Image

വിവാഹം തൃശ്ശൂരില്‍ നടക്കുന്നു (ഓര്‍മ്മക്കുറിപ്പുകള്‍ -5) പ്രൊഫ: എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌ (തയ്യാറാക്കിയത്‌ സുധീര്‍പണിക്കവീട്ടില്‍

Published on 31 August, 2015
വിവാഹം തൃശ്ശൂരില്‍ നടക്കുന്നു (ഓര്‍മ്മക്കുറിപ്പുകള്‍ -5) പ്രൊഫ: എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌ (തയ്യാറാക്കിയത്‌ സുധീര്‍പണിക്കവീട്ടില്‍
ചെറിയ വയസ്സില്‍ ഒരു പ്രൊഫസ്സര്‍ പദവി കിട്ടിയതിന്റെ സന്തോഷത്തില്‍ എന്റെ മദ്രാസ്സ്‌ ജീവിതം സുഖകരമായി മുന്നോട്ട്‌ നീങ്ങി. എന്റെ യൗവ്വനം പ്രേമാഭിലാഷങ്ങള്‍ക്ക്‌ വശംവദയാകാന്‍ കൊതിച്ചിരുന്നെങ്കിലും വിവാഹാനുമതിയും ആ ചടങ്ങുകളും മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ വേണമെന്ന്‌ ഞാന്‍ വിശ്വസിച്ചിരുന്നു. അന്നത്തെ പൊതു സംസാരശൈലിയില്‍ ഞാനൊരു യോഗ്യനായ അവിവാഹിതനായിരുന്നു. (Eligible Bachelor).

അന്ന്‌ വടക്കെ ഇന്ത്യയില്‍നിന്നും അവധിക്ക്‌ വരുന്നവര്‍ എന്നോട്‌ പറഞ്ഞിരുന്ന ഒരു കാര്യമാണ്‌ മലയാളികളെ ഒന്നടങ്കം ഉത്തരേന്ത്യക്കാര്‍ `മദ്രാസ്സി' എന്നാണു വിളിക്കുന്നത്‌ എന്നു്‌. അന്ന്‌ മദ്രാസ്സിന്റെ പേരു`ചെന്നൈ'' എന്നായിരുന്നെങ്കില്‍ നമ്മള്‍ എല്ലാവരും വടക്കെ ഇന്ത്യക്കാര്‍ക്ക്‌ ചെന്നായ്‌ക്കളാകുമായിരുന്നു എന്ന്‌ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ഇക്കാലത്ത്‌ ഗള്‍ഫില്‍ പോകുന്നപോലെ മലയാളികളെല്ലാം ഉപജീവനാര്‍ത്ഥം മദ്രാസ്സിലേക്ക്‌ പോയിരുന്നത്‌കൊണ്ടാകാം ഒരു പക്ഷെ വടക്കെ ഇന്ത്യകാരില്‍ അങ്ങനെ ഒരു ആശയം ഉദിച്ചത്‌. മദ്രാസ്സ്‌ പട്ടണം അന്ന്‌ അവിടെയെത്തുന്നവര്‍ക്ക്‌ എന്തെങ്കിലും ജോലി നല്‍കിയിരുന്നു.ധാരാളം മോട്ടോര്‍ കാര്‍ കമ്പനികള്‍ ഉണ്ടായിരുന്നത്‌കൊണ്ട്‌ മദ്രാസ്സിനെ ഇന്ത്യയിലെ ഡെട്രോയിറ്റ്‌ (Detrioit of India
)എന്ന്‌ വിളിച്ചിരുന്നു. ലോകത്തില്‍ ചുറ്റിക്കറങ്ങാനുള്ള 52 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയ ന്യൂയോര്‍ക്ക്‌ ടൈംസ്‌ അതിലൊന്നായി മദ്രാസ്സിനെ (ഇന്നത്തെ ചെന്നൈ) ചേര്‍ത്തിയിരുന്നു, അതെ സമയം ബി.ബി.സി. കാര്‍ നടത്തിയ ഒരു സര്‍വ്വെയില്‍ മദ്രാസ്സിനെ ഏറ്റവും ചൂടുള്ള നഗരം എന്നും വിശേഷിപ്പിക്കുന്നുണ്ട്‌. ഇംഗ്ലീഷ്‌ മാസം മേയ്‌ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടം മദ്രാസ്സില്‍ ഏറ്റവും ചൂട്‌ അനുഭവപ്പെടുന്നു. ആ മാസത്തെ അഗ്നിനക്ഷത്രം അല്ലെങ്കില്‍ കത്തിരിവെയില്‍ എന്നാണ്‌ അവിടത്ത്‌കാര്‍പറയുന്നത്‌.

എന്റെ യൗവ്വനകാല ജീവിതത്തില്‍ മദ്രാസ്സ്‌ നഗരം വളരെശാന്തവും, സൗമ്യരായ ജനങ്ങളും നിറഞ്ഞതായിരുന്നു. മലയാളിയെപോലെ തമിഴനു അഹങ്കാരവും, കുന്നായ്‌മയും ഒന്നുമില്ല. മദ്രാസ്സ്‌ എന്ന പേരുവരാന്‍ പല കഥകളും കേട്ടിട്ടുള്ളത്‌ വായനകാരുമായി ഞാന്‍ പങ്കിടുന്നു. ബ്രിട്ടീഷ്‌കാര്‍വരുന്നതിനുമുമ്പ്‌ മദ്രാസ്സ്‌ എന്ന്‌പേരു നിലവിലിരുന്നത്രെ. പതിനാറാം നൂറ്റാണ്ടില്‍ വന്ന പോര്‍ച്ചുഗീസ്സുകാര്‍ ദൈവമാതാവ്‌ (Madre de Deus) എന്നര്‍ത്ഥത്തില്‍ മദ്രാസ്സ്‌ എന്ന്‌ വിളിച്ചു. മുസ്ലീം പാഠശാലകള്‍ മദ്രസ്സ എന്ന പേരിലറിയപ്പെട്ടിരുന്നത്‌കൊണ്ട്‌ അത്തരം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥലം എന്ന പേരിലും മദ്രാസ്സ്‌ എന്ന്‌വിളിച്ചുപോുന്നുവെന്നും വിശ്വസിക്കുന്നു. സംസ്‌കൃതഭാഷയിലെ മധുര-രസം (തേന്‍) എന്ന വാക്ക്‌ മദ്രാസ്സ്‌ എന്ന്‌ രൂപാന്തരപ്പെട്ടുവെന്നും ചിലര്‍വിശ്വസിക്കുന്നു. ഇപ്പോള്‍ ആ സംസ്‌ഥാനം ചെന്നൈ എന്ന പേരിലാണു അറിയപ്പെടുന്നത്‌. ആ പേരുവന്നത്‌ അവിടെയുള്ള ചെന്നകേശവപെരുമാള്‍ അമ്പലം ഉള്ളത്‌കൊണ്ടത്രെ. തമിഴില്‍ ചെന്നൈ എന്നാല്‍ മുഖം.അമ്പലത്തിനെ നഗരത്തിന്റെ മുഖമായി കണക്കാക്കി ചെന്നൈ എന്ന പേരുസ്വീകരിച്ചതായിരിക്കും.

സാഹിത്യത്തോടുള്ളതാല്‍പ്പര്യവും ഒരു എഴുത്തുകാരനായി ഞാന്‍ പൂര്‍ണ്ണമായിപരിണമിച്ചതും മദ്രാസ്‌ ജീവിതകാലത്തായത്‌കൊണ്ട്‌ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വളരെ കൗതുകത്തോടെ ഞാന്‍ അന്വേഷിച്ച്‌ നടന്നിരുന്നു. അന്നു കൂടുതലും മലയാളത്തില്‍ എഴുതിയിരുന്ന ഞാന്‍ അമേരിക്കയില്‍ വന്നപ്പോള്‍ ഇംഗ്ലീഷില്‍ എഴുതാന്‍ തുടങ്ങി.ന്യൂയോര്‍ക്കില്‍ ഞാന്‍ എത്തിച്ചേരാനുള്ള സാഹചര്യം താഴെ വിവരിക്കുന്നുണ്ട്‌. അന്ന്‌ ന്യൂയോര്‍ക്കില്‍ നിന്നിറങ്ങിയിരുന്ന `ഇന്ത്യമോണിട്ടര്‍' എന്ന ഇംഗ്ലീഷ്‌ മാസികയില്‍ ഒരു കോളം എഴുതാന്‍ അതിന്റെ പത്രാധിപര്‍ എന്നെ ക്ഷണിച്ചു. `പരിഭവങ്ങളില്ലാതെ'' എന്ന്‌ മൊഴിമാറ്റം ചെയ്യാവുന്ന, (No axe to grind) എന്ന ഒരു കോളം ഞാന്‍ ഡോക്‌ടര്‍ നിര്‍മ്മല്‍ കുമാര്‍ എന്ന പേരില്‍ തുടര്‍ച്ചയായി എഴുതി. മാദ്ധ്യമം ഇംഗ്ലീഷായത്‌ കൊണ്ട്‌ധാരാളം വായനക്കാര്‍ അതിനുണ്ടായി. ഒരു പക്ഷെവായനക്കാര്‍ ആ പംക്‌തിയോട്‌ കാണിച്ച അഭിരുചിയും, അംഗീകാരവും പത്രാധിപരുടെ ദ്രുഷ്‌ടിയില്‍ എന്നെ ഒരു പ്രമുഖ എഴുത്തുകാരനായി കാണാന്‍ അവസരമുണ്ടാക്കി. അദ്ദേഹം ധൈര്യപൂര്‍വ്വം `പത്രാധിപക്കുറിപ്പുകള്‍ എഴുതാനുള്ള ചുമതല എന്നെ ഏല്‍പ്പിക്ലു.അങ്ങനെ ഞാന്‍ ഒരു ഇംഗ്ലീഷ്‌ എഴുത്തുകാരനുമായി.നല്ല എഴുത്തുകാരനായത്‌കൊണ്ടായിരിക്കാം എന്റെ ലേഖനങ്ങള്‍ എനിക്ക്‌ മിത്രങ്ങളേയും ശത്രുക്കളേയും നേടിതന്നു. മലയാളത്തിലും എഴുത്ത്‌തുടര്‍ന്ന്‌ കൊണ്ടിരുന്നു. എന്നാല്‍ ഇന്നത്തെപോലെ അന്ന്‌ മലയാള പ്രസിദ്ധീകര്‍ണങ്ങള്‍ ഇല്ലായിരുന്നു. നാട്ടില്‍നിന്നും ഒരു മലയാള പ്രസിദ്ധീകരണം ഇവിടെ എത്തുന്നത്‌ വളരെവൈകിയായിരുന്നു. മാത്രുരാജ്യവും മാത്രുഭാഷയും അകലെയെങ്കിലും മനസ്സ്‌കൊണ്ട്‌ ഞാന്‍ അവരൊട്‌ വളരെ അടുത്തായിരുന്നു.

നാട്ടില്‍ അവധിക്ക്‌ വരുമ്പോള്‍ എനിക്കായി കല്യാണാലോചനകളുമായി വിവാഹദല്ലാള്‍മാര്‍ വീട്ടില്‍വന്നുകൊണ്ടിരുന്നു. അന്ന്‌പെണ്ണ്‌ കാണല്‍ എന്ന ഒരു ചടങ്ങിന്റെ പേരും പറഞ്ഞ്‌ അവിവാഹിതരായ യുവാക്കള്‍ പെണ്‍ക്കുട്ടികളുടെ വീടുതോറും വിവാഹദല്ലാളന്മാരുമായി കയറിയിറങ്ങിയിരുന്നു. പൊന്നും പണവും പറഞ്ഞുറപ്പിക്കുന്ന ഒരു കച്ചവടമായിട്ടാണു്‌ അതിനെ ഞാന്‍ കണ്ടിരുന്നത്‌. അത്‌ കൂടാതെ പെണ്‍ക്കുട്ടികയുടെ വീട്ടുകാര്‍നല്‍കുന്ന ചായസല്‍ക്കാരങ്ങളും വിവാഹദല്ലാളന്മാര്‍ക്കും മിക്ക യുവാക്കള്‍ക്കും ഒരു ആകര്‍ഷണമായിരുന്നു. അങ്ങനെനാട്‌ നീളെ പെണ്‍ക്കുട്ടികളെ കണ്ട്‌നടക്കുന്നത്‌ ശരിയല്ലെന്ന്‌ ഞാന്‍ വിശ്വസിച്ചിരുന്നത്‌കൊണ്ടും സ്‌ത്രീധനം എന്ന ഏര്‍പ്പാര്‍ടിനോട്‌ എനിക്ക്‌ എതിര്‍പ്പുണ്ടായിരുന്നത്‌കൊണ്ടും ദല്ലാളന്മാര്‍നിരാശരായിരുന്നു.

മനുഷ്യന്‍ ഏകനായിരിക്കുന്നത്‌ നല്ലതല്ല ഞാന്‍ അവനു തക്കതായ ഒരു തുണയെ കൊടുക്കുമെന്ന്‌ യഹോവഅരുളി ചെയ്‌തത്‌പോലെ എന്റെവീട്ടുക്കാര്‍ എന്റെ ഏകാന്തത അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്ന്‌ വിശ്വസിക്കുന്നവരായിരുന്നു എന്റെവീട്ടുകാരും ചുറ്റുപാടും.എന്റെ അന്നത്തെ യൗവ്വന തള്ളിച്ചയും ആത്മവിശ്വാസവും മൂലം അവര്‍ ആ വാചകം ദൈവീകമായ ഒരു ഊന്നലോടെ പറയുമ്പോള്‍ ഞാന്‍ പറയും വിവാഹം ത്രുശ്ശൂരില്‍നടക്കുമെന്ന്‌.എന്റെ ആഗ്രഹപ്രകാരമുള്ള ഒരു കൂട്ടുകാരിയെ എത്രയും പെട്ടെന്ന്‌ കണ്ടെത്തണമെന്നുള്ള തീരുമാനത്തിലായിരുന്നു വീട്ടുകാര്‍.നേരത്തെസൂചിപ്പിച്ചപോലെ മദ്രാസ്സിലെ ജോലിയും സാഹിത്യപ്രവര്‍ത്തനവും എനിക്ക്‌ അതിയായ ആനന്ദം പകര്‍ന്നു. ആദം ദൈവത്തോട്‌പറഞ്ഞപോലെ ഞാനും വീട്ടുകാരോട്‌പറഞ്ഞു ഞാന്‍ ഒറ്റക്കാണെങ്കിലും എനിക്ക്‌ ഏകാന്തതയില്ലെന്ന്‌.എന്തുപറഞ്ഞാലും മിന്ന്‌കെട്ടിനുസമയമായി അത്‌കൊണ്ട്‌ അവരെ അനുസരിക്കുക എന്ന ഉപദേശത്തിനു ഞാന്‍ വഴങ്ങി. എനിക്ക്‌ എന്റെമാതാപിതാക്കളും, സഹോദരങ്ങളും വളരെ പ്രിയപ്പെട്ടവരായിരുന്നു. അവരുടെ വാക്കുകള്‍ അക്ഷരം പ്രതി ഞാന്‍ അനുസരിക്കാന്‍തയ്യാറായിരുന്നു.

പ്രതിശ്രുത വധുവുമായിപുറത്ത്‌ പോകാതെ, അവളുമായി ഒരു പ്രേമകാലം ആസ്വദിക്കാതെ ദൈവം കൈ പിടിച്ചുകൊണ്ടു വന്ന വധുവിനെ സ്വീകരിച്ച ആദാമിനെപോലെ എന്റെ സഹോദരിമാരുടെ പരിചയവലയത്തില്‍നിന്ന്‌ അവര്‍ എനിക്ക്‌വേണ്ടികണ്ടെത്തിയ ഇണയെ എനിക്കിഷ്‌ടമായി,ഞാന്‍ സ്വീകരിച്ചു.എനിക്ക്‌ സ്ര്‌തീധനം വേണ്ട എന്നാല്‍ നല്ല വിദ്യാഭ്യാസമുള്ളപെണ്‍ക്കുട്ടിയായാല്‍ മതിയെന്ന എന്റെ അഭിപ്രായം മാനിച്ച്‌ അവര്‍ എനിക്ക്‌വേണ്ടി കണ്ടുവച്ചത്‌പഠിത്തത്തില്‍ അതീവസാമര്‍ത്ഥ്യമുള്ള പെണ്‍ക്കുട്ടിയെയായിരുന്നു. അക്കാലത്ത്‌രണ്ട്‌തരം സ്‌ത്രീധനസമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. അതില്‍ ഒന്ന്‌പെണ്‍ക്കുട്ടിയുടെ പിതാവ്‌ പറയും` എന്റെ മകളെ ഞാന്‍ സ്‌നേഹിക്കുന്നു; അത്‌കൊണ്ട്‌ അവളുടെ ജീവിതം തുടങ്ങാന്‍ എന്നാല്‍ കഴിയുന്നത്‌ ഞാന്‍ കൊടുക്കും. ഇത്‌ അഭികാമ്യമായ്‌ ഒന്നാണു്‌. എന്നാല്‍ എന്റെ മകന്‍ വിദ്യാഭ്യാസയോഗ്യതകളും, ജോലിയുമുള്ളയാളാണു്‌. അവനു ഇത്ര പവന്‍, ഇത്ര രൂപ സ്ര്‌തീധനം കിട്ടണമെന്ന അവകാശപ്പെടല്‍.വളരെനീചമായ ഒരു ഏര്‍പ്പാടാണു്‌. ഞാന്‍ ഈ രണ്ട്‌തരം കൊടുക്കല്‍വാങ്ങലിലും വിശ്വസിച്ചിരുന്നില്ല.

എനിക്ക്‌വേണ്ടി എന്റെസഹോദരിമാര്‍ കണ്ടെത്തിയത്‌ കുടുംബപരമായി അറിവുള്ള ഒരു പെണ്‍ക്കുട്ടിയെയാണു്‌. അവരുടെ പിതാവ്‌ സെന്റ്‌തോമസ്‌ കോളേജില്‍ പ്രൊഫസ്സാറായിരുന്നു. ഞാന്‍ അവിടെ പഠിക്കുമ്പോള്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്‌. അദ്ദേഹം പിന്നെ ദല്‍ഹി യൂണിവേഴിസിറ്റിയില്‍ പ്രൊഫസ്സാറായി സ്‌ഥലമാറ്റം കിട്ടിപോയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തെ അനുഗമിച്ചു. എന്റെ ജീവിതസഖിയായി വന്നത്‌ അദ്ദേഹത്തിന്റെ മകളായ തേരേസ തേറാട്ടില്‍ എന്ന പെണ്‍ക്കുട്ടിയായിരുന്നു. അമ്മിണി എന്ന ്‌സ്‌നേഹപൂര്‍വ്വം വീട്ടില്‍വിളിക്കുന്ന അവര്‍ ബുദ്ധിമതിയും, സ്‌നേഹസമ്പന്നയുമായ ഒരു കൂട്ടുകാരിയാണെന്ന്‌ എനിക്ക്‌ ബോദ്ധ്യമായി. വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ അവരെ മിന്ന്‌കെട്ടിപള്ളിയില്‍ നിന്നിറങ്ങിവന്നപ്പോള്‍ രണ്ട്‌പേരിലുംഉളവായ ആ ആനന്ദം എന്നും ജീവിതത്തില്‍ നിറയ്‌ക്കാന്‍ ഞങ്ങള്‍ക്ക്‌ രണ്ട്‌പേര്‍ക്കും കഴിഞ്ഞു. ദൈവകാരുണ്യത്താല്‍ സുദീര്‍ഘമായ ദാമ്പത്യം പരസ്‌പരസ്‌നേഹ-ബഹമാനങ്ങളാല്‍ ഞങ്ങള്‍പടുത്തുയര്‍ത്തി.അമ്മിണിയില്ലാത്ത എന്റെ ജീവിതം അപൂര്‍ണ്ണമാണെന്ന ്‌പറയുന്നതില്‍ എനിക്ക്‌തീരെ സങ്കോചമില്ല. കുഞ്ഞ്‌വയസ്സില്‍ ദെല്‍ഹിയില്‍ താമസം ആരംഭിച്ച അമ്മിണി കാതോലിക്കാ വിശ്വാസത്തില്‍ എന്നും അടിയുറച്ചു നിന്നു.വിവാഹത്തെകുറിച്ചുള്ള അവരുടെ സങ്കല്‍പ്പങ്ങളിലും കാതോലിക്കവിശ്വാസിയായ ഒരു ഭര്‍ത്താവിനെവേണമെന്ന്‌ അവര്‍ മനസ്സ്‌കൊണ്ട്‌ കര്‍ത്താവിനോട്‌ പ്രാര്‍ത്ഥിച്ചിരുന്നു. അമ്മിണിവളരെ ദൈവവിശ്വാസിയായ ഒരു സാധ്വിയാണ്‌. അവരുടെ വിശ്വാസങ്ങള്‍ക്കൊപ്പം ഉയരാന്‍ എനിക്ക്‌പലപ്പോഴും സാധിച്ചിട്ടില്ലെങ്കിലും അവര്‍ ഒരിക്കലും അതെക്കുറിച്ച്‌ ചോദിച്ചിട്ടില്ല .`ഇല്ല'' എന്ന വാക്ക്‌ അവരുടെ നിഘണ്ടുവില്‍ ഇല്ല .ഒരു പക്ഷെ എനിക്ക്‌ ഒരു കുറവുമില്ലെന്ന്‌ എനിക്ക്‌തോന്നുന്നതും അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നതും സ്‌നേഹസ്വരൂപിണിയായ എന്റെ പ്രിയതമയുടെ സ്‌നേഹാദരങ്ങള്‍ എന്നില്‍ നിര്‍ലോഭം ചൊരിയുന്നത്‌കൊണ്ടാകാം.

അമ്മിണിയുടെ ക്ഷമാശീലവും, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.കുര്‍ബ്ബാനകള്‍ കൈക്കൊള്ളാത്ത ഞായറാഴ്‌ച്‌കള്‍ അമ്മിണിക്കില്ല. ഇപ്പോള്‍ വാര്‍ദ്ധക്യദശയിലെത്തിയിട്ടും പള്ളിയില്‍ പോകുന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ല. അമ്മിണിയുടെ ഭക്‌തിയും പ്രാര്‍ഥനകളും തുടരുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ അലസനായി പള്ളിയില്‍ കൂടെ പോകാതിരുന്നിട്ടുണ്ട്‌. എന്നാല്‍ അവള്‍ക്ക്‌ പരിഭവമില്ല. അങ്ങനെയുള്ളസന്ദര്‍ഭത്തില്‍ ഒരു എഴുത്തുകാരന്റെ കുസ്രുതിയോടെ ഞാന്‍ പറയാറുണ്ട്‌.,പണ്ടൊക്കെ നമ്മള്‍ ഒരു കുടക്കീഴില്‍പള്ളിയില്‍പോയിട്ടുണ്ടല്ലോ എന്ന്‌, അത്‌കൊണ്ട്‌ ഇപ്പോള്‍പോയില്ലെങ്കിലും കുഴപ്പമില്ലെന്ന്‌.

ദൈവത്തിലര്‍പ്പിതമായ മനസ്സോടെ നന്മകള്‍ചെയ്‌ത്‌ ജീവിതം സഫലമാക്കുക എന്ന ഉല്‍ക്രുഷ്‌ടമായ ആശയമാണ്‌ അമ്മിണി ഇഷ്‌ടപ്പെടുന്നത്‌.ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയലേഖനസമാഹാരങ്ങള്‍ പുസ്‌ത്‌കമാക്കിപ്രസിദ്ധീകരിക്കാനുള്ളപ്രാരംഭനടപടികളിലാണ്‌ ഇപ്പോള്‍ അമ്മിണി.ഈ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ആശയവും അമ്മിണിയുടേത്‌ തന്നെ.ഒരു പക്ഷെ എന്നെ ഒരു അമേരിക്കന്‍ പൗരനാക്കിയത്‌ അമ്മിണിതന്നെയെന്നു ഞാന്‍ വിശ്വസിക്കുന്നു.പഠിത്തത്തില്‍ വളരെമിടുക്കും മികവും കാട്ടിയ പ്രൊഫസ്സറുടെ പുത്രിയായ ഈ പെണ്‍ക്കുട്ടിക്ക്‌ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍പഠിക്കാന്‍ ഒരു ഫുല്‍ബ്രൈറ്റ്‌സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുന്നു. പഠനത്തിനു, ഗവേഷണത്തിനു, സ്വന്തം കഴിവുകള്‍പ്രകടമാക്കുന്നതിനുസെനറ്റര്‍ ജെയിംസ്‌ വില്യം ഫുള്‍ബ്രൈറ്റ്‌ 1946 ല്‍ ഏര്‍പ്പെടുത്തിയ ഈ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ച ഇവര്‍ വിവാഹശേഷം അമേരിക്കയിലേക്ക്‌പറന്നു. ഈ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചവരില്‍ അമ്പത്തിമൂന്നുപേര്‍ക്ക്‌ നോബല്‍ സമ്മാനവും, എഴുപത്തിയെട്ട്‌പേര്‍ക്ക്‌ പുലിസ്‌റ്റര്‍ സമ്മാനവും ലഭിച്ചിട്ടുണ്ടെന്ന ്‌വായനക്കാര്‍ക്കറിയാമല്ലോ.യുദ്ധത്തില്‍ നമ്മള്‍ക്ക്‌ ഒരുമിച്ച്‌ മരിക്കാന്‍ കഴിയില്ലെങ്കില്‍, സമാധാനത്തോടെ ഒരുമിച്ച്‌ ജീവിക്കാന്‍ നമ്മള്‍ പഠിക്കണമെന്നാണു അമേരിക്കന്‍ പ്രസിഡണ്ട്‌ ഹാരിട്രുമാന്‍ പ്രസ്‌തുത പ്രോഗ്രാം അംഗീകരിച്ചപ്പോള്‍പറഞ്ഞത്‌. ഈ അന്തര്‍ദ്ദേശീയവിദ്യഭ്യാസപ്രോഗ്രാമിലൂടെ ലോകരാഷ്‌ട്രങ്ങളിലെവ്യക്‌തികളും പ്രസ്‌ഥാനങ്ങളും തമ്മില്‍ സമാധാനവും, പരസ്‌പരധാരണയും ഉറപ്പിക്കാന്‍ കഴിയുമെന്ന്‌ ഇത്‌ ഏര്‍പ്പെടുത്തിയവര്‍ വിശ്വസിച്ചിരുന്നു.വധുവിദ്യാര്‍ത്ഥിനിയായി പോയത്‌കൊണ്ട്‌ അവരുടെ ഒപ്പം എനിക്ക്‌ അപ്പോള്‍ പോകാന്‍സാധിച്ചില്ല.പിന്നീട്‌ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ്‌ എനിക്ക്‌ അമേരിക്കയിലേക്ക്‌ വരാന്‍ കഴിഞ്ഞു. ഞങ്ങളുടെ വിവാഹജീവിതം തുടങ്ങുന്നത്‌ അമേരിക്കന്‍ മണ്ണില്‍നിന്നാണു്‌. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കുണ്ടായി എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക്‌ ഒരു ആണ്‍ക്കുട്ടിയും, രണ്ടുപെണ്‍ക്കുട്ടികളും പിറന്നു. അവര്‍ വിദ്യാഭ്യാസം നേടി. വിവാഹിതരായി. മൂന്നുപേരക്കുട്ടികളെ ഞങ്ങള്‍ക്ക്‌ കിട്ടി.

അമ്മിണിയെ സംബന്ധിച്ചേടത്തോളം അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസം അറിവിന്റെ പുതിയപന്ഥാവുകള്‍ തുറക്കുന്നതായിരുന്നു. അവര്‍ ഉന്നതബിരുദങ്ങള്‍ നേടി. മുപ്പത്തിയഞ്ച ്‌വര്‍ഷത്തോളം ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസ്സറായി സേവനമനുഷ്‌ഠിച്ചു. അറിവ്‌ പകരുക എന്ന ദിവ്യമായസേവനം തുടരണമെന്നാശില്ല അവര്‍ അടുത്തൂണ്‍ പറ്റിയതിനുശേഷവും അവരുടെ അദ്ധ്യാപക വ്രുത്തിയില്‍ വ്യാപ്രുതയായിരുന്നു.ജോലിയില്‍നിന്ന്‌ വിരമിച്ച എല്ലാവരും വിശ്രമ ജീവിതം ആഗ്രഹിക്കുമ്പോള്‍ അമ്മിണി നാലു കമ്യൂണിറ്റി കോളേജുകളില്‍ അസിസ്‌റ്റന്റ്‌ പ്രൊഫസ്സായി സേവനമനുഷ്‌ഠിച്ചു. അതില്‍നിന്നും വിരമിച്ചതിനുശേഷം രണ്ട്‌ ദേവാലയങ്ങളിലും കേരള സെന്ററിലും സൗജന്യമായി അവര്‍ അദ്ധ്യാപനസേവനം തുടരുന്നു. സ്‌നേഹം എന്ന നിധിയൂം കൊണ്ട്‌ വന്ന ശ്രീ യേശുദേവന്റെ വചനങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുക എന്ന ഉദാത്ത സങ്കല്‍പ്പത്തിന്റെ സാക്ഷാത്‌കാരമാണു്‌ അമ്മിണിയുടെ ജീവിതം.

അറിവിലൂടെ വിജയങ്ങള്‍ നേടുക അത്‌വഴി ജീവിതം അര്‍ത്ഥസമ്പുഷ്‌ടമാക്കുക എന്നൊക്കെ അമ്മിണി വിദ്യാഭ്യാസ കാലത്ത്‌ ചിന്തിച്ചിരിക്കണം. പഠനത്തില്‍നേടിയ അസൂയാര്‍ഹമായ വിജയത്തിലൂടെ അവര്‍ക്ക്‌ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞു. അമേരിക്കയുടെ സൗഭാഗ്യങ്ങളില്‍ പങ്ക്‌ചേരുമ്പോള്‍ ഞാന്‍ ദൈവത്തിനുനന്ദിയര്‍പ്പിക്കുമ്പോള്‍ ഒപ്പം അമ്മിണിയ്‌ക്കും സ്‌നേഹപൂര്‍വ്വമായ നന്ദികള്‍ അര്‍പ്പിക്കുന്നു. നിശ്‌ചയദാര്‍ഢ്യത്തോടെ പരിശ്രമിക്കുന്നവര്‍ക്ക്‌ വിജയമുണ്ടെന്ന്‌ അമ്മിണിയുടെ ജീവിതം ഉദാഹരണമായി ഞാന്‍ കാണുന്നു.വിദ്യാധനം സര്‍വ്വ ധനാല്‍ പ്രധാനമെന്ന്‌ കുട്ടികളെ പഠിപ്പിക്കുന്ന അമ്മിണി അവര്‍ക്ക്‌ വിദ്യപകരുന്നത ്‌ദൈവീകമായ ഒരു നിയോഗമാണെന്ന്‌ വിശ്വസിക്കുന്നു. എന്റെ ജീവിതം സ്‌നേഹസുരഭിലവും, അനുഗ്രഹപൂര്‍ണ്ണവുമാക്കിയ അമ്മിണി തുടര്‍ന്നുള്ള എന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ സ്വാഭാവികമായും കടന്നുവരും. എന്റെ ന്യൂയോര്‍ക്ക്‌ ജീവിതത്തെക്കുറിച്ചായിരിക്കുമിനിയും എന്റെ ഓര്‍മ്മകള്‍ വട്ടമിടുന്നത്‌.

(തുടരും)
വിവാഹം തൃശ്ശൂരില്‍ നടക്കുന്നു (ഓര്‍മ്മക്കുറിപ്പുകള്‍ -5) പ്രൊഫ: എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌ (തയ്യാറാക്കിയത്‌ സുധീര്‍പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക