Image

അര്‍ധനഗ്ന നൃത്തം: പോലീസ് കേസെടുത്തു

Published on 12 January, 2012
അര്‍ധനഗ്ന നൃത്തം: പോലീസ് കേസെടുത്തു
പോര്‍ട്ട്‌ബ്ലെയര്‍: വിനോദ സഞ്ചാരികള്‍ക്കുവേണ്ടി ആന്‍ഡമാനിലെ ഗോത്രവര്‍ഗ്ഗ സ്ത്രീകളെ അര്‍ധനഗ്ന നൃത്തംചെയ്യിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. നൃത്തം വീഡിയോയില്‍ പകര്‍ത്തിയതിനും വീഡിയോ പുറത്തുവിട്ടതിനുമാണ് കേസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. വീഡിയോ പുറത്തുവിട്ടവരെ കണ്ടെത്താന്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായം തേടി.

സംരക്ഷിത വനമേഖലയായ ജറാവയില്‍ വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ നൃത്തം ചെയ്യാന്‍ പോലീസുകാരാണ് ഗോത്രവര്‍ഗ സ്ത്രീകളെ നിര്‍ബന്ധിച്ചതെന്ന് ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പത്രവും ഒബ്‌സര്‍വര്‍ വാരികയും റിപ്പോര്‍ട്ടു ചെയ്തിരുന്നു. വീഡിയോ ദൃശ്യവും ആദ്യമായി പുറത്തുവിട്ടത് ഈ ബ്രിട്ടീഷ് മാധ്യമങ്ങളാണ്. 200പൗണ്ട് വാങ്ങിയാണ് പോലീസുകാര്‍ ഇതിന് ഒത്താശ ചെയ്തതെന്നും ഭക്ഷണത്തിനുവേണ്ടിയാണ് ഗോത്ര വര്‍ഗക്കാര്‍ ഇതിന് വഴങ്ങിയതെന്നുമാണ് ആരോപണം.

ഗോത്രവര്‍ഗ വനിതകളെ നൃത്തത്തിന് നിര്‍ബന്ധിച്ച വിവരം ആദ്യമായി പുറത്തുവിട്ടത് സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയാണ്. ജറാവ ഗോത്രവര്‍ഗക്കാരുടെ പ്രദേശംവഴി അനധികൃത പാതയുണ്ടാക്കി വിനോദസഞ്ചാരികള്‍ കടന്നുവരുന്നതായും വാര്‍ത്ത പുറത്തുവന്നിരുന്നു. മധുരപലഹാരങ്ങളും ബിസ്‌ക്കറ്റുകളും നല്‍കി ജറാവ വനിതകളെ സ്വാധീനിച്ച് നൃത്തം ചെയ്യിക്കുന്നതായി കഴിഞ്ഞ വര്‍ഷം ജനവരിയില്‍ ഒബ്‌സര്‍വറും വാര്‍ത്ത പുറത്തു വിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക