Image

പെര്‍ത്തില്‍ ഇന്ത്യ 161 ന് പുറത്ത്‌

Published on 13 January, 2012
പെര്‍ത്തില്‍ ഇന്ത്യ 161 ന് പുറത്ത്‌
പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നു. ഒരിക്കല്‍ കൂടി ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 161 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് 73 റണ്‍സിന് നഷ്ടപ്പെട്ട് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ ടീമിനായി പിന്നീട് കോലിയും(44) ലക്ഷ്മണും(31) ചേര്‍ന്ന് പൊരുതിയെങ്കിലും ഛായക്ക് പിരിയുന്നതിന് രണ്ട് ഓവര്‍ മുമ്പ് കാര്യങ്ങള്‍ വീണ്ടും കൈവിട്ടു. മികച്ച ഫോമില്‍ കളിച്ചുവന്ന കോലി അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഗള്ളിയില്‍ വാര്‍ണര്‍ക്ക് പിടികൊടുത്തു. പങ്കാളി പോയതോടെ സമ്മര്‍ദത്തിലായ ലക്ഷ്മണും പിന്നാലെ സ്ലിപ്പില്‍ ക്ലാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ചു. അഞ്ചാം വിക്കറ്റില്‍ 67 റണ്‍സ് ഇരുവരും ചേര്‍ന്നു കൂട്ടിച്ചേര്‍ത്തു. രണ്ട് വിക്കറ്റും വീഴ്ത്തിയത് സിഡിലാണ്. വാലറ്റത്ത് ആരും പൊരുതിയില്ല. 138ന് ആറ് എന്ന നിലയില്‍ നിന്ന് 161 ന് ആള്‍ഔട്ടായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ വെടിക്കെട്ട് താരം വീരേന്ദ്ര സെവാഗ് പൂജ്യനായി മടങ്ങി. ഹില്‍ഫനോസിന്റെ സ്വിങ് ചെയ്ത് പുറത്തേക്ക് പോയ പന്തില്‍ ബാറ്റ് വെച്ച സെവാഗിനെ സ്ലിപ്പില്‍ പോണ്ടിങ് പിടികൂടി. പിന്നാലെ ഒമ്പത് റണ്‍സുമായി ദ്രാവിഡും 15 റണ്‍സെടുത്ത് സച്ചിനും പവലിയനിലേക്ക് മടങ്ങി.

അതുവരെ ഒരറ്റത്ത് പിടിച്ചുനിന്ന ഗംഭീറും പിന്നാലെ ഹില്‍ഫനോസിന്റെ പന്തില്‍ ഹഡ്ഡിന് പിടികൊടുത്ത് മടങ്ങി. 31 റണ്‍സായിരുന്നു ഗംഭീറിന്റെ സംഭാവന. സിഡിലിന്റെ പന്തില്‍ ദ്രാവിഡ് ബൗള്‍ഡാകുകയായിരുന്നു. കഴിഞ്ഞ ഒമ്പത് ഇന്നിങ്‌സുകളില്‍ ഏഴിലും ഇന്ത്യയുടെ വന്‍മതിലിന്റെ വിക്കറ്റ് തെറിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയുടെ ഉറച്ച പ്രതിരോധ ഭടനായി വാഴ്ത്തപ്പെടുന്ന ദ്രാവിഡ് തുടര്‍ച്ചയായി ബൗള്‍ഡാകുന്നത് അദ്ദേഹത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുകയാണ്. കഴിഞ്ഞ ഇന്നിങ്‌സുകളില്‍ സെഞ്ച്വറി നേടുമോ ഇല്ലയോ എന്ന ആകാംക്ഷ പങ്കുവെച്ചാണ് സച്ചിന്‍ പുറത്തായതെങ്കില്‍ ഇത്തവണ വളരെ വേഗം തന്നെ അദ്ദേഹം പവലിയനിലേക്ക് മടങ്ങി.

തുടര്‍ച്ചയായ ബൗണ്ടറികളുമായി മികച്ച ഫോമിലാണെന്ന സൂചന നല്‍കിയ ശേഷമാണ് സച്ചിന്‍ ഹാരിസിന്റെ പന്തില്‍ എല്‍ബിഡബ്ലിയുവില്‍ കുടുങ്ങിയത്. റിവ്യുവിനെ എതിര്‍ത്തതിന് വീണ്ടും ഇന്ത്യ വില നല്‍കി. പന്ത് സച്ചിന്റെ ലെഗ്സ്റ്റമ്പിലാണ് പതിക്കുകയെന്ന് വ്യക്തമായിരുന്നെങ്കിലും പിച്ച് ചെയ്തത് ലൈനിന് പുറത്തായതിനാല്‍ റിവ്യുവില്‍ സച്ചിന് ജീവന്‍ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ധോനിയും(12) പരാജയപ്പെട്ടു.

പുല്ലുനിറഞ്ഞ വാക്കയിലെ പിച്ചില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് ബൗളിങ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പരമ്പരയില്‍ 2-0 ത്തിന് ഇന്ത്യ പിന്നിലാണ്. മെല്‍ബണില്‍ 122 റണ്‍സിന് പരാജയപ്പെട്ട ടീം സിഡ്‌നിയില്‍ ഇന്നിങ്‌സ് തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

നാല് വിക്കറ്റുമായി ഹില്‍ഫനോസ് ഒരിക്കല്‍ കൂടി ഇന്ത്യയെ തകര്‍ത്തു. സിഡില്‍ മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്്ത്തി.

അശ്വിനെ ഒഴിവാക്കി വിനയ്കുമാറിനെ കൂടി ഉള്‍പ്പെടുത്തി നാല് പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഓസീസും ഏക സ്പിന്നറായ ലയണിനെ ഒഴിവാക്കി സ്റ്റാര്‍ക്കിനെ അവസാന ഇലവനിലെടുത്തു. പരിക്കേറ്റ പാറ്റിന്‍സണ് പകരം ഹാരിസും കളിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക