Image

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ മുതല്‍

Published on 12 January, 2012
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം നാളെ മുതല്‍
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനു നാളെ  പതാക ഉയരും. 26 വര്‍ഷത്തിനു ശേഷം പയ്യന്നൂര്‍ ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിന്റെ റിഹേഴ്‌സലായാണ് ജില്ലാ സമ്മേളനം വിശേഷിപ്പിക്കപ്പെടുന്നത്.

നിരവധി കര്‍ഷക മുന്നേറ്റങ്ങളും സമരപരമ്പരകള്‍ക്കും വേദിയായിട്ടുള്ള പയ്യന്നൂര്‍ സിപിഎം  കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനു ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ചെറു സംഘങ്ങളായി വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ വിളംബരജാഥകള്‍ പയ്യന്നൂര്‍ നഗരത്തില്‍ നടക്കുന്നുണ്ട്. ഇരുപത്തിയാറ് വര്‍ഷം മുന്‍പ് സമ്മേളനത്തിനു ആതിഥേയത്വം വഹിച്ച വേദിയില്‍ തന്നെയാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കും.

ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സംഭവം,കണ്ടല്‍ പാര്‍ക്ക് വിവാദം, തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി, പരിയാരം സീറ്റ് വിവാദം, മുന്‍ എംഎല്‍എ സി.കെ.പി. പത്മനാഭനെ സംസ്ഥാന സമിതിയില്‍ നിന്ന് തരം താഴ്ത്തിയ സംഭവം, എ.പി. അബ്ദുല്ലകുട്ടിയെ വിസ്മയപാര്‍ക്കിന്റെ ചടങ്ങിനു ക്ഷണിച്ച സംഭവം  തുടങ്ങിയ നിരവധി വിഷയങ്ങള്‍ പാര്‍ട്ടിയ്ക്കു മുന്നിലുണ്ട്. ഔദ്യോഗിക പക്ഷത്തിനു കനത്ത ഭൂരിപക്ഷമുള്ള ജില്ലയില്‍ നിലവിലെ സെക്രട്ടറി പി.ജയരാജന്‍ തന്നെ തുടരാനാണ് സാധ്യത. മുന്നൂറ്റി എഴുപത്തിയഞ്ച് പ്രതിനിധികളും നാല്‍പ്പത്തി രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക