Image

ലോഹം; ലാല്‍ ഫാന്‍സിന്‌ വേണ്ടി മാത്രം

ജയമോഹനന്‍ എം Published on 21 August, 2015
ലോഹം; ലാല്‍ ഫാന്‍സിന്‌ വേണ്ടി മാത്രം
രഞ്‌ജിത്തും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നുന്നതും, വീണ്ടുമൊരു രഞ്‌ജിത്ത്‌ കൊമേഴ്‌സ്യല്‍ സിനിമയെന്നതും ലോഹത്തെക്കുറിച്ച്‌ പ്രേക്ഷകരുടെ വമ്പന്‍ പ്രതീക്ഷയായിരുന്നു. ലോഹത്തിന്റെ സ്റ്റൈലന്‍ ടീസറും, ട്രെയിലറുമൊക്കെ കണ്ട്‌ ദേവാസുരവും, ആറാം തമ്പൂരാനും, നരസിംഹവും പ്രതീക്ഷിച്ച്‌ തീയറ്ററുകളിലെത്തിയവര്‍ പ്രതീക്ഷകള്‍ക്കൊത്ത്‌ സിനിമയെത്തുന്നത്‌ കണ്ടതേയില്ല. മറിച്ച്‌ അവിടെയും ഇവിടെയുമായി ചില മിന്നലുകള്‍, തീപ്പൊരികള്‍. അതിനപ്പുറം ലോഹമെന്നത്‌ തിളങ്ങാതെ പോകുന്ന മെറ്റലാകുന്നു. പിന്നെ കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക്‌ ആശ്വാസമാണ്‌ ലോഹം.

രണ്ടിടത്താണ്‌ രഞ്‌ജിത്തിന്‌ പിഴച്ചത്‌. ഏറെ നാളുകള്‍ക്ക്‌ ശേഷം കച്ചവട സിനിമയിലേക്ക്‌ ഒരു രണ്ടാം വരവിന്‌ ശ്രമിച്ചിടത്ത്‌ ആദ്യത്തെ പിഴവ്‌.

രണ്ടാമത്‌ ന്യൂജെന്‍ പിള്ളാരുടെ സ്റ്റൈല്‍ തിരക്കഥയുമായി ഇറങ്ങാന്‍ ശ്രമിച്ചത്‌.

ഇതു രണ്ടും രഞ്‌ജിത്തിന്‌ തിരച്ചടിയായി എന്നു തന്നെ പറയേണ്ടി വരും. ഒരു കാലത്ത്‌ മലയാള കച്ചവട സിനിമയുടെ തമ്പുരാനായ രഞ്‌ജിത്ത്‌ അവിടെ നിന്നും പടിയിറങ്ങി പ്രാഞ്ചിയേട്ടനും, തിരക്കഥയും, പലേരി മാണിക്യവും പോലെയുള്ള സിനിമകള്‍ ചെയ്‌ത്‌ മലയാള സിനിമയെ സമ്പന്നമാക്കുകയായിരുന്നു. ഇനി പഴയ ചേരുവകളിലേക്ക്‌ മടങ്ങില്ലെന്ന്‌ രഞ്‌ജിത്ത്‌ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിനായിരുന്നു ഈ മടക്കം. രഞ്‌ജിത്ത്‌ ഇരുത്തി ആലോചിക്കുന്നത്‌ നന്നായിരിക്കും. ഇനി ഒരു ന്യൂജെന്‍ ത്രില്ലര്‍ സിനിമ ഒരുക്കാനാണ്‌ രഞ്‌ജിത്ത്‌ ആഗ്രഹിച്ചിരുന്നതെങ്കില്‍ കുറഞ്ഞപക്ഷം പിള്ളാര്‌ പിടിക്കുന്ന പടത്തിന്റെ ട്രാക്കെങ്കിലും മാറ്റിപ്പിടിക്കണമായിരുന്നു. താങ്കള്‍ വിചാരിച്ചിരുന്നെങ്കില്‍ അതിന്‌ കഴിയുകയും ചെയ്യുമായിരുന്നു.

കേരളത്തില്‍ സമീപകാലത്ത്‌ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സ്വര്‍ണ്ണക്കടത്തിന്റെ പിന്നാമ്പുറങ്ങളിലേക്കാണ്‌ ലോഹം എന്ന സിനിമയുമായി രഞ്‌ജിത്ത്‌ പോകുന്നത്‌. ലോഹമെന്നാല്‍ സാക്ഷാല്‍ മഞ്ഞ ലോഹം. ഗോള്‍ഡ്‌. ഗള്‍ഫില്‍ നിന്നും നൂറു കിലോ സ്വര്‍ണ്ണം കേരളത്തിലേക്ക്‌ കടത്തുന്ന ഒരു മാഫീയ ഗ്രൂപ്പിന്‌ ഈ സ്വര്‍ണ്ണം പാതി വഴിയില്‍ കൈമോശം വരുന്നു. പിന്നീട്‌ അതിനായുള്ള അന്വേഷണത്തിന്‌ അവര്‍ ശ്രമിക്കുമ്പോള്‍ ഇടയിലെത്തുന്നത്‌ രാജീവ്‌ സത്യമൂര്‍ത്തി എന്ന പോലീസ്‌ ഓഫീസറാണ്‌. എന്നാല്‍ സാക്ഷാല്‍ രാജീവ്‌ സത്യമൂര്‍ത്തി ആരാണ്‌ എന്നത്‌ ഒരു സസ്‌പെന്‍സാണ്‌. ആ സസ്‌പെന്‍സിലാണ്‌ സിനിമയുടെ നിലനില്‍പ്പ്‌. സ്‌പോയിലര്‍ ആകുമെന്നതിനാല്‍ അതിനെക്കുറിച്ച്‌ കൂടുതല്‍ പോകുന്നതേയില്ല.

ജയന്തി രമേശ്‌ എന്ന മുംബൈ മലയാളി കേരളത്തിലേക്ക്‌ എത്തുന്നതോടെയാണ്‌ രാജു എന്ന ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ എത്തുന്നത്‌. തുടര്‍ന്നങ്ങോട്ട്‌ ടാക്‌സി ഡ്രൈവറായി സ്ഥിരം ലളിതാ സുന്ദര ഭാവങ്ങളില്‍ ലാല്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. എന്നാല്‍ സിനിമയുടെ ഇന്റര്‍വെല്‍ പഞ്ച്‌ ലാലിന്റെ കിടിലന്‍ ഭാവമാറ്റത്തോടെയാണ്‌. ലാലിന്‌ മാത്രം സാധ്യമാകുന്ന അടിപൊളി പഞ്ച്‌ ഡയലോഗുകളും ആക്ഷന്‍ സ്വീക്കന്‍സുകളുമായി ഇന്റര്‍വെലില്‍ സിനിമ പ്രേക്ഷകരെ ഹരം കൊള്ളിക്കും. എന്നാല്‍ രണ്ടാം പകുതിയിലേക്ക്‌ ഈ ത്രില്ലിംഗ്‌ എടുത്തു പകര്‍ത്താന്‍ രഞ്‌ജിത്തിന്‌ കഴിയാതെ പോകുന്നു.

ത്രില്ലടിപ്പിക്കാതെ വഴിത്തിരിവുകളും അമ്പരപ്പോ ആകാംക്ഷയോ തോന്നിപ്പിക്കാത്ത തിരക്കഥയുമായിരുന്നു ലോഹത്തിന്റെ പ്രധാന മൈനസ്‌ മാര്‍ക്ക്‌. അതിനുള്ളില്‍ നിന്ന്‌ മോഹന്‍ലാല്‍ പരാമാവധി വര്‍ക്ക്‌ ചെയ്യുന്നു എന്നത്‌ മാത്രമാണ്‌ ഒരേയൊരു ആശ്വാസം. എന്നാല്‍ സ്വര്‍ണ്ണക്കടത്തിനായി മാഫിയകള്‍ സ്വീകരിക്കുന്ന വഴികള്‍ വളരെ വിചിത്രമാണ്‌ എന്നത്‌ ഏറെ അമ്പരപ്പിക്കുന്ന വസ്‌തുത തന്നെയാണ്‌.

ഗള്‍ഫിലുള്ള സാധാരണക്കാരനായ ഒരു തൊഴിലാളിയെ കൊലപ്പെടുത്തുകയും അതൊരു അപകട മരണമായി വരുത്തി തീര്‍ക്കുകയും പിന്നീട്‌ അയാളുടെ മൃതദേഹം കൊണ്ടു വരുന്ന ശവപ്പെട്ടിയില്‍ നൂറു കിലോ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌മഗ്‌ളിംഗ്‌ ബുദ്ധി വെറുമൊരു സിനിമാക്കഥ മാത്രമല്ല കഥയെ വെല്ലുന്ന ഒറിജിനാലിറ്റിയുള്ള യഥാര്‍ഥ്യമാണ്‌ എന്നത്‌ സത്യം. എന്നാല്‍ താന്‍ തിരഞ്ഞെടുത്ത പ്ലോട്ടിന്‌ സൗന്ദര്യമുള്ള തിരക്കഥയിലേക്ക്‌ ആവാഹിക്കാന്‍ രഞ്‌ജിത്തിന്‌ കഴിയാതെ പോയിടത്താണ്‌ സിനിമ വേണ്ടത്‌ പോലെ പ്രേക്ഷകരെ ഹരം കൊള്ളിക്കാതെ പോകുന്നത്‌.

രസിപ്പിക്കുന്ന ഒരേയൊരു കാര്യം യുവതാരം സൗബിന്റെ കൊച്ചിക്കാരന്റെ ചട്ടമ്പിയുടെ കഥാപാത്രമാണ്‌. ലാലിനൊപ്പം രസികന്‍ പ്രകടനം ചുരുക്കും സീനുകളില്‍ മാത്രമായിട്ടെത്തിയ സൗബിന്‍ കാഴ്‌ചവെക്കുന്നു. എന്നാല്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും ലോഹത്തില്‍ പ്രേക്ഷകനിലേക്ക്‌ വേണ്ടവിധം എത്താതെ പോകുന്നവയാണ്‌. സുരേഷ്‌ കൃഷ്‌ണയുടെയും, ജോയ്‌ മാത്യുവിന്റെയും കഥാപാത്രങ്ങള്‍ വരുകയും പോകുകയും ചെയ്യുന്നതല്ലാതെ അവരുടെ റോള്‍ എന്താണ്‌ എന്നു പോലും പ്രേക്ഷകര്‍ക്ക്‌ വ്യക്തമാകുന്നില്ല.

ഏറ്റവും ദയനീയമായി തോന്നിയത്‌ ആന്‍ഡ്രിയയുടെ ജയന്തി രമേഷിന്റെ കഥാപാത്രമാണ്‌. യാതൊന്നും ചെയ്യാനില്ലാതെ ഈ നായികാ കഥാപാത്രം രഞ്‌ജിത്ത്‌ സിനിമയിലെ അധികപറ്റ്‌ തന്നെയായി. എന്നിട്ടും ഈ നടിയെക്കൊണ്ട്‌ കുറെ രംഗങ്ങള്‍ സൃഷ്‌ടിച്ചിരിക്കുന്നത്‌ അതിലേറെ ബോറാണ്‌.

എന്നും ഡയലോഗുകളുടെ തമ്പുരാനായ രഞ്‌ജിത്തിന്‌ എന്നാല്‍ ലോഹത്തില്‍ പിഴച്ചു പോകുന്നത്‌ കാണാം. അസ്ഥാനത്ത്‌ കയറി വരുന്ന ഫിലോസഫി ഡയലോഗുകള്‍ അരോചകമാണ്‌. മത്രമല്ല ന്യൂജെന്‍ സിനിമകളില്‍ അപ്രത്യക്ഷമായ വമ്പന്‍ ഡയലോഗുകള്‍ രഞ്‌ജിത്ത്‌ അവിടെയും ഇവിടെയുമായി പ്രയോഗിക്കുമ്പോള്‍ അതൊന്നും ഏല്‍ക്കാതെ പോകുന്നതും കാണാം.

എന്തായാലും രഞ്‌ജിത്ത്‌ ഒന്ന്‌ ഇരുത്തിയാലോചക്കുന്നത്‌ നന്നായിരിക്കും. ഈ തിരിച്ചു മടക്കം ഒരു ആവശ്യമായിരുന്നോ എന്ന്‌. ആവശ്യമില്ലായിരുന്നു എന്ന്‌ ബോധ്യപ്പെട്ടാല്‍ പ്രാഞ്ചിയേട്ടന്‍ പോലെയുള്ള മികച്ച സിനിമകളുമായി നമുക്കിടയിലേക്ക്‌ തിരിച്ചെത്തുക. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌ താങ്കളുടെ സൗന്ദര്യമുള്ള സിനിമകളാണ്‌.
ലോഹം; ലാല്‍ ഫാന്‍സിന്‌ വേണ്ടി മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക