Image

ചാക്കോസ്‌ @ 5018 ചെസ്റ്റ്‌നട്ട്‌ അവന്യൂ ഡോട്ട്‌കോം (ജെയിന്‍ ജോസഫ്‌)

Published on 25 August, 2015
ചാക്കോസ്‌ @ 5018 ചെസ്റ്റ്‌നട്ട്‌ അവന്യൂ ഡോട്ട്‌കോം (ജെയിന്‍ ജോസഫ്‌)
Chackos@ 5018ChestnutAvenue.com

ചാക്കോസ്  - ഒരു അമേരിക്കൻ മലയാളി  കുടുംബം 
      ഭർത്താവ് - അനിൽ  ചാക്കോ , സോഫ്റ്റ്‌വെയർ എൻജിനീയർ 
      ഭാര്യ - നീന ചാക്കോ , ഹൌ സ് വൈഫ്‌ 
      മകൾ - ലിയ, പന്ത്രണ്ട്  വയസ്, 
      മകൻ - റോഷൻ , നാലുവയസ് 

പാപത്തിന്റെ വഴികളില്‍ നിന്ന്‌ മാറി നന്മയുടെ വഴികളിലൂടെ സഞ്ചരിക്കുവാന്‍, ഇവിടെ അമേരിക്കയില്‍ വളരുന്ന നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തണം`.

അച്ചന്‍റെ പ്രസംഗം മുപ്പത്തിയഞ്ചു മിനിറ്റ്‌ കഴിഞ്ഞിരിക്കുന്നു. ആദ്യ പതിനഞ്ച്‌ മിനിറ്റില്‍ പറഞ്ഞതൊക്കെ ആവര്‍ത്തിക്കുകയാണിപ്പോള്‍. പത്ത്‌ മിനിറ്റ്‌ കൊണ്ട്‌ പറഞ്ഞു തീര്‍ക്കാവുന്ന കാര്യങ്ങളേയുള്ളു. വലിച്ചു നീട്ടി ഒരു നാല്‍പത്തഞ്ചു മിനിറ്റെങ്കിലും എത്തിച്ചാലേ അച്ചനു തൃപ്‌തി വരികയുള്ളു. വിശ്വാസികളുടെ സഹനശേഷി പരീക്ഷിക്കുന്നതിനും ഒരു പരിധിയില്ലേ?. നീന കണ്ണുതുറന്ന്‌ പിടിച്ചുറങ്ങുകയാണ്‌. പാവം ഒരു മണിക്കൂര്‍ കുര്‍ബാനയ്‌ക്ക്‌ നീളമുള്ള സഭയില്‍ നിന്നാണ്‌ വിവാഹമെന്ന കൂദാശ വഴി ഈ മൂന്നു മണിക്കൂര്‍ കുര്‍ബാനയിലേക്ക്‌ എത്തിപ്പെട്ടത്‌. ഈ സഭയില്‍ ജനിച്ചു വളര്‍ന്ന എനിക്ക്‌ പോലും ഈ മൂന്നുമണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ പറ്റുന്നില്ല. പാവം നീന, അവള്‍ക്ക്‌ പറ്റുന്നപോലെയൊക്കെ പുതിയ ആരാധനക്രമങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

പള്ളിയില്‍ തിങ്ങിനിറഞ്ഞ ഭക്തജനം! പളപള മിന്നുന്ന സാരികള്‍, ചൂരിദാറുകള്‍, ഞായറാഴ്‌ചത്തേക്ക്‌ മാത്രം കോട്ടണിഞ്ഞു വരുന്ന മധ്യവയസ്‌കന്മാര്‍ സ്‌ത്രീജനങ്ങള്‍ക്ക്‌ കൈയിലുള്ള വില കൂടിയ നാടന്‍ വേഷങ്ങള്‍ അണിയാന്‍ കിട്ടുന്ന അവസരങ്ങളാണ്‌ ഈ ഞായറാഴ്‌ചകള്‍. ആണ്‍ പ്രജകള്‍ അവരുടെ ആഡംബര കാറുകള്‍ പാര്‍ക്കിംഗ്‌ ലോട്ടില്‍ പ്രദര്‍ശിപ്പിച്ച്‌ സന്തോഷം കണ്ടെത്തുന്നു.

പ്രസംഗം കഴിഞ്ഞപ്പോഴേക്ക്‌ കുട്ടികള്‍ വേദപാഠം കഴിഞ്ഞ്‌ പള്ളിയിലെത്തി. മലയാളം കുര്‍ബാനയുടെ ഭൂരിഭാഗവും കുട്ടികള്‍ കഥയറിയാതെ ആട്ടം കാണുകയാണ്‌. ചെറുപ്പക്കാരുടെ നിര്‍ബന്ധം കാരണം മാസത്തിലൊര്‌ ഇംഗ്‌ളീഷ്‌ കുര്‍ബാനയുണ്ട്‌. അതും പാട്ടും ഇംഗ്ലീഷ്‌ പ്രസംഗവുമൊക്കെയായി ഒരു ഒന്നര രണ്ടുമണിക്കൂര്‍ എടുക്കും.

കുര്‍ബ്ബാന കഴിഞ്ഞപ്പോഴേയ്‌ക്കും സമയം ഒരു മണി. വിശന്നിട്ട്‌ കൈ വിറയ്‌ക്കുന്നു. പാരിഷ്‌ ഹോളില്‍ നിന്ന്‌ ചിക്കന്‍ കറിയുടെ മണം. ഞായറാഴ്‌ച പള്ളിയില്‍ വരുന്നതിന്‍റെ പ്രധാന ആകര്‍ഷണം ഇതാണ്‌. കുര്‍ബ്ബാന കഴിഞ്ഞ്‌ വിശ്വാസികള്‍ക്കായി അടുത്തുള്ള മലയാളി റെസ്‌റ്റോറന്റില്‍ നിന്ന്‌ കേറ്റര്‍ ചെയ്യുക തനി നാടന്‍ ലഞ്ചുണ്ട്‌.

നീന, വേഗം നടക്ക്‌, അല്ലെങ്കില്‍ ഫുഡിന്റെവിടെ നീണ്ട ലൈനാവും.

`ഹലോ അനില്‍' സാമങ്കിളാണ്‌.

`ഹലോ അങ്കിള്‍, ആന്റിയെവിടെ?'

`ആന്റി ഭക്ഷണം വിളമ്പാന്‍ പോയി. നിങ്ങളെ കഴിഞ്ഞയാഴ്‌ച കണ്ടില്ലല്ലോ? എന്ത്‌പറ്റി? ഈയിടെയായി ഉഴപ്പാണല്ലോ`.

`കഴിഞ്ഞയാഴ്‌ച റോഷന്‌ സുഖമില്ലായിരുന്നു`. ഞാന്‍ പറഞ്ഞ മറുപടി അങ്കിള്‍ കേട്ടതേയില്ല. ഇതൊക്കെ മറുപടി അര്‍ഹിക്കാത്ത ചോദ്യങ്ങളാണ്‌.

`അനിലിന്‌ തോമ്മാച്ചനെ അറിയില്ല?. തോമ്മാച്ചന്‍ ഈയിടെ ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങി. നിങ്ങള്‍ ഈ സമ്മറില്‍ നാട്ടില്‍ പോവുന്നില്ലേ. ടിക്കറ്റ്‌ തോമ്മാച്ചനെടുത്ത്‌ തരും'.

`ഞാനീയിടെ ഓണ്‍ലൈനായിട്ടാണ്‌ ടിക്കറ്റ്‌'

`നീയാ ഡേറ്റങ്ങുകൊടുക്ക്‌, തോമ്മാച്ചന്‍ നമ്മുടെ സ്വന്തം ആളാ'.

`ഇതാ എന്‍റെ കാര്‍ഡ്‌. ഡേറ്റും പാസ്‌പോര്‍ട്ട്‌ കോപ്പിയും ഇമെയില്‍ ചെയ്‌തേരെ. റേറ്റടിച്ച്‌ കയറുവാ കേട്ടോ. വേഗം കണ്‍ഫേം ചെയ്യണം. ആ ഫോണ്‍ നമ്പറൊന്ന്‌ തന്നേര്‌.` തോമ്മാച്ചന്‍ പോക്കറ്റില്‍ നിന്ന്‌ ഫോണെടുത്ത്‌കൊണ്ട്‌ പറഞ്ഞു.

തോമ്മാച്ചാന്‍ തന്‍റെ പുതിയ ഐഫോണ്‍ സിക്‌സില്‍ എന്‍റെ നമ്പര്‍ ഫീഡ്‌ ചെയ്യാന്‍ പതിനഞ്ചു മിനിറ്റെടുത്തു. ആ കാരണം കൊണ്ട്‌ ഭക്ഷണത്തിനുള്ള ലൈനില്‍ ഞാന്‍ നൂറ്റിയറുപതാമതായി. സാമങ്കിളിന്‍റെ പിടിയില്‍ പെടാതെ പാരിഷ്‌ ഹാളിലെത്തിയ നീന ലൈനിന്‍റെ മുമ്പില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. നീന ഭക്ഷണമെടുത്ത്‌ വന്നപ്പോള്‍ ഒരു ഫോര്‍ക്ക്‌ സംഘടിപ്പിച്ച ഞാനും കുടെ കൂടി, ആ ലൈനില്‍ നിന്നാല്‍ താമസിക്കാതെ ഞാന്‍ തല കറങ്ങി വീഴും.

`സാമങ്കിള്‍ പരിചയപ്പെടുത്തിയ ആള്‍ ട്രാവല്‍ ഏജന്റാണ്‌. അയാളുടെ കൈയില്‍ നിന്ന്‌ ടിക്കറ്റെടുക്കേണ്ടി വരും'.

`ശ്ശോ അനി, അയാളുടെ റേറ്റ്‌ ഓണ്‍ലൈനിലും കൂടുതലായിരിക്കും. നമുക്കനുഭവമുള്ളതല്ലേ'.

`ഇനി ഊരാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല. ഏതായാലും ഇന്ന്‌ തന്നെ ആ ഡേറ്റ്‌സൊക്കെ ഒന്ന്‌ തീരുമാനിക്കണം. ഇനി വെയിറ്റ്‌ ചെയ്‌താല്‍ ഓണ്‍ ലൈനിലും റേറ്റ്‌ കൂടും`.

`കണ്ടോ എന്തൊരു സ്‌നേഹം, ഇപ്പോഴും ഒരു പ്ലേറ്റില്‍ നിന്നാണല്ലോ കഴിപ്പ്‌.`റോസിയാന്റിയാണ്‌.

`ങാ നീനമോളെ, നമ്മുടെ വിമന്‍സ്‌ ഫോറത്തിന്‍റെ മീറ്റിംഗ്‌ അടുത്ത ശനിയാഴ്‌ച വൈകിട്ട്‌ ഞങ്ങളുടെ വീട്ടിലാ. വരുമല്ലോ അല്ലേ?`

നീനയുടെ മനസ്സറിയാവുന്ന ഞാന്‍ തന്നെ മറുപടി പറഞ്ഞു.

`അയ്യോ ആന്റി അടുത്ത ശനിയാഴ്‌ച എന്‍റെ കൊളീഗിന്‍റെ വീട്ടില്‍ പാര്‍ട്ടിയുണ്ട്‌.`

പാരിഷ്‌ഹോളിന്‍റെ ഒരു വശത്ത്‌ ഉച്ചത്തില്‍ സംസാരം; ചെറിയ ഉന്തും തള്ളും. പള്ളിയിലെ രണ്ട്‌ പ്രമുഖര്‍ ഒന്ന്‌ കോര്‍ത്തതാണ്‌. റോസിയാന്റി കാര്യം വിശദീകരിച്ചു. പള്ളിയുടെ ഫണ്ട്‌ ശേഖരണാര്‍ത്ഥം നടത്താനുദ്ദേശിക്കുന്ന താരനിശയുടെ റേറ്റ്‌ നിശ്ചയിക്കുന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചയാണത്രേ. ജറുസലേം ദേവാലയത്തില്‍ നിന്ന്‌ കച്ചവടക്കാരെയും, പൊന്‍വാണിഭക്കാരേയും തുരത്തിയോടിച്ച യേശുക്രിസ്‌തുവിന്‍റെ ചിത്രം എന്‍റെ മനസ്സില്‍ തെളിഞ്ഞു.

എന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്ന്‌ വിളിക്കപ്പെടും എന്ന്‌ എഴുതിയിരിയ്‌ക്കുന്നു നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ക്കുന്നു.

ഞായറാഴ്‌ച സമയം അഞ്ചുമണി കുട്ടികളും, റീനോയും ബാക്ക്‌ യാര്‍ഡില്‍ കളിയിലാണ്‌. നീന ഏലയ്‌ക്ക പൊടിച്ചിട്ട ചൂടുചായ രണ്ട്‌ കപ്പുകളിലേയ്‌ക്ക്‌ ഒഴിച്ചു. എന്‍റെ മുന്നില്‍ നിവര്‍ത്തിവെച്ച കലണ്ടര്‍ താളില്‍ ജൂലൈ 2015.

`എനിക്കിപ്രാവശ്യം മാക്‌സിമം രണ്ടാഴ്‌ച, അത്രയേ ലീവ്‌ കിട്ടു. ഒന്നെങ്കില്‍ നമുക്ക്‌ ഒരുമിച്ച്‌ പോവാം. തിരിച്ച്‌ രണ്ടായിട്ട്‌ വരാം. അല്ലെങ്കില്‍ ഒരുമിച്ചു തിരിച്ചുവരാവുന്ന പോലെ ഞാനെത്താം`.

`എനിക്കിപ്രാവശ്യം തന്നെ നില്‍ക്കണമെന്നില്ല. ഞങ്ങളും അനിയുടെ കൂടെ തിരിച്ച്‌ പോന്നാലോ?` നീനയുടെ ചോദ്യം. നാട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാഞ്ഞിട്ടല്ല, ഇതിന്‌ മുമ്പുള്ള യാത്രകളിലെ അനുഭവങ്ങള്‍, യാതനകള്‍ ഒക്കെയാണ്‌ നീനയെ കൊണ്ടിങ്ങനെപറയിക്കുന്നതെന്ന്‌ എനിക്കറിയാം.

`നീനാ ഞാന്‍ പോന്നു കഴിഞ്ഞുള്ള രണ്ടാഴ്‌ച നീയും, കുട്ടികളും നിന്‍റെ ഡാഡിയുടേയും മമ്മിയുടേയും അടുത്ത്‌ നിന്നോ`.

`അനി ഇങ്ങനെയൊക്കെ പറയും, അവിടെ ചെന്നുകഴിയുമ്പോള്‍ ഇതൊന്നും നടപ്പിലാവില്ല. ഞാന്‍ കുട്ടികളേയും, കൊണ്ട്‌ എറണാകുളത്തിന്‌ പോയാല്‍ ഉടനെ അനിയുടെ വിട്ടില്‍ നിന്ന്‌ വിളിവരും. അനിയുടെ ഉപ്പാപ്പാന്‍റെ പശൂ ചത്തു ഉടനെ വരണം എന്നൊക്കെ, പറഞ്ഞു കഴിഞ്ഞ രണ്ട്‌ പ്രാവശ്യം പോയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പാക്ക്‌ചെയ്‌ത്‌ നടന്ന്‌ മടുത്തു ഞാന്‍`.

`നീനാ നീയങ്ങനെ പറയാതെ, കഴിഞ്ഞ പ്രാവശ്യം നീ രണ്ടാഴ്‌ച എറണാകുളത്തെ വീട്ടിലല്ലായിരുന്നോ?`

`ആ രണ്ടാഴ്‌ചയ്‌ക്കിടയ്‌ക്ക്‌ പത്ത്‌പ്രാവശ്യം കോട്ടയത്ത്‌ വരേണ്ടിവന്നകാര്യമാ പറഞ്ഞത്‌`.

`കോട്ടയത്ത്‌ കുട്ടികള്‍ക്കും ബോറടിക്കും, എറണാകുളത്താണെങ്കില്‍ ഡാഡി പിള്ളാരെ ലുലുവില്‍ കൊണ്ടുപോകും, ഒബറോണില്‍ കൊണ്ടുപോവും. കോട്ടയത്ത്‌ ഇന്റര്‍നെറ്റ്‌ സ്ലോയാ`

`നീനാ ഇന്റര്‍നെറ്റൊക്കെ നമുക്ക്‌ ഹൈസ്‌പീഡാക്കാം, നീനയ്‌ക്ക്‌ പപ്പയുടേയും, മമ്മിയുടേയും കാര്യം അിറയാമല്ലോ. അവര്‍ക്ക്‌ ഈ ബുദ്ധിമുട്ടൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. പിന്നെ കുട്ടികള്‍ക്ക്‌എറണാകുളത്ത്‌ നിന്‍റെ വീട്ടില്‍ നില്‍ക്കാനാണിഷ്ടമെന്ന്‌ അവര്‍ക്ക്‌ തോന്നിയാല്‍ പറയുകയും വേണ്ട.

`കഴിഞ്ഞ പ്രാവശ്യം ഒരാഴ്‌ചയോളം നമ്മള്‍ അനിയുടെ ബന്ധുക്കളുടെ വീടുകളിലൊക്കെ വിസിറ്റല്ലായിരുന്നോ? ആ ദിവസങ്ങളൊന്നും കണക്കിലില്ല. കുറച്ചു ദിവസം എന്‍റെ വീട്ടില്‍ നില്‍ക്കുന്നതിനു മാത്രം കൃത്യം കണക്കുണ്ട്‌`.

?Are you guys fighting?"

?No we are not fighting".

? Then why is mom shouting at you?

?I?m not shouting, Okay? We are planning the Indiat rip"

നീന ലിയയെ സമാധാനിപ്പിച്ചു.

?Ok now I get it" ലിയയ്‌ക്ക്‌ കാര്യം പിടികിട്ടിയോ ആവോ?

ഇന്‍ഡ്യയിലെത്തിയിട്ടില്ല. ട്രിപ്‌ പ്ലാന്‍ ചെയ്‌ത്‌ തുടങ്ങിയിട്ടേയുള്ളു. എന്നിട്ടിതാണവസ്ഥ. ഒരു വര്‍ഷത്തെ മുഴുവന്‍ സേവിംഗാണ്‌ ഒരു ഇന്‍ഡ്യ ട്രിപ്പ്‌ കൊണ്ട്‌ ചിലവാകുന്നത്‌, ബാക്കി കടവും. ഒടുവില്‍ നാട്ടിലുള്ള സകലരുടേയും പരാതി മിച്ചം.ആരേയും തെറ്റു പറഞ്ഞിട്ട്‌ കാര്യമില്ല. സ്‌നേഹക്കൂടുതലുകൊണ്ടുള്ള കുഴപ്പമാണ്‌. ആകെയുള്ള രണ്ടോ മൂന്നോ ആഴ്‌ച കേരളത്തിലങ്ങോളമിങ്ങോളം ഉള്ള ബന്ധുഗ്യഹങ്ങളില്‍ കയറി തീരും. കല്യാണമോ വല്ലോം ഉണ്ടെങ്കില്‍ പറയുകയും വേണ്ട.

`നീന ഇതിന്‍റെയൊക്കെ അടിസ്ഥാനപ്രശ്‌നം നാട്ടില്‍ ചെന്നിട്ടുള്ള ദിവസങ്ങളേക്കുറിച്ച്‌ നമുക്ക്‌ വ്യക്തമായ പ്ലാന്‍ ഇല്ലാത്തതാണ്‌. നമുക്ക്‌ ഒരു കാര്യം ചെയ്യാം. കോട്ടയത്ത്‌ എത്രദിവസം, എറണാകുളത്ത്‌ എത്ര ദിവസം ഇതൊക്കെ ദാ ഇപ്പോള്‍ത്തന്നെ നമുക്ക്‌ തീരുമാനിക്കാം. നേരത്തെ നമ്മുടെ പ്ലാന്‍ അറിയിക്കാമെങ്കില്‍ അവര്‍ക്കും സൗകര്യമാവും.

`കലണ്ടര്‍ എടുത്തോ ജൂലൈ പത്ത്‌ വെള്ളിയാഴ്‌ചയല്ലേ. അന്ന്‌ ഇവിടെനിന്ന്‌ തിരിക്കാം. എനിക്ക്‌ ഇരുപത്തിയഞ്ചിന്‌ തിരിച്ച്‌ പോരണം. പിന്നെ രണ്ടാഴ്‌ചകൂടി നിങ്ങള്‍ക്ക്‌. എന്ന്‌ പറയുമ്പോള്‍ ഓഗസ്റ്റ്‌ എട്ടിന്‌ ആയാലോ?`.

ഞങ്ങള്‍ അരമണിക്കൂര്‍കൊണ്ട്‌ നാലാഴ്‌ചത്തെ ട്രിപ്പിലെ ദിവസങ്ങള്‍ വിഭജിച്ചു. നീന കലണ്ടറില്‍ എന്‍റെ വീട്ടില്‍ നില്‍ക്കുന്ന ദിവസങ്ങള്‍ ചുവപ്പ്‌ ഹൈലൈറ്റര്‍ കൊണ്ടും, നീനയുടെ വീട്ടില്‍ നില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ദിവസങ്ങള്‍ അവളുടെ ഇഷ്ടനിറമായ `നീല' ഹൈലൈറ്റര്‍ കൊണ്ടും മാര്‍ക്ക്‌ ചെയ്‌തു `തോമ്മാച്ചനെങ്കില്‍, തോമ്മാച്ചന്‍. ടിക്കറ്റ്‌ ഇന്നുതന്നെ എടുത്തേക്കാം`.

രാത്രിയായപ്പോഴയ്‌ക്കും തോമ്മാച്ചന്‍ ടിക്കറ്റ്‌ കണ്‍ഫേം ചെയ്‌തു, ആദ്യ കടമ്പ കഴിഞ്ഞിരിയ്‌ക്കുന്നു.

`ഞാന്‍ പപ്പയെ ഒന്നു വിളിക്കട്ടെ. ഡേറ്റ്‌സ്‌ പറഞ്ഞേക്കാം`.

`ഹലോ പപ്പാ, ഞാനാ. ഞങ്ങളുടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു, ജൂലൈ പന്ത്രണ്ടിന്‌ അവിടെയെത്തും. എനിക്ക്‌ രണ്ടാഴ്‌ചയേയുള്ളു. നീനയും പിള്ളാരും രണ്ടാഴ്‌ചകൂടി കാണും. ഇപ്രാവശ്യം അധികം യാത്രയൊന്നും വേണ്ട. ഞങ്ങള്‍ ഡീറ്റെയില്‍ഡ്‌ ആയിട്ട്‌ ഒന്നു പ്ലാന്‍ ചെയ്‌തിട്ടുണ്ട്‌. ഞാനത്‌ പപ്പയ്‌ക്ക്‌ ഇമെയില്‍ ചെയ്യാം. ഞങ്ങള്‍ കോട്ടയത്ത്‌ ഏതൊക്കെ ദിവസമുണ്ടെന്ന്‌ അിറഞ്ഞാല്‍ പപ്പയ്‌ക്കും, മമ്മിയ്‌ക്കും സൗകര്യമാവുമല്ലോ`.

`നീ പ്ലാനൊന്നും അയക്കണ്ട. അതൊക്കെ ഞങ്ങള്‍ പ്ലാന്‍ ചെയ്‌തോളാം. നിനക്ക്‌ യാത്ര ചെയ്യേണ്ടങ്കില്‍ വേണ്ട. നീ പോയിട്ട്‌ ഞങ്ങള്‍ നീനയേയും പിള്ളേരേം കൂട്ടി എല്ലായിടത്തും പൊയ്‌ക്കോളാം. തൃശ്ശുരെ അമ്മച്ചിക്ക്‌ നല്ല ക്ഷീണമാണ്‌. കുട്ടികളെ ഒന്ന്‌ കാണിക്കണം. പിന്നെ തിരുവനന്തപുരത്ത്‌ എല്ലാ വീടുകളിലും ഒന്നു കയറണം. നെടുമ്പാശ്ശേരിയില്‍ നിന്ന്‌ നേരെ ഇങ്ങോട്ട്‌ പോരണം. പന്ത്രണ്ടിനല്ലേ? അന്നിവിടെ കുടുംബ യൂണിറ്റിന്റെ പ്രാര്‍ത്ഥന ഉണ്ട്‌. പിന്നെ പതിനാറിനാണ്‌ കരോട്ടെ വീട്ടിലെ വീട്‌ വെഞ്ചരിപ്പ'

ഹാന്‍ഡ്‌സെറ്റിലെ സ്‌പീക്കര്‍ ഓഫ്‌ ചെയ്‌ത്‌, ഞാന്‍ ഫോണ്‍ ചെവിയോടടുപ്പിച്ചു. നീന നീലമഷികൊണ്ട്‌ ഹൈലൈറ്റ്‌ ചെയ്‌ത തീയതികളുടെ മുകളിലൂടെ ചുവന്ന ഹൈലൈറ്ററുകൊണ്ട്‌ വരയ്‌ക്കുന്നു. `പപ്പ പറഞ്ഞുകൊണ്ടേയിരുന്നു' ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ നാലാഴ്‌ചത്തെ ഞങ്ങളുടെ കാര്യപരിപാടികള്‍..!!

കടപ്പാട് : മലയാളി  മാഗസിൻ
ചാക്കോസ്‌ @ 5018 ചെസ്റ്റ്‌നട്ട്‌ അവന്യൂ ഡോട്ട്‌കോം (ജെയിന്‍ ജോസഫ്‌)
Join WhatsApp News
വിദ്യാധരൻ 2015-08-26 08:37:55
ഒഴുക്കും ശക്തിയും സമുചിതത്വവുമുള്ള വാഗ്പ്രയോഗം. ആശയം പൂർണ്ണമായി വായനക്കാരിൽ എത്തിക്കാൻ കഴിയുന്ന തരത്തിലുള്ള ഹൃസ്വമായ സംഭാഷണ ശൈലി..  ചുറ്റുപാടുകളിൽ കണ്ടും കെട്ടും പരിചയമുള്ള കഥാപാത്രങ്ങൾ.   വായനക്കാരുടെ അനുഭവങ്ങളുമായി എവിടെയൊക്കയോ താതാത്മ്യപ്പെടുന്നു .എഴുത്തുകാർ സൂഷ്മ നിരീക്ഷകർ കൂടി ആകുമ്പോൾ എഴുത്തും വിജയിക്കും .  നന്നായിരിക്കുന്നു. അഭിനന്ദനം 
Antony Kanappilly 2015-10-19 11:17:00
Hi Jain,
Good one. 
I am just wondering couple of years ago i read a short story 'Ration kada' , I am not sure where did I read it online. Is that you written that short ? If yes, could you please give me the link of that short story?

Thanks a lot.
-Antony


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക