Image

ഫോമ കേരള കണ്‍വന്‍ഷന്‍ പരിപാടികള്‍

Published on 11 January, 2012
ഫോമ കേരള കണ്‍വന്‍ഷന്‍ പരിപാടികള്‍
ജനുവരി 14ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ഫോമയുടെ മദര്‍ലാന്‍ഡ് കണ്‍വന്‍ഷന്റെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ് തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബ്രിഡ്ജിങ് ഓഫ് ദ് മൈന്‍ഡ്‌സ്, മലയാളത്തിന് ഒരുപിടി ഡോളര്‍, ഐ ഫോര്‍ ദ് ബ്ലൈന്‍ഡ്, ഭവനനിര്‍മാണ പദ്ധതി തുടങ്ങി കേരളത്തിനു പ്രയോജന പ്രദങ്ങളായ ഒരുപിടി പദ്ധതികളുമായാണ് ഫോമ നാട്ടിലേക്കു വരുന്നത്- ബേബി ഊരാളില്‍ പറഞ്ഞു.

14ന് രാവിലെ പത്തരയ്ക്ക് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ഫോമ കേരള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും . കേന്ദ്ര സഹമന്ത്രി കെ.വി തോമസ് മുഖ്യാതിഥിയായിരിക്കും. കേരള ധനകാര്യമന്ത്രി കെ.എം മാണി അധ്യക്ഷത വഹിക്കും. കേരള കണ്‍വന്‍ഷന്റെ ചുമതലയുളള ഫോമ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി ആമുഖ പ്രസംഗം നടത്തും. പ്രസിഡന്റ് ഊരാളില്‍ സ്വാഗതമാശംസിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എന്നിവര്‍ പ്രസംഗിക്കും.

ആന്റോ ആന്റണി എംപി., മുന്‍ മന്ത്രിമാരായ എം. വിജയകുമാര്‍, എന്‍.കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ്, വി.ഡി സതീശന്‍, രാജു ഏബ്രഹാം, മുന്‍ എംഎല്‍എ എം.മുരളി, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ എന്നിവര്‍ ആശംസകള്‍ നേരും.

11.30ന് ബ്രിഡ്ജിങ് ഓഫ് ദ് മൈന്‍ഡ് പദ്ധതിയുടെ ഭാഗമായി മൂന്നു സെഷനുകളായി പാനല്‍ ചര്‍ച്ച. ടി.പി ശ്രീനിവാസന്‍ മോഡറേറ്ററായിരിക്കും. വി.ഡി സതീശന്‍ എംഎല്‍എ, ഡോ. പ്രേം നായര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍ എന്നിവര്‍ പങ്കെടുക്കും. അമേരിക്കയിലെ പ്രശസ്ത വെയിസ്റ്റ് മാനേജ്‌മെന്റ് വിദഗ്ധനായ റോസ് പ്രോട്ടോ നൂതന മാലിന്യ നിര്‍മാര്‍ജന രീതികളെക്കുറിച്ച് വിശദീകരിക്കും.

വൈകുന്നേരം മൂന്നിന് എക്‌സൈസ് മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരിക്കും. ബെന്നി ബഹനാന്‍ എംഎല്‍എ സന്നിഹിതനായിരിക്കും. തുടര്‍ന്ന് മലയാളത്തിന് ഒരുപിടി ഡോളര്‍ പദ്ധതിയുടെ ഭാഗമായ സ്‌കോളര്‍ഷിപ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ബിഎ, എംഎ, ജേര്‍ണലിസം കോഴ്‌സുകളില്‍ മലയാളത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കും. മനോരമ ഓണ്‍ലൈനുമായി സഹകരിച്ചാണ് ഈ പരിപാടി. മനോരമ ഓണ്‍ലൈന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ മറിയം മാമ്മന്‍ മാത്യു, സീനിയര്‍ ഓണ്‍ലൈന്‍ കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് എന്നിവര്‍ സംബന്ധിക്കും.

വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി പി.ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. പി.ജെ കുര്യന്‍ എം.പി, സി.എഫ് തോമസ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, തോമസ് ഉണ്ണിയാടന്‍ എംഎല്‍എ, സിനിമാ സംവിധായകരായ ബ്ലെസി, ജോണി ആന്റണി, ഗായകന്‍ ജി. വേണുഗോപാല്‍, മുന്‍ എംഎല്‍എമാരായ തോമസ് ചാഴിക്കാടന്‍, വി.എന്‍ വാസവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.

ഏഴു മണിക്ക് നടി ലക്ഷ്മി ഗോപാല സ്വാമിയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി.

ഫോമ ജോ. ട്രഷറര്‍ ഐപ് മാരേട്ട്, നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ രാജു വര്‍ഗീസ്, അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി ഈശോ സാം ഉമ്മന്‍, ഫോമ രാജ്യാന്തര കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സജി ഏബ്രഹാം, ഷിക്കാഗോ റീജനല്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര, ജോണ്‍ മാത്യു(ലാസ്‌വെഗാസ്), പീറ്റ് ഊരാളില്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക