Image

ജയറാം ഷോയുടെ ഫീമെയില്‍ ലീഡ്‌ സിംഗറായി എത്തുന്നു...ഡെല്‍സി നൈനാന്‍

ജോര്‍ജ്‌ തുമ്പയില്‍ Published on 06 September, 2015
ജയറാം ഷോയുടെ ഫീമെയില്‍ ലീഡ്‌ സിംഗറായി എത്തുന്നു...ഡെല്‍സി നൈനാന്‍
ന്യൂയോര്‍ക്ക്‌: ടിവി ചാനലുകളിലെ ആംഗര്‍ പെണ്‍കൊടിയില്‍ നിന്നും സിനിമാ പിന്നണി ഗായിക എന്ന പട്ടത്തിലേക്കുള്ള ദൂരം എത്രെയെന്ന്‌ ഡെല്‍സിയോടു ചോദിച്ചാല്‍, അതൊരു ചരണത്തിന്റെ അകലം മാത്രമാണെന്നാവും മറുപടി. ശരിയാണ്‌. വളരെപ്പെട്ടന്നായിരുന്നു അത്‌. ക്യാമറകള്‍ക്ക്‌ മുന്നില്‍ നിന്നും ക്യാമറയ്‌ക്ക്‌ പിന്നിലേക്ക്‌. അവിടെ, കാത്തിരുന്നത്‌ നാദരൂപത്തിന്റെ പുതിയ ഭാവസങ്കല്‍പ്പങ്ങള്‍. മിന്നിമറിയുന്ന സംഗീതലോകത്ത്‌ ചുരുങ്ങിയ കാലം കൊണ്ട്‌ ഒരു പേരെടുക്കാന്‍ കഴിഞ്ഞ ഡെല്‍സി, ജയറാം ഷോയിലെ പ്രമുഖ ഫീമെയ്‌ല്‍ പ്ലേബാക്ക്‌ സിംഗറാണ്‌. പ്രശസ്‌തനായ ഉണ്ണിമേനോനൊപ്പം യുഗ്മഗാനം പാടാനൊരുങ്ങുകയാണ്‌ ഡെല്‍സി നൈനാന്‍.

മലയാളിപ്പെണ്ണേ... എന്ന പാട്ടിലൂടെ പിന്നണി ഗാനരംഗത്തു ശ്രദ്ധേയയായ ഡെല്‍സി പാട്ടുകട എന്ന ബാന്‍ഡിലെ ഗായിക കൂടിയാണ്‌. തമിഴിലും മലയാളത്തിലുമായി ഇതുവരെ 11 ചിത്രങ്ങളില്‍ ഡെല്‍സി പാടിക്കഴിഞ്ഞു.

പത്രപ്രവര്‍ത്തന ക്ലാസിന്റെ ഇടവേളകളില്‍ കൂട്ടുകാര്‍ക്കു വേണ്ടി പാട്ട്‌ മൂളുമ്പോള്‍ ഡെല്‍സി കരുതിയതേയില്ല. തന്റെ ജീവിതം പാട്ടിന്റെ ലോകത്തേക്ക്‌ ഒഴുകുമെന്ന്‌. ചെന്നൈയിലെ വിമന്‍സ്‌ ക്രിസ്റ്റ്യന്‍ കോളജിലെ ജേണലിസം വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി സംഗീത ലോകത്തിലേക്കെത്തിയ കഥയാണു ഡെല്‍സി പറഞ്ഞത്‌.

മീഡിയയുമായി ബന്ധപ്പെട്ട പഠനത്തിനിടയില്‍ എക്‌സ്‌ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസും ചെയ്യണമെന്നുണ്ട്‌. ഞാന്‍ തിരഞ്ഞെടുത്തതു പാട്ട്‌ ക്ലബാണ്‌. ഇന്റര്‍ കോളീജിയറ്റ്‌ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്‌തു. പിന്നീട്‌ കോളജിനെ പ്രതിനിധീകരിച്ചു സണ്‍ ടിവിയിലെ സപ്‌തസ്വരങ്ങള്‍ എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തു.

പഠനം കഴിഞ്ഞ്‌ എല്ലാവരും ജേണലിസ്റ്റാകാന്‍ യാത്രയായപ്പോള്‍ ഞാന്‍ പാട്ടിന്റെ വഴിയിലേക്കാണു തിരിഞ്ഞത്‌. നാട്ടിലെത്തിയശേഷം പെണ്‍കുട്ടികള്‍ മാത്രമുള്ള ഗേള്‍സ്‌ എന്ന ബാന്‍ഡിലെ അംഗമായി. ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം ലഭിക്കുന്നതും ഗേള്‍സിലൂടെയാണ്‌. ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട്‌ ബല്‍റാം വേഴ്‌സസ്‌ താരാദാസ്‌ എന്ന സിനിമ.യില്‍ 'നീല തടാകങ്ങളോ' പാടി. സിനിമയില്‍ പാട്ടില്ലായിരുന്നെങ്കിലും ഓഡിയോ കേട്ട്‌ ആളുകള്‍ അഭിനന്ദിച്ചിരുന്നു. പിന്നീട്‌ എട്ട്‌ പത്ത്‌ പാട്ടുകള്‍ പാടിയ ശേഷമാണു കാര്യസ്ഥനിലെ മലയാളിപ്പെണ്ണേ പാടിയത്‌. യഥാര്‍ഥത്തില്‍ ആ പാട്ട്‌ പാടേണ്ടിയിരുന്നതു വേറൊരു ഗായികയാണ്‌. കാര്യസ്ഥനിലെ വേറൊരു പാട്ട്‌ പാടാനെത്തിയ ഞാന്‍ മലയാളിപ്പെണ്ണിന്റെ ട്രാക്കാണ്‌ ആദ്യം പാടിയത്‌. പാട്ടു കേട്ട ബേണി ഇഗ്‌നേഷ്യസ്‌ പറഞ്ഞത്‌ ഞാന്‍ പാടിയാല്‍ മതിയെന്നാണ്‌. അങ്ങനെ എന്റെ പാട്ട്‌ ശ്രദ്ധിക്കപ്പെട്ടു. പിന്നീട്‌ ഇതേ ടീം സംഗീതം ചെയ്‌ത ശ്യംഗാരവേലനിലെയും പാട്ട്‌ പാടി.

പാട്ടുകട എന്ന പേരിലുള്ള ബാന്‍ഡിലെ അംഗമാണു ഞാനിപ്പോള്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ സാറിന്റെ സ്റ്റേജ്‌ ഷോകളില്‍ ഞങ്ങളാണു പരിപാടി അവതരിപ്പിക്കുക. പാട്ടുകടയ്‌ക്കു വേണ്ടിയും ചില ആല്‍ബങ്ങള്‍ക്കു വേണ്ടിയും പാട്ടെഴുതാറുണ്ട്‌. ലൈവ്‌ മ്യൂസിക്‌ ബാന്‍ഡുകള്‍ക്കു വേണ്ടി പാടുന്നതു പ്രത്യേക അനുഭവമാണ്‌. കാണികളിലെ എനര്‍ജി നമ്മളിലേക്കുമൊഴുകുന്നതുപോലെ തോന്നും. ഒരു പാട്ടിന്റെ ഈണത്തിലലിയാന്‍ തുടങ്ങവേ ഡെല്‍സി ചിരിയീണമായി. അമേരിക്കന്‍ മലയാളികളുടെ ഗാനക്കൂട്ടുകളിലേക്ക്‌ കയറിനില്‍ക്കാന്‍ തയ്യാറെടുക്കുകയാണ്‌ ഡെല്‍സി. ഈണവും ഭാവവും ഇഴതെറ്റാതെ സമന്വയിപ്പിച്ച്‌ പ്രവാസി മലയാളികളെ ആഹ്ലാദത്തിലാറാടിക്കാന്‍ ഡെല്‍സി തയ്യാറെടുക്കുന്നു.

യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ (യുജിഎം) ജയറാം ഷോയുടെ നാഷണല്‍ സ്‌പോണ്‍സര്‍. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്‌ത എന്റര്‍ടെയ്‌ന്‍മെന്റ്‌ ഗ്രൂപ്പ്‌ ഹെഡ്‌ജ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌സാണ്‌ നടത്തുന്നത്‌. നായര്‍ ബനവലന്റ്‌ അസോസിയേഷന്‍, ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക്‌ കമ്മ്യൂണിറ്റി ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ (ikccny), ക്യൂന്‍സ്‌ സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ ചര്‍ച്ച്‌ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലും ലോങ്‌ ഐലന്‍ഡ്‌ വൈസ്‌മെന്‍സ്‌, ന്യൂയോര്‍ക്ക്‌ ടസ്‌ക്കേഴ്‌സ്‌ ക്രിക്കറ്റ്‌ ക്ലബ്ബ്‌ എന്നിവരുടെ സഹായത്തോടെയും സെപ്‌തംബര്‍ 12 ശനിയാഴ്‌ച വൈകുന്നേരം 5.55 ന്‌ ക്യൂന്‍സിലെ കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ്‌ ഷോ നടക്കുക.

ന്യൂയോര്‍ക്ക്‌ ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
സജി ഹെഡ്‌ജ്‌ ഇവന്റ്‌സ്‌ (516)433-4310
www.hedgeeventsny.com
hedgebrokerage@gmail.com
ജയറാം ഷോയുടെ ഫീമെയില്‍ ലീഡ്‌ സിംഗറായി എത്തുന്നു...ഡെല്‍സി നൈനാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക