Image

തെരഞ്ഞെടുപ്പ് ഫണ്ട്: ഒബാമയ്ക്ക് നേട്ടം(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 12 January, 2012
തെരഞ്ഞെടുപ്പ് ഫണ്ട്: ഒബാമയ്ക്ക് നേട്ടം(അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്ടണ്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫണ്ട് ശേഖരണത്തില്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് മികച്ച മുന്നേറ്റം. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്നു മാസത്തില്‍ 68 മില്യണ്‍ ഡോളറാണ് ഒബാമയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി ഡമോക്രാറ്റിക് പാര്‍ട്ടി ശേഖരിച്ചത്. 60 മില്യണ്‍ ഡോളര്‍ ലക്ഷ്യം വെച്ച സ്ഥാനത്താണിത്. ഇതുള്‍പ്പെടെ ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി 220 മില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് ഫണ്ടായി ആകെ സ്വരൂപിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മുന്‍നിരയിലുളള്ള മിറ്റ് റോംനി ഡിസംബര്‍ 31വരെ 56 മില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വരൂപിച്ചിട്ടുണ്ട്. 2008ിലെ തെരഞ്ഞെടുപ്പില്‍ 750 മില്യണ്‍ ഡോളറാണ് ഒബാമ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വരൂപിച്ചത്. ഇത്തവണ ഇത് ഒരു ബില്യണ്‍ ഡോളറാക്കാനാണ് ഒബാമ ക്യാമ്പ് ശ്രമിക്കുന്നത്.

ഇന്ത്യക്കാരനെതിരായ ആക്രമണം: സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ അപലപിച്ചു

സാന്‍ജോസ്: കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ഇന്ത്യന്‍ വംശജനെതിരായ വംശീയ ആക്രമണത്തെ സൗത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ(എസ്എന്‍ബിഎ-എന്‍സി) അപലപിച്ചു. നിരപരാധികളായ മനുഷ്യര്‍ ഇത്തരത്തില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് എസ്എന്‍ബിഎ-എന്‍സി കോ പ്രസിഡന്റ് ഷാമിനി ബാബു പറഞ്ഞു. നവംബര്‍ 21നാണ് സാന്‍ജോസില്‍ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യന്‍ വംശജനായ അതുല്‍ ലാള്‍ അക്രമിക്കപ്പെട്ടത്. അംഗവൈകല്യമുള്ള ലാളിനെ മൂന്ന് പേരടങ്ങുന്ന സംഘം ക്രൂരമായി അക്രമിക്കുകയും വംശീയമായി അധിക്ഷേപിക്കുകയുമായിരുന്നു. സംഭവത്തെ ഹിന്ദു അമേരിക്കന്‍ ഫൗണ്‌ടേഷനും ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യക്കാരന്‍ വംശീയമായി ആക്രമിക്കപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്‌ടേഷന്‍ കാലിഫോര്‍ണിയ ഡയറക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സമീര്‍ കാല്‍ര പ്രതികരിച്ചു. വംശീയ അധിക്ഷേപത്തിന് കേസെടുത്താണ് സംഭവം അന്വേഷിക്കുന്നതെന്ന് സാന്‍ജോസ് പോലീസ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ആക്ഷേപമുണ്ട്. അക്രമണത്തില്‍ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ലാള്‍ ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും ഇപ്പോഴും പൂര്‍ണ ആരോഗ്യം വീണ്‌ടെടുത്തിട്ടില്ല. ഇത്തരത്തില്‍ വംശീയാക്രമണങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 1-88899 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് എസ്എന്‍ബിഎ-എന്‍സി അറിയിച്ചിട്ടുണ്ട്. അതുല്‍ ലാളിനെ അക്രമിച്ചവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 408-277-4161 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് സാന്‍ജോസ് പോലീസും അറിയിച്ചിട്ടുണ്ട്. അതുല്‍ ലാളിന്റെ ചികിത്സാ സഹായനിധിയിലേക്ക് സംഭാവന ചെയ്യാന്‍ അഗ്രഹിക്കുന്നവര്‍ വെല്‍സ് ഫാര്‍ഗോ ബാങ്കിലെ അതുല്‍ ലാള്‍ ഫണ്ടില്‍ പണം നിക്ഷേപിക്കണം.

ഇന്ത്യയുമായി ശക്തമായ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നു: പെന്റഗണ്‍

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള കരുത്തുറ്റ ബന്ധം തുടരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ്. ഇന്ത്യന്‍ സൈന്യവുമായി ശക്തമായ ബന്ധത്തില്‍ തുടരാന്‍ കഴിയുമെന്നു കരുതുന്നതായി യുഎസ് പ്രതിരോധമന്ത്രാലയം പെന്റഗണിന്റെ വക്താവ് ജോണ്‍ കിര്‍ബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകമെമ്പാടും വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കയാണ്. അഫ്ഗാനിസ്ഥാനിലെ വിവിധ വിഷയങ്ങളില്‍ കാര്യക്ഷമമായ ഇടപെടലാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. അത് തുടരണമെന്നാണ് യുഎസിന്റെ ആഗ്രഹം. ദക്ഷിണ, മധ്യേഷ്യന്‍ മേഖലകളിലെ സ്ഥിതിഗതികളില്‍ ഇന്ത്യ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. ഈ സഹകരണം തുടര്‍ന്നുകൊണ്ടു പോകുവാന്‍ യുഎസ് താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താലിബാന്‍കാരുടെ മൃതദേഹങ്ങളില്‍ മൂത്രവിസര്‍ജനം: അന്വേഷിക്കുമെന്ന് യുഎസ്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട താലിബാന്‍കാരുടെ മൃതദേഹങ്ങളില്‍ യുഎസ് സൈനികര്‍ മൂത്രമൊഴിക്കുന്ന വിഡിയോ ദൃശ്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് യുഎസ് നാവിക സേന അറിയിച്ചു. മൂന്ന് താലിബാന്‍കാരുടെ മൃതദേഹങ്ങളില്‍ യുഎസ് സൈനിക യൂണിഫോം ധരിച്ച നാലുപേര്‍ മൂത്രവിസര്‍ജനം നടത്തുന്ന വിഡിയോ യൂട്യൂബ് ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുകയായിരുന്നു. വിഡിയോയുടെ ഉറവിടത്തെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ ഇതുവരെ സ്ഥിരീകരണം നടത്താനായിട്ടില്ലെന്നും നാവിക സേന വ്യക്തമാക്കി.സൈന്യത്തിന്റെ മൂല്യത്തിനു നിരക്കുന്ന പ്രവൃത്തിയല്ല ഇതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു സൈനികരെ വിലയിരുത്തരുതെന്നും സൈന്യം അഭ്യര്‍ഥിച്ചു. പ്രതിരോധ മന്ത്രാലയത്തെ വെട്ടിലാക്കുന്നതാണ് വിഡിയോയെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയും പ്രതികരിച്ചു. വിഡിയോ പോസ്റ്റ് ചെയ്തത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക