Image

മമ്മൂട്ടിക്ക് 65ാം പിറന്നാള്‍; കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് മമ്മൂട്ടി

Published on 07 September, 2015
മമ്മൂട്ടിക്ക് 65ാം പിറന്നാള്‍; കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് മമ്മൂട്ടി


നാലു പതിറ്റാണ്ടായി മലയാള സിനിമാ രംഗത്തിന്റെ കേന്ദ്ര ബിന്ദുവായി നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടി എന്ന മഹാനടന്‍ സെപ്തംബര്‍ ഏഴിന് അറുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. എ.കെ.സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സെറ്റിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാളാഘോഷം. കൊച്ചിയിലെ ഗ്രിഗോറിയന്‍ സ്‌കൂളിലാണ് പിറന്നാള്‍ ചടങ്ങുകള്‍ ഒരുക്കിയിരുന്നത്. കേക്ക് മുറിച്ച് കുരുന്നുകള്‍ക്കൊപ്പം തന്റെ 65ആം പിറന്നാള്‍ ആഘോഷിച്ചു. 

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസ നേരാന്‍ മലയാള സിനിമയിലെ താരങ്ങളും എത്തി. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ അവര്‍ മെഗാതാരത്തിന് കലര്‍പ്പില്ലാത്ത സ്‌നേഹാശംസകളാണ് ചൊരിഞ്ഞത്. എല്ലാവര്‍ക്കും വിനീതമായ സ്‌നേഹം നിറഞ്ഞ നന്ദി വാക്ക് മമ്മൂട്ടിയുടെ വക.  

മകനും  യുവനടന്മാരില്‍ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ വാപ്പച്ചിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:  എന്തിനും ഏതിനും മാതൃകയാക്കാവുന്ന മമ്മൂട്ടിയെപ്പോലെ ഒരു അച്ഛന്‍ എന്നും മകന്റെ മുന്നിലെ ഹീറോ തന്നെയായിരിക്കും. 

മമ്മൂട്ടിയുടെ സമകാലീനനും മറ്റൊരു മഹാനടനുമായ മോഹന്‍ലാലും അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു. ജയറാം, നിവിന്‍ പോളി, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ നിരവധി താരങ്ങളും മമ്മുക്കയ്ക്ക് ആശംസ നേരാന്‍ ഫേസ്ബുക്കില്‍ ക്യൂ നിന്നു. 

നാലു പതിറ്റാണ്ടത്തെ അഭിനയ ജീവിതത്തിന് ഇടയില്‍ മമ്മൂട്ടി എന്ന നടന്‍ ചെയ്യാത്ത വേഷങ്ങളില്ല. മികതും മലയാള സിനിമാ പ്രേക്ഷകര്‍ ഇന്നും നെഞ്ചേറ്റുന്നവ. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്നു തവണയും സംസ്ഥാന അവാര്‍ഡ് അഞ്ചു തവണയും മമ്മൂട്ടിയെ തേടിയെത്തി എന്നത് ഓര്‍ത്താല്‍ തന്നെ ഈ നടന്റെ അഭിനയ ചാതുര്യം എന്താണെന്ന് മനസിലാവും. അനായാസമായ അഭിനയ രീതിയും അസാമാന്യ തരത്തില്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവുമാണ് മമ്മൂട്ടിയെ വേറിട്ടു നിറുത്തുന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകള്‍ ചിലത് പരാജയപ്പെട്ടു എങ്കില്‍ പോലും മമ്മൂട്ടി എന്ന നടന്റെ മാര്‍ക്കറ്റിനെ അത് ബാധിച്ചിട്ടില്ല. ചെറുപ്പക്കാരന്റെ വേഷം മുതല്‍ കിഴവന്‍ വേഷം വരെ യാതൊരു വൈമനസ്യവും കൂടാതെ മമ്മൂട്ടി അവതരിപ്പിക്കും. അത് അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവത്തിന്റെ സാക്ഷ്യമാണ്. 

ആധുനിക മലയാള ചലച്ചിത്ര രംഗം താര കേന്ദ്രീകൃതമാക്കുന്നതില്‍ മമ്മൂട്ടി വഹിച്ച പങ്ക് വളരെ വലുതാണ്.  1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. തുടക്കം അപ്രധാനമായ വേഷങ്ങളിലൂടെ ആയിരുന്നെങ്കില്‍ പിന്നീട് മലയാള സിനിമയിലെ അനിവാര്യതയായി മമ്മൂട്ടി എന്ന നടന്‍ മാറുകയായിരു്‌നു.  എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.  എന്നാല്‍ ഈ ചിത്രം  പൂര്‍ത്തിയായില്ല.   കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളും മമ്മൂട്ടിയുടെ താരമൂല്യം കുത്തനെ ഉയര്‍ത്തി.  

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും മികച്ച നടന്മാരായ കമലഹാസനും അമിതാഭ് ബച്ചനുമൊപ്പമാണ് മമ്മൂട്ടിയും നില്‍ക്കുന്നത്. ഇവര്‍ മൂവരുമാണ് ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുള്ളത്. സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച 1988ല്‍  ഭാരത സര്‍ക്കാര്‍ മമ്മൂട്ടിക്ക് പത്മശ്രീ നല്‍കി ആദരിച്ചു. 2008ല്‍ കേരള യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റും 2010ല്‍ ഓണററി ഡിലിറ്റും നല്‍കി മലയാള നടന്റെ മികവിനെ ഒരിക്കല്‍ കൂടി ആദരിച്ചു. 

മകന്‍ സിനിമയില്‍ എത്തിയിട്ടും അച്ഛന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്നത് മറ്റൊരു വസ്തുതയാണ്. രണ്ടു തലമുറകളുടെ വിടവ് ഉണ്ടായിട്ടു കൂടി മകന്റെ ഉയര്‍ച്ചയില്‍ അഭിമാനിക്കുന്ന അച്ഛനും അച്ഛന്റെ ഉയര്‍ച്ചയില്‍ ഊറ്റം കൊള്ളുന്ന മകനും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സ്വകാര്യ അഹങ്കാരം തന്നെയാണ്. കാര്യം ഇതൊക്കെയാണെങ്കിലും മലയാള സിനിമാ പ്രേക്ഷകര്‍ ഇപ്പോഴും ചോദിക്കുന്നത് മമ്മൂട്ടിയുടെ ചെറുപ്പത്തിന്റെ രഹസ്യം എന്താണെന്നാണ്. ഒരിക്കല്‍ അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ ചെറുപ്പത്തിന്റെ രഹസ്യം വെളിപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക