യം ഇറാനല്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അനുദിനം വര്‍ധിക്കവെ രണ്ട് യു. എസ്. വിമാന വാഹിനികള്‍കൂടി ഗള്‍ഫ് മേഖലയിലെത്തുന്നു. യു. എസ്. എസ്. കാള്‍ വിന്‍സണ്‍ എന്ന കപ്പല്‍ ഇതിനകം അറബിക്കടലില്‍ പ്രവേശിച്ചതായി പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജോണ്‍ കിര്‍ബി പറഞ്ഞു. എന്നാല്‍ മേഖലയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്തല്ല ഇതെന്നും ലക്ഷ്യം ഇറാന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഗള്‍ഫ് മേഖലയിലുള്ള യു. എസ്. എസ്. ജോണ്‍ സ്‌റ്റെന്നിസിന് പകരമായി യു. എസ്. എസ്. കാള്‍ വിന്‍സണ്‍ എത്തുന്നത് മുന്‍ നിശ്ചയപ്രകാരമാണെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു. എന്നാല്‍ യു. എസ്. എസ്. ജോണ്‍ സ്‌റ്റെന്നിസ് എപ്പോള്‍ സ്വന്തം തുറമുഖമായ സാന്‍ ഡീഗോയിലേക്ക് മടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. തായ്‌ലന്‍ഡില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന യു. എസ്. എസ്. എബ്രാഹം ലിങ്കണ്‍ എന്ന വിമാന വാഹിനി ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

ഒട്ടേറെ പടക്കപ്പലുകള്‍ ഈ വിമാന വാഹിനിയെ അനുഗമിക്കുന്നുണ്ട്. ഇവ കൂടി എത്തുന്നതോടെ ഗള്‍ഫ് മേഖലയില്‍ യു. എസ്. സൈനിക സാന്നിധ്യം ശക്തമാകും. തങ്ങള്‍ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും മുതിരുകയാണെങ്കില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കപ്പലുകള്‍ വഴിയുള്ള ലോകത്തെ പെട്രോളിയം കയറ്റുമതിയില്‍ 40 ശതമാനവും ഈ കടല്‍പ്പാതയിലൂടെയാണ്. പാത അടയ്ക്കാനുള്ള നീക്കത്തിനെതിരെ അമേരിക്ക ശക്തമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തങ്ങളുടെ ഒരു ആണവ ശാസ്ത്രജ്ഞന്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍ ആരോപിച്ചതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്.

തവളകളിലെ കുഞ്ഞനെ കണെ്ടത്തി

ലൂസിയാന:ലോകത്തിലെ ഏറ്റവും ചെറിയ തവള വര്‍ഗത്തെ പാപ്പുവ ന്യൂ ഗിനിയില്‍ കണെ്ടത്തി. പീഡൊഡൊെ്രെഫനെ അമൗന്‍സിസ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞന്‍ തവളയ്ക്ക് ഏഴ് മില്ലിമീറ്ററേ നീളമുള്ളൂ. പൂര്‍ണവര്‍ളര്‍ച്ചയെത്തിയാല്‍ 7.7 മില്ലി മീറ്റര്‍ നീളമുണ്ടാകും. നട്ടെല്ലുള്ള ജീവികളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും ചെറു ജീവി ഈ തവളയായേക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. അമേരിക്കയിലെ ലൂസിയാന സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ക്രിസ് ഓസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പപ്പുവ ന്യൂ ഗിനി കാടുകളില്‍ നിന്ന് കുഞ്ഞന്‍ തവളയെ കണെ്ടത്തിയത്. കരിയിലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കരിയില നിറമുള്ള തവളയെ വളരെ പ്രയാസപ്പെട്ടാണ് കണെ്ടത്തിയതെന്ന് ശാസ്ത്ര പ്രസിദ്ധീകരണമായ പ്രോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു.

സാധാരണ തവളകള്‍ ആഹാരമാക്കുന്ന ഷഡ്പദങ്ങളെക്കാള്‍ ചെറിയ ജീവികളാണ് കുഞ്ഞന്‍ തവളയുടെ ആഹാരം. തേളുപോലുള്ള ജീവികള്‍ ഈ തവളകളെ ആഹാരമാക്കും. പീഡൊെ്രെഫന്‍സിനെ കണെ്ടത്തും മുമ്പ് ബ്രസീലിലെ സുവര്‍ണ തവളയും ക്യൂബയിലെ മോണെ്ട ഇബെറിയ എല്യൂത്ത് തവളയുമായിരുന്നു ലോകത്തെ ഏറ്റവും ചെറിയ തവളകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഒരു സെന്റീ മീറ്ററില്‍ താഴെയായിരുന്നു രണ്ടിന്റെയും വലിപ്പം. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ചെറുതെന്ന സ്ഥാനം പീഡോസൈപ്രിസ് പ്രൊജെനെറ്റിക എന്ന മത്സ്യത്തിനായിരുന്നു.

ആകാശഗംഗയുടെ നിറം പാല്‍വെള്ള

ന്യൂയോര്‍ക്ക്:നാം അധിവസിക്കുന്ന ഭൂമി ഉള്‍ക്കൊള്ളുന്ന ആകാശഗംഗ എന്ന ഗാലക്‌സിയുടെ യഥാര്‍ഥ നിറമെന്താണ്? ക്ഷീരപഥം എന്ന് നാം വിളിക്കുന്ന ആകാശഗംഗക്ക് പേര് സൂചിപ്പിക്കുംപോലെ പാല്‍വെള്ള നിറംതന്നെയാണത്രെ. കഴിഞ്ഞദിവസം സമാപിച്ച 219ാമത് അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി സമ്മേളനത്തിലാണ് ഇതാദ്യമായി നമ്മുടെ ഗാലക്‌സിയുടെ നിറത്തെക്കുറിച്ച് ശാസ്ത്രലോകം നിര്‍ണായകവിവരം പകര്‍ന്നുനല്‍കിയത്.

ന്യൂ മെക്‌സികോയിലെ അപാഷെ വാന നിരീക്ഷണത്തില്‍നിന്ന് ശേഖരിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് ശാസ്ത്രജ്ഞര്‍ ആകാശഗംഗയുടെ നിറം തിട്ടപ്പെടുത്തിയത്. പുതിയ കണെ്ടത്തല്‍ ഗാലക്‌സിയിലെ നക്ഷത്രങ്ങളുടെ പ്രായം സംബന്ധിച്ച വിവരങ്ങളിലേക്കും വെളിച്ചം വീശുന്നതാണെന്ന് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ജെഫ്രി ന്യൂമാന്‍ ബി.ബി.സിയോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക